Quantcast

ട്രംപിന് നേരെ നടന്നത് വധശ്രമമെന്ന് എഫ്ബിഐ: പിടിയിലായ റയാൻ കടുത്ത ട്രംപ് വിമർശകൻ ; കൂടുതൽ വിവരങ്ങൾ പുറത്ത്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒൻപത് ആഴ്ചകൾ മാത്രം ശേഷിക്കെയാണ് ട്രംപിന് നേരെ വീണ്ടും വധശ്രമമുണ്ടാകുന്നത്

MediaOne Logo

Web Desk

  • Updated:

    2024-09-16 05:17:08.0

Published:

16 Sep 2024 5:08 AM GMT

Ryan Routh
X

വാഷിങ്ടണ്‍: ഗോള്‍ഫ് കളിക്കുന്നതിനിടെ യുഎസ് മുന്‍ പ്രസിഡന്റും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണാള്‍ഡ് ട്രംപിനു നേരെ നടന്നത് വധശ്രമമെന്ന് എഫ്ബിഐ. ഇയാള്‍ ട്രംപിന്റെ കടുത്ത വിമര്‍ശകനും യുക്രൈന്‍ അനുകൂലിയുമാണ്.

യുക്രൈനിലേക്ക് പോകാനും അവിടെ സന്നദ്ധ സേവനം നടത്തി മരിക്കാനും തയ്യാറാണെന്ന് ഇയാള്‍ എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒൻപത് ആഴ്ചകൾ മാത്രം ശേഷിക്കെയാണ് ട്രംപിന് നേരെ വീണ്ടും വധശ്രമമുണ്ടാകുന്നത്.

ഡോണാൾഡ് ട്രംപ് ഗോൾഫ് കളിക്കുന്നതിന് സമീപമാണ് വെടിവയ്പ് നടന്നത്. ഫ്ലോറിഡ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബിനു സമീപം പ്രദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ട്രംപിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഗോൾഫ് കോഴ്സ് പാതി അടച്ചിരുന്നു. തോക്കുമായി മറഞ്ഞിരുന്ന പ്രതി, വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണത്തില്‍ ട്രംപിന് വെടിയേൽക്കുകയോ പരുക്കേൽക്കുകയോ ചെയ്‌തിട്ടിട്ടില്ല. താൻ സുരക്ഷിതാണെന്ന് സംഭവത്തിന് ശേഷം ട്രംപ് സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചു. താൻ ഒരിക്കലും കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

രണ്ടാം തവണയാണ് ട്രംപിന് നേരെ വെടിവയ്പ്പ് ഉണ്ടാകുന്നത്. നേരത്തെ ജൂലൈ 13ന് പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന റാലിക്കിടെ ട്രംപിന് നേരെയുണ്ടായ ആക്രമണത്തിൽ അദ്ദേഹത്തിന്റെ ചെവിക്ക് പരുക്കേറ്റിരുന്നു.

അതേസമയം 58കാരനായ റയാന്‍ വെസ്ലി സ്വയംതൊഴില്‍ ചെയ്യുന്ന ബില്‍ഡറാണെന്നും സാമൂഹിക മാധ്യമങ്ങളില്‍ ട്രംപിനെ പലതവണ വിമര്‍ശിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കാലിക രാഷ്ട്രീയ വിഷയങ്ങളില്‍ ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കാറുണ്ട്. പൊലീസിനെ അക്രമിച്ചതടക്കം മുന്‍പ് പല കേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

നോർത്ത് കരോളിന നിവാസിയായ റയാൻ വെസ്ലി റൂത്ത്, നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയാണ്. വർഷങ്ങളായി ഡെമോക്രാറ്റ് പാർട്ടിയെ പിന്തുണച്ചിരുന്ന റയാൻ, റിപ്പബ്ലിക്കൻ പ്രൈമറികളിൽ ട്രംപിനെതിരെ മത്സരിച്ചിരുന്ന വിവേക് രാമസ്വാമിയെയും നിക്കി ഹേലിക്കും വേണ്ടി നിലകൊണ്ടിരുന്നു.

അതേസമയം ആരോപണങ്ങളെല്ലാം നിഷേധിച്ച് റയാൻ വെസ്ലിയുടെ മൂത്തമകൻ ഒറാൻ, രംഗത്തെത്തി. "സ്നേഹവും കരുതലുമുള്ള പിതാവാണെന്നും അയാള്‍ സത്യസന്ധനും കഠിനാധ്വാനിയുമാണെന്നാണ് ഒറാൻ വ്യക്തമാക്കുന്നത്. “ഫ്ലോറിഡയിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, കാര്യങ്ങള്‍ ഞങ്ങള്‍ കരുതുന്നത് പോലെയുമല്ല ഇപ്പോള്‍ നടക്കുന്നത്. ഭ്രാന്തമായ ഒന്നും ചെയ്യാൻ അറിയാവുന്ന മനുഷ്യനെപ്പോലെ അച്ഛനെ തോന്നുന്നില്ലെന്നും മകന്‍ സിഎന്‍എന്നിനോട് പറഞ്ഞു.

TAGS :

Next Story