Quantcast

ഹനിയ്യ വധം: തിരിച്ചടി ഭയന്ന് യു.എസിനോടും യൂറോപ്യൻ രാജ്യങ്ങളോടും സഹായം തേടി ഇസ്രായേൽ

ഹനിയ്യയുടെ കൊലപാതത്തിൽ തിരിച്ചടിയിൽ നിന്ന് പിറകോട്ടില്ലെന്നാവർത്തിക്കുകയാണ് ഇറാൻ.

MediaOne Logo

Web Desk

  • Updated:

    2024-08-05 03:20:22.0

Published:

5 Aug 2024 1:24 AM GMT

Fearing Backlash, Israel Seeks Help From US, European Countries over Haniya Assassination
X

തെഹ്റാൻ: ഹമാസ്​ രാഷ്ട്രീയകാര്യ സമിതി നേതാവ്​ ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ, തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയിൽ ഇസ്രായേൽ. പ്രതിരോധ സഹായവും പിന്തുണയും വേണമെന്ന്​ അമേരിക്കയോടും യൂറോപ്യൻ രാജ്യങ്ങളോടും ഇസ്രായേൽ ആവശ്യപ്പെട്ടു.

ഹനിയ്യയുടെ കൊലപാതത്തിൽ തിരിച്ചടിയിൽ നിന്ന് പിറകോട്ടില്ലെന്നാവർത്തിക്കുകയാണ് ഇറാൻ. തെഹ്റാനിൽ നടന്നത് രാജ്യത്തിന്റെ പരമാധികാരം മറികടന്നുള്ള ആക്രമണമാണെന്നാണ് വിലയിരുത്തൽ. ഇസ്രായേലിനെതിരായ നീക്കം ഉപേക്ഷിക്കണമെന്ന മധ്യസ്ഥരാജ്യങ്ങൾ മുഖേനയുള്ള അമേരിക്കൻ അഭ്യർഥനയും ഇറാൻ തള്ളി.

ഹിസ്ബുല്ലയും ഹൂതികളും ഹമാസും ചേർന്നുള്ള സംയുക്ത പ്രത്യാക്രമണ സാധ്യതയും ഇസ്രായേൽ പ്രതീക്ഷിക്കുന്നുണ്ട്. നെതന്യാഹു ഉൾപ്പെടെയുള്ള നേതാക്കളുടെ സുരക്ഷയ്ക്കായി ഭൂഗർഭ അറകൾ ഒരുക്കിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. തെൽ അവീവിൽ ഉൾപ്പെടെ ജി.പി.എസ്​ സംവിധാനത്തിനു വരെ വിലക്ക്​ ഏർപ്പെടുത്തി.

ലബനാൻ അതിർത്തി മേഖലകളിലെ ജനങ്ങളോട്​ പുറത്തിറങ്ങരുതെന്നും സൈന്യം ആവശ്യപ്പെട്ടു. ലബനാനിൽ നിന്ന് കൂടുതൽ രാജ്യങ്ങൾ പൗരന്മാരെ ഒഴിപ്പിച്ചു തുടങ്ങി. അടിയന്തരമായി ലബനാൻ വിടാൻ അമേരിക്കയ്ക്കു പിന്നാലെ ബ്രിട്ടനും തുർക്കിയും തങ്ങളുടെ പൗരൻമാരോട്​ ആവശ്യപ്പെട്ടു.

വെസ്റ്റ്​ ബാങ്കും കനത്ത സുരക്ഷയിലാണ്. സൈനിക കമാണ്ടർ ഫുആദ്​ ഷുകറിനെ ബെയ്റൂത്തിൽ കൊലപ്പെടുത്തിയ ഇസ്രായേലിനോട്​ പ്രതികാരം ചെയ്യുമെന്ന്​ ഹിസ്ബുല്ലയും വ്യക്തമാക്കിയിട്ടുണ്ട്​. ഇന്നലെയും നിരവധി മിസൈലുകളാണ്​ ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഹിസ്ബുല്ല അയച്ചത്.

ഇറാനെ പ്രതിരോധിക്കാൻ ഇസ്രായേലിന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കൂടുതൽ സൈനിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനിടെ, ഗസ്സയിൽ ശൈഖ് റദ്‍വാനിലെ സ്കൂളിനു നേരെയും അൽ അഖ്സ മാർട്ടിയേഴ്സ് ആശുപത്രിക്കു നേരെയും ഇസ്രായേൽ ആക്രമണം ഉണ്ടായി. മൂന്നു പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

TAGS :

Next Story