Quantcast

11 ദിവസം കൊണ്ട് ഇസ്രായേൽ ബോംബിട്ടു തകർത്തത് 50 സ്‌കൂളുകൾ

പൊലിഞ്ഞത് ഗസ്സയിലെ കുട്ടികളുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങളും; 41,897 വിദ്യാർത്ഥികളെ ആക്രമണം നേരിട്ടു ബാധിച്ചു

MediaOne Logo

Web Desk

  • Published:

    22 May 2021 11:42 AM GMT

11 ദിവസം കൊണ്ട് ഇസ്രായേൽ ബോംബിട്ടു തകർത്തത് 50 സ്‌കൂളുകൾ
X

പതിനൊന്നു ദിവസം കൊണ്ട് ഇസ്രായേൽ ഗസ്സയിൽ സൃഷ്ടിച്ച നാശനഷ്ടങ്ങൾ എണ്ണിത്തിട്ടപ്പെടുത്താനാകാത്തതാണ്. വെടിനിർത്തലോടെ ഗസ്സക്കാരുടെ ദുരിതത്തിന് താൽക്കാലിക ശമനമായെങ്കിലും ആക്രമണം വരുത്തിവച്ച നഷ്ടങ്ങളിൽനിന്ന് അത്ര പെട്ടെന്നൊന്നും ഗസ്സയ്ക്ക് കരകയറാനാകില്ല. 66 കുട്ടികളും 36 സ്ത്രീകളുമടക്കം 243 പേരുടെ ജീവൻ നഷ്ടപ്പെട്ടത് ഒരുഭാഗത്ത്. എന്നാൽ, ഗസ്സ മൊത്തത്തില്‍ ആശ്രയിച്ചിരുന്ന ആരോഗ്യകേന്ദ്രങ്ങൾ, കുടിവെള്ള, വൈദ്യുതി വിതരണ മാർഗങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ആയിരക്കണക്കിനു പേർ തിങ്ങിത്താമസിച്ചിരുന്ന വീടുകൾ, ഫ്‌ളാറ്റുകൾ എല്ലാം അവശിഷ്ടങ്ങളായി മാറിയിട്ടുണ്ട്.

ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം 50 സ്‌കൂളുകൾ ഇസ്രായേൽ ബോംബിട്ടു തകർത്തിട്ടുണ്ടെന്നതാണ്. ആയിരക്കണക്കിനു കുട്ടികളുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങൾ തകർത്തുകൊണ്ടാണ് ഗസ്സ മുനമ്പിലെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കുനേരെ ഇസ്രായേൽ ബോംബിട്ടത്. 41,897 കുട്ടികളെയാണ് ഇത് ബാധിച്ചിരിക്കുന്നതെന്ന് കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര എൻജിഒയായ 'സേവ് ദ് ചിൽഡ്രൻ' റിപ്പോർട്ട് ചെയ്യുന്നു.

ഇതോടൊപ്പം 50,000ത്തോളം പേർ ഇസ്രായേൽ ആക്രമണത്തിൽ ഭവനരഹിതരായിട്ടുണ്ട്. ബാക്കിയുള്ള സ്‌കൂളുകളിൽ ആരംഭിച്ച താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലാണ് ഇവർ ഇപ്പോൾ കഴിയുന്നതെന്ന് യുഎൻ അഭയാർത്ഥി സമിതി പറയുന്നു. ഇതിനാൽ, ഈ സ്‌കൂളുകളിലും അധ്യയനം നിർത്തിവച്ചിരിക്കുകയാണ്.


ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ 500ഓളം കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സൈനിക ഭീകരത മേഖലയിലെ മിക്ക കുട്ടികളെയും മാനസികമായി തകർത്തിട്ടുണ്ട്. പലരും മാനസിക പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് ഇവിടെ പ്രവർത്തിക്കുന്ന വിവിധ അന്താരാഷ്ട്ര സന്നദ്ധ സംഘങ്ങൾ പറയുന്നു. കുട്ടികൾക്കായി യൂനിസെഫിന്റെ അടക്കം നേതൃത്വത്തിൽ മനശ്ശാസ്ത്ര പരിചരണങ്ങൾ നൽകിവരുന്നുണ്ടെങ്കിലും നിരന്തരമായുണ്ടാകുന്ന അതിക്രമങ്ങൾ അവരെ കൂടുതൽ മാനസികമായി തകർത്തിരിക്കുകയാണ്. നോർവീജ്യൻ എൻജിഒയുടെ മാനസിക പരിചരണം ലഭിച്ച 11 കുട്ടികൾ ഇത്തവണത്തെ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

TAGS :

Next Story