Quantcast

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ശ്രീലങ്കയിൽ ഡീസൽ വിൽപ്പനയ്ക്കില്ല

പെട്രോളിനും ലഭ്യതക്കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പലരും വാഹനം ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയാണ്

MediaOne Logo

Web Desk

  • Updated:

    2022-03-31 13:19:51.0

Published:

31 March 2022 1:05 PM GMT

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ശ്രീലങ്കയിൽ ഡീസൽ വിൽപ്പനയ്ക്കില്ല
X

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ ഡീസലിനും ക്ഷാമം. രാജ്യത്ത് എവിടേയും ഡീസൽ വിൽപ്പനയ്ക്കില്ലാത്ത സാഹചര്യമാണുള്ളത്. ഇറക്കുമതിക്ക് വിദേശ കറൻസി നൽകാൻ കഴിയാത്ത വിധം ശ്രീലങ്കയുടെ സാമ്പത്തിക സ്ഥിതി പരുങ്ങലിലാണ്.കഴിഞ്ഞ ദിവസം ഏതാണ്ട് 22 ദശലക്ഷം ആളുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടതായും വാർത്തകളുണ്ടായിരുന്നു.

സ്വാതന്ത്ര്യത്തിനു ശേഷം ശ്രീലങ്ക നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണിത്. പെട്രോളിനും ലഭ്യതക്കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പലരും വാഹനം ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയാണ്. സേവനയോഗ്യമായ വാഹനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് വേണ്ടി മാത്രമാണ് ഇപ്പോൾ ഡീസൽ ഉപയോഗിക്കുന്നതെന്ന് ഗതാഗത മന്ത്രി ദിലും അമുനുഗമ പറഞ്ഞു. ജനറേറ്ററുകൾക്ക് ഡീസൽ ഇല്ലാത്തതിനാൽ, ഇന്ന് മുതൽ 13 മണിക്കൂർ പവർ കട്ട് നടപ്പിലാക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്ന് സിലോൺ ഇലക്ട്രിസിറ്റി ബോർഡ് ചെയർമാൻ എം.എം.സി ഫെർഡിനാൻഡോ അറിയിച്ചു.

''ഞങ്ങൾ ഇപ്പോഴും പഴയ സ്റ്റോക്ക് ഡീസൽ ഉപയോഗിക്കുന്നു, ഞങ്ങൾക്ക് ജോലിയെടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്, സ്വാകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ചെയർമാൻ ഗെമുനു വിജേരത്‌നെ വ്യക്തമാക്കി. ഡീസൽ ക്ഷാമം രാജ്യത്തുടനീളം പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 51 ബില്യൺ ഡോളറിന്റെ വിദേശ കടമാണ് ശ്രീലങ്കയ്ക്കുള്ളത്. വിദേശ കറൻസി ലാഭിക്കുന്നതിനായാണ് ശ്രീലങ്ക 2020 മാർച്ചിൽ ഇറക്കുമതി നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ ഇത് അവശ്യവസ്തുക്കളുടെ വ്യാപകമായ ക്ഷാമത്തിനും രൂക്ഷമായ വിലക്കയറ്റത്തിനും ഇടയാക്കി.

TAGS :

Next Story