ഭൂകമ്പത്തിന് പിന്നാലെ തുർക്കിയെ വലച്ച് വെള്ളപ്പൊക്കവും: 13 മരണം
ഭൂകമ്പം ബാധിച്ച മേഖലകളിലാണ് വെള്ളപ്പൊക്കമുണ്ടായത്
അങ്കാറ: ഭൂകമ്പത്തിന് പിന്നാലെ തുർക്കിയെ വലച്ച് വെള്ളപ്പൊക്കവും. ഭൂകമ്പം ബാധിച്ച മേഖലകളിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഇതുവരെ 13 പേർ മരിച്ചതായാണ് വിവരം.
സിറിയൻ അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ മാറി സാൻലിയുർഫ എന്ന പ്രദേശത്താണ് വെള്ളപ്പൊക്കം കനത്ത ദുരിതം സൃഷ്ടിച്ചിരിക്കുന്നത്. ഇവിടെ മാത്രം 11 പേർ മരിച്ചു. ഈ പ്രദേശത്തിനടുത്തുള്ള ആദ്യമാനിൽ ഒന്നര വയസ്സുള്ള കുട്ടിയുൾപ്പടെ രണ്ടു പേർ മരിച്ചിട്ടുണ്ട്. ഭൂമികുലുക്കത്തിന് പിന്നാലെ താത്ക്കാലികമായി നിർമിച്ച ടെന്റുകളിലും കണ്ടെയ്‌നറുകളിലുമായാണ് തുർക്കിയിൽ ഭൂരിഭാഗം പേരും താമസിച്ചിരുന്നത്. ഇവിടെയാണ് വീണ്ടും ദുരിതം വിതച്ച് വെള്ളപ്പൊക്കം.
വെള്ളപ്പൊക്കത്തിൽ നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചു പോയി. സാൻലിയുർഫയിലെ ഒരു ആശുപത്രിയിലും വെള്ളം കയറിയതായാണ് വിവരം.
സിറിയയിലും തുർക്കിയിലുമായുണ്ടായ ഭൂകമ്പത്തിൽ 45,000 പേരാാണ് കൊല്ലപ്പെട്ടത്. ലക്ഷകണക്കിന് പേർക്ക് പാർപ്പിടം നഷ്ടപ്പെട്ടു. ഫെബ്രുവരി ആറിനാണ് പ്രദേശത്ത് ഭൂകമ്പമുണ്ടായത്. തുർക്കിയിൽ 39,672 പേരും സിറിയയിൽ 5800 പേരും കൊല്ലപ്പെട്ടതായാണ് യുഎന്നിന്റെ കണക്കുകൾ.
Adjust Story Font
16