'ഫ്ളൈയിങ് വൈല്‍ഡ് അലാസ്‌ക' പൈലറ്റ് ജിം ട്വിറ്റോ വിമാനപകടത്തില്‍ മരിച്ചു
ഫ്ളൈയിങ് വൈല്‍ഡ് അലാസ്‌ക എന്ന ഡോക്യുമെന്ററി സീരീസിലൂടെ പ്രശസ്തനാണ് ജിം ട്വിറ്റോ
അലാസ്‌ക: ഫ്‌ളൈയിങ് വൈല്‍ഡ് അലാസ്‌ക എന്ന ഡോക്യുമെന്ററി സീരീസിലൂടെ പ്രശസ്തനായ പൈലറ്റ് ജിം ട്വിറ്റോ വിമാനം തകര്‍ന്ന് മരിച്ചു. 68 വയസായിരുന്നു.
വെള്ളിയാഴ്ച രാവിലെയോടെയാണ് ഐഡഹോയില്‍ നിന്ന് പറന്നുയര്‍ന്ന ട്വിറ്റോയുടെ ഉടമസ്ഥതയിലുള്ള സെസ്‌ന 180 വിമാനം അലാസ്‌കയിലെ ശക്തൂലിക്കിന് സമീപം അപകടത്തില്‍പ്പെട്ടത്. സഹ സഞ്ചാരിയായ 45 വയസുള്ള ഷൈന്‍ റൈനോള്‍ഡ്‌സും അപകടത്തില്‍ മരിച്ചു. രണ്ട് പേരുടേയും മൃതദേഹങ്ങള്‍ സുരക്ഷാ സംഘം കണ്ടെടുത്തിതിന് ശേഷം കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ജിം ട്വിറ്റോയുടെ കുടുംബത്തിന്റെ കഥ പറയുന്ന ഡോക്യുമെന്ററി സീരീസാണ് ഫ്‌ളൈയിങ് വൈല്‍ഡ് അലാസ്‌ക. ട്വിറ്റോയും ഭാര്യ ഫെര്‍ണോയും മൂന്ന് പെണ്‍മക്കളും ചേര്‍ന്ന് നടത്തുന്ന പ്രാദേശിക എയര്‍ലൈന്‍ സര്‍വീസായ 'എറ അലാസ്‌ക' സര്‍വീസിനെക്കുറിച്ചാണ് സീരീസിലുള്ളത്. 2011-12 വര്‍ഷത്തില്‍ മൂന്ന് സീസണുകളിലായാണ് ഡിസ്‌കവറി ചാനല്‍ ഡോക്യുമെന്ററി പുറത്തിറക്കിയത്.
യു.എസിലെ കന്‍സാസില്‍ ജനിച്ച് മിനസോട്ടയില്‍ വളര്‍ന്ന ട്വിറ്റോ വിവാഹശേഷം അലാസ്‌കയിലെ ഉനലക്ലീറ്റിലേക്ക് താമസം മാറ്റുകയായിരുന്നു. തുടര്‍ന്ന് ദുഷ്‌കരമായ മേഖലകളില്‍ ചെറുവിമാനം പറത്തുന്നതില്‍ പ്രഗത്ഭനായ ട്വിറ്റോ അലാസ്‌കയില്‍ തന്റെ വൈമാനിക ജീവിതം ആരംഭിക്കുകയായിരുന്നു. "അദ്ദേഹം എന്തുചെയ്യാനാണോ ഇഷ്ടപ്പെട്ടിരുന്നത് അതുചെയ്യവേ തന്നെ അന്ത്യം സംഭവിച്ചു" എന്നാണ് വിമാനം പറത്തുന്നതിനിടെയുണ്ടായ മരണത്തെ കുറിച്ച് മകള്‍ ഏരിയല്‍ ട്വിറ്റോ പ്രതികരിച്ചത്.
Adjust Story Font
16