Quantcast

കോണ്‍സുലേറ്റ് ആക്രമണം; ഇസ്രായേലിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം

ആക്രമണത്തില്‍ നെഗവ് വ്യോമകേന്ദ്രത്തില്‍ നാശനഷ്ടമുണ്ടായതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു

MediaOne Logo

Web Desk

  • Updated:

    2024-04-14 09:11:48.0

Published:

14 April 2024 9:07 AM GMT

Following the consulate attack, Iran launched a missile attack on Israel
X

ദുബൈ: കോണ്‍സുലേറ്റ് ആക്രമണത്തിന് തിരിച്ചടിയായി ഇസ്രായേലിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് മുന്നുറോളം ഡ്രോണുകളും മിസൈലുകളും അയച്ചത്. ആക്രമണത്തില്‍ നെഗവ് വ്യോമകേന്ദ്രത്തില്‍ നാശനഷ്ടമുണ്ടായതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഇറാനെതിരെ ആക്രമണത്തിന് മുതിരരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നെതന്യാഹുവിന് നിര്‍ദേശം നല്‍കി. സംയമനം പാലിക്കണമെന്ന് ഇറാനോടും ഇസ്രായേലിനോടും ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടു. യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം ഇന്ന് ചേരുമെന്നാണ് റിപ്പോര്‍ട്ട്.

185 ഡ്രോണുകളും 146 മിസൈലുകളുമാണ് അഞ്ചു മണിക്കൂറോളം നീണ്ട ആക്രമണം ആക്രമണത്തില്‍ ഇറാന്‍ തൊടുത്തുവിട്ടത്. ഇറാഖ്, ലബനാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിവിധ മിലീഷ്യകളും ആക്രമണത്തില്‍ പങ്കുചേര്‍ന്നു. നെഗവ് സൈനിക കേന്ദ്രത്തെ ലക്ഷ്യം വെച്ചാണ് നല്ലൊരു ശതമാനം മിസൈലുകളും എത്തിയത്. അര്‍ധരാത്രി മുതല്‍ പലരുവോളം തെല്‍അവീവ് ഉള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ അപായ സൈറണുകള്‍ മുഴങ്ങി. സുരക്ഷിതകേന്ദ്രം തേടിയുള്ള ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ 31 പേര്‍ക്ക് പരിക്കേലക്കുകയും ചെയ്തു.

ഇസ്രായേലിന്റെ രണ്ട് സൈനിക കേന്ദ്രങ്ങള്‍ക്ക് കാര്യമായ ക്ഷതം വരുത്താനായെന്ന് ഇറാന്‍ സൈനിക മേധാവി അറിയിച്ചു. നിര്‍ണിതലക്ഷ്യങ്ങളില്‍ ആക്രമണം പൂര്‍ണവിജയം കണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഏതാനും മിസൈലുകള്‍ ഇസ്രായേലില്‍ പതിച്ചെന്ന് ഇസ്രായേല്‍ പ്രതിരോധ വക്താവും സ്ഥിരീകരിച്ചു. എന്നാല്‍ ഭൂരിഭാഗം മിസൈലുകളും വ്യോമാതിര്‍ത്തിക്കു പുറത്തുവെച്ചു തകര്‍ത്തുവെന്നും ഇസ്രായേല്‍ അവകാശപ്പെടുന്നത്. തെക്കന്‍ ഇസ്രായേലിലെ ഒരു സൈനിക കേന്ദ്രത്തിന് ചെറിയതോതില്‍ നാശനഷ്ടമുണ്ടായതായി ഐ.ഡി.എഫ് വക്താവ് സ്ഥിരീകരിച്ചു. ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റു. ഗോലന്‍ കുന്നുകളിലെ ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഹിസ്ബുല്ലയും റോക്കറ്റാക്രമണം നടത്തി. ഇസ്രായേലിന് നേരെയുള്ള തിരിച്ചടിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നൂറുകണക്കിന് പേര്‍ ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ പ്രകടനം നടത്തുകയും ചെയ്തു.

ആക്രമണത്തില്‍ ആളപായം ഇല്ല. എന്നാല്‍ പ്രത്യാക്രമണനീക്കം ഉപേക്ഷിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. ഇറാനെ ഒറ്റപ്പെടുത്താന്‍ ജി 7 രാജ്യങ്ങളിലെ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും ബൈഡന്‍ അറിയിച്ചു. ആക്രമണങ്ങളുടെ പശ്ചാത്താലത്തില്‍ മേഖലയില്‍ നിര്‍ത്തിലാക്കിയ വിമാന സര്‍വീസുകള്‍ ഉച്ചയോടെ പുനരാരംഭിച്ചു.

TAGS :

Next Story