യുക്രൈന്‍ വിഷയം: റഷ്യക്കെതിരെ യുഎന്നില്‍ ആദ്യമായി വോട്ട് ചെയ്ത് ഇന്ത്യ
സെലൻസ്കിയെ യുഎൻ സെക്യൂരിറ്റി കൗൺസിലിൽ അഭിസംബോധന ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യത്തിൽ ഇന്ത്യ ഉൾപ്പെടെ 13 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തു
യുഎൻ രക്ഷാസമിതിയിൽ റഷ്യക്കെതിരെ വോട്ട് ചെയ്ത രാജ്യങ്ങളിൽ ഇന്ത്യയും. യുക്രൈൻ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലൻസ്കിയെ യുഎൻ സെക്യൂരിറ്റി കൗൺസിലിൽ അഭിസംബോധന ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യത്തിൽ ഇന്ത്യ ഉൾപ്പെടെ 13 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. ചൈന വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
യുക്രൈനിൽ ആറു മാസമായി തുടരുന്ന സംഘർഷം വിലയിരുത്താൻ ബുധനാഴ്ചയാണ് രക്ഷാസമിതി യോഗം ചേർന്നത്. യുഎന്നിലെ റഷ്യൻ അംബാസഡർ വാസിലി നെബെൻസിയ വിഡിയോ കോൺഫറൻസിലൂടെ യുക്രൈന്‍ പ്രസിഡന്‍റ് പങ്കെടുക്കുന്നത് സംബന്ധിച്ച് വോട്ടെടുപ്പ് വേണമെന്ന് അഭ്യർഥിച്ചു. യുക്രൈനില്‍ റഷ്യ യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് റഷ്യയ്ക്കെതിരെ ഇന്ത്യ വോട്ട് ചെയ്തത്.
യുക്രൈനും റഷ്യയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ചർച്ചകളിലൂടെ പരിഹരിക്കാൻ ഇരു രാജ്യങ്ങളോടും ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും പിന്തുണ അറിയിക്കുകയും ചെയ്തു.
ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനില്‍ ആക്രമണം തുടങ്ങിയത്. പിന്നാലെ ഫെബ്രുവരി 26ന് തന്നെ റഷ്യക്കെതിരെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിക്കപ്പെട്ടു. യു.എസും അല്‍ബേനിയയും ചേര്‍ന്നാണ് യുക്രൈനില്‍ നിന്നും റഷ്യയുടെ സൈനിക പിന്മാറ്റം ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ച് റഷ്യ ഈ പ്രമേയം തള്ളിക്കളയുകയായിരുന്നു. യുക്രൈനെതിരായ ആക്രമണത്തെ തുടർന്ന് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യയ്ക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിയിരുന്നു.
Adjust Story Font
16