Quantcast

താലിബാന് പിന്തുണ പ്രഖ്യാപിച്ച് മുൻ പ്രസിഡണ്ട് അഷ്‌റഫ് ഗനിയുടെ സഹോദരൻ

താലിബാൻ കാബൂൾ കീഴടക്കിയതിന് പിന്നാലെ അഷ്‌റഫ് ഗനി രാജ്യം വിട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    21 Aug 2021 8:23 AM GMT

താലിബാന് പിന്തുണ പ്രഖ്യാപിച്ച് മുൻ പ്രസിഡണ്ട് അഷ്‌റഫ് ഗനിയുടെ സഹോദരൻ
X

കാബൂൾ: താലിബാന് പിന്തുണയുമായി അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡണ്ട് അഷ്‌റഫ് ഗനിയുടെ സഹോദരൻ ഹഷ്മത് ഗനി അഹ്‌മദ്‌സായ്. കലീമുല്ല ഹഖ്ഖാനിയുടെ സാന്നിധ്യത്തിലാണ് ഹഷ്മത് പുതിയ സർക്കാറിനുള്ള പിന്തുണ അറിയിച്ചത്. കച്ചീസ് ഗ്രാൻഡ് കൗൺസിൽ മേധാവിയാണ് ഹഷ്മത്. രാജ്യത്തെ അതിസമ്പന്നരായ കച്ചികളുടെ കൂട്ടായ്മയാണിത്. ഗനി വ്യവസായ ഗ്രൂപ്പിന്റെ ചെയർമാനുമാണ്.

താലിബാൻ കാബൂൾ കീഴടക്കിയതിന് പിന്നാലെ അഷ്‌റഫ് ഗനി രാജ്യം വിട്ടിരുന്നു. യുഎഇയാണ് ഗനിക്ക് അഭയം നൽകിയത്. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടിയാണ് താൻ രാജ്യം വിട്ടത് എന്നാണ് ഗനിയുടെ വാദം. രാജ്യത്തു നിന്ന് പണവുമായാണ് താൻ കടന്നുകളഞ്ഞത് എന്ന ആരോപണവും ഗനി തള്ളി. അഫ്ഗാനിൽ നിന്ന് വരുമ്പോൾ ഷൂ മാറ്റാൻ പോലും സമയമുണ്ടായിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

അതിനിടെ, താലിബാന്റെ സർക്കാർ രൂപീകരണം തിടുക്കത്തിൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. ആഗസ്ത് 31നകം സർക്കാർ രൂപവത്കരിക്കുമെന്നാണ് താലിബാനുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് സേന രാജ്യത്തു നിന്ന് സമ്പൂർണമായി പിൻവാങ്ങിയ ശേഷമായിരിക്കും പുതിയ സർക്കാർ എന്നാണ് സൂചന.

'അതിർത്തികൾ തുറക്കണം'

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ അയൽ രാഷ്ട്രങ്ങൾ അതിർത്തികൾ തുറക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. യുഎൻഎച്ച്സിആർ വക്താവ് ഷാബിയ മാൻതുവാണ് ഇക്കാര്യമഭ്യർത്ഥിച്ചത്. അടിയന്തരവും വിശാലവുമായ അന്താരാഷ്ട്ര പ്രതികരണം യുഎൻ വിഷയത്തിൽ വേണമെന്നും അവർ ആവശ്യപ്പെട്ടു.

'ഭൂരിപക്ഷം അഫ്ഗാനികൾക്കും ശരിയായ മാർഗത്തിലൂടെ രാജ്യം വിടാനാകുന്നില്ല. അപകടത്തിൽപ്പെട്ടവർക്ക് പുറത്തേക്ക് പോകാൻ കൃത്യമായ വഴികളില്ല. അയൽ രാഷ്ട്രങ്ങൾ അവരുടെ അതിർത്തികൾ തുറന്ന് അഫ്ഗാനികൾക്ക് അഭയം നൽകണം. രാജ്യത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സിവിലിയന്മാർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ യുഎന്നിൽ ഉത്കണ്ഠയുണ്ട്'- ജനീവയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അവർ പറഞ്ഞു.

അഫ്ഗാനിൽ നിന്ന് മുവ്വായിരം സേനയെ ഒഴിപ്പിച്ചതായി യുഎസ് വ്യക്തമാക്കി. ഓഗസ്റ്റ് 14 മുതൽ ഒമ്പതിനായിരം പേരെ ഒഴിപ്പിച്ചതായും അധികൃതർ അറിയിച്ചു. രാജ്യം താലിബാന്റെ നിയന്ത്രണത്തിലായ ശേഷം പതിനെട്ടായിരം പേരെ കാബൂൾ വിമാനത്താവളം വഴി ഒഴിപ്പിച്ചതായി നാറ്റോ വ്യക്തമാക്കി. ഇപ്പോഴും വിമാനത്താവളത്തിൽ ആളുകളുടെ നീണ്ട നിരയാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

TAGS :

Next Story