Quantcast

കൈകോര്‍ത്തുപിടിച്ച് മരണത്തിലേക്കും; മുൻ ഡച്ച് പ്രധാനമന്ത്രിക്കും ഭാര്യയ്ക്കും ദയാവധം

2019ൽ ഒരു ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ സംസാരിക്കവെ തലച്ചോറിൽ രക്തസ്രാവമുണ്ടായി ഡ്രീസിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    12 Feb 2024 10:16 AM GMT

Former Dutch PM Dries van Agt and his wife Eugenie van Agt-Krekelberg die hand in hand by euthanasia, former Netherlands PM, Malayalam world news
X

ആംസ്റ്റർഡാം: മുൻ ഡച്ച് പ്രധാനമന്ത്രിക്കും ഭാര്യയ്ക്കും ദയാവധം. 1977 മുതൽ 1982 വരെ നെതർലൻഡ്‌സിനെ നയിച്ച ഡ്രീസ് വാൻ ആഖ്ത് ആണ് 93-ാം വയസിൽ ഭാര്യയുടെ കൈപിടിച്ച് മരണം വരിച്ചത്. നെതർലൻഡ്‌സിലെ ക്രിസ്റ്റ്യൻ ഡെമോക്രാറ്റ് പാർട്ടിയുടെ പ്രമുഖനായ നേതാവായിരുന്നു.

ഡ്രീസ് വാൻ ആഖ്ത് സ്ഥാപിച്ച മനുഷ്യാവകാശ സംഘടനയായ ദി റൈറ്റ്‌സ് ഫോറം ആണു മരണവിവരം പുറത്തുവിട്ടത്. ഡ്രീസും ഭാര്യ ഭാര്യ യൂജിൻ ക്രെകെൽബെർഗും സ്വയം ദയാവധം സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ 70 വർഷമായി താങ്ങും തണലുമായി കൂടെയുണ്ടായിരുന്ന സഹധർമിണിയുടെ കൈപ്പിടിച്ചാണ് ഡ്രീസ് ഈ ലോകം വിട്ടുപോയതെന്ന് റൈറ്റ്‌സ് ഫോറം വാർത്താകുറിപ്പിൽ പറഞ്ഞു. ഡച്ച് നഗരമായ നിജ്‌മെഗെനിൽ ഇരുവരെയും അടക്കം ചെയ്യും. മൂന്ന് മക്കളുണ്ട് ദമ്പതികൾക്ക്.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിലായിരുന്നു ഡ്രീസ് വാൻ ആഖ്തും ഭാര്യ യൂജിനും. 2019ൽ ഡ്രീസ് ഒരു ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ സംസാരിക്കവെ തലച്ചോറിൽ രക്തസ്രാവമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനുശേഷം പൂർണമായി സുഖം പ്രാപിക്കാനായിരുന്നില്ല. 2017ൽ ഫലസ്തീൻ-ഇസ്രായേൽ വിഷയത്തിലെ നിലപാടുമാറ്റത്തിൽ പ്രതിഷേധിച്ചാണ് അദ്ദേഹം ക്രിസ്റ്റ്യൻ ഡെമോക്രാറ്റ് പാർട്ടി വിടുന്നത്. ഇതിനുശേഷവും പുരോഗമന പക്ഷത്ത് നിലയുറപ്പിച്ച നേതാവായിരുന്നു.

1999ൽ ഇസ്രായേലിൽ നടത്തിയ സന്ദർശനത്തിനുശേഷമാണ് ഡ്രീസ് ഫലസ്തീൻ ജനതയുടെ ശക്തനായ വക്താവായി മാറിയത്. നിലപാടിനെ മാറ്റിമറിച്ച യാത്രയായാണ് ഈ സന്ദർശനത്തെ ഡ്രീസ് വിശദീകരിച്ചിരുന്നത്. 2009ലാണ് റൈറ്റ്‌സ് ഫോറത്തിനു രൂപം നൽകുന്നത്. ഫലസ്തീൻ-ഇസ്രായേൽ വിഷയത്തിൽ നീതിപൂർവവും സുസ്ഥിരവുമായ ഡച്ച്-യൂറോപ്യൻ നയം വളർത്തിക്കൊണ്ടുവരികയായിരുന്നു ഇതുവഴി ലക്ഷ്യമിട്ടിരുന്നത്.

ഡച്ച് പ്രധാനമന്ത്രി മാർക്ക് റുത്തെ അനുശോചനം രേഖപ്പെടുത്തി. ധ്രുവീകരണത്തിന്റെ കാലത്ത് കൃത്യമായ ബോധ്യങ്ങളിലൂടെയും വ്യക്തമായ അവതരണങ്ങളിലൂടെയും ഡച്ച് രാഷ്ട്രീയത്തിന് നിറവും അർത്ഥവും നൽകിയ നേതാവായിരുന്നു അദ്ദേഹമെന്നും റുത്തെ അനുസ്മരിച്ചു. ഡച്ച് രാജകുടുംബവും ഡ്രീസിന് ആദരമർപ്പിച്ചു. പ്രക്ഷുബ്ധമായ കാലത്ത് ഭരണച്ചുമതല ഏറ്റെടുത്ത നേതാവാണ് ഡ്രീസ് വാൻ ആഖ്ത്. തന്റെ വ്യക്തിപ്രഭാവത്തിലൂടെ എല്ലാവരെയും പ്രചോദിപ്പിക്കാൻ അദ്ദേഹത്തിനായെന്നും വില്ലെം അലെക്‌സാണ്ടർ രാജാവും മാക്‌സിമ രാജ്ഞിയും ബീട്രിക്‌സ് രാജകുമാരിയും പ്രസ്താവനയിൽ അനുശോചിച്ചു.

Summary: Former Dutch PM Dries van Agt and his wife Eugenie van Agt-Krekelberg die 'hand in hand' by euthanasia

TAGS :

Next Story