ലോകത്തെ ഏറ്റവും വിദൂര പോസ്റ്റ് ഓഫീസ് പ്രവർത്തിപ്പിക്കാനും പെൻഗ്വിനുകളെ എണ്ണാനും നാല് സ്ത്രീകൾ അന്റാർട്ടിക്കയിലേക്ക്
അന്റാർട്ടിക്ക പെനിൻസുലയിലെ ഗൗഡിയർ ദ്വീപിൽ, എല്ലാ ഗാർഹിക സൗകര്യങ്ങളും ഉപേക്ഷിച്ച് ടീം അഞ്ച് മാസം പ്രവർത്തിക്കുമെന്ന് ട്രസ്റ്റ് പറഞ്ഞു.
ലോകത്തെ ഏറ്റവും വിദൂരത്തുള്ള പോസ്റ്റ് ഓഫീസ് പ്രവർത്തിപ്പിക്കാനും അന്റാർട്ടിക്കയിലെ പെൻഗ്വിനുകളെ എണ്ണാനുമുള്ള ജോലിക്കായി തെരഞ്ഞെടുക്കപ്പെട്ട് നാല് സ്ത്രീകൾ. യു.കെയിൽ നിന്നുള്ള ക്ലെയർ ബാലന്റൈൻ, മേരി ഹിൽട്ടൺ, നതാലി കോർബറ്റ്, ലൂസി ബ്രൂസോൺ എന്നിവരെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.
റെക്കോർഡ് എണ്ണം അപേക്ഷകർ ഉണ്ടായിരുന്നിട്ടും അന്റാർട്ടിക്കയിലെ ഗൗഡിയർ ദ്വീപിന്റെ ചരിത്രപ്രസിദ്ധമായ പോസ്റ്റ് ഓഫീസായ പോർട്ട് ലോക്ക്‌റോയിലേക്ക് പോവാനും ഏറ്റവും വിചിത്രമായ ജോലികൾ ചെയ്യാനുമായി ഈ നാല് സ്ത്രീകൾക്ക് നറുക്ക് വീഴുകയായിരുന്നു.
ഒരു മ്യൂസിയമായി പ്രവർത്തിച്ചിരുന്ന പോസ്‌റ്റ് ഓഫീസായ പോർട്ട് ലോക്ക്‌റോയ് കോവിഡ് സമയത്ത് അടച്ചുപൂട്ടിയിരുന്നു. ഇതിന്റെ ചുമതലയുള്ള യു.കെ അന്റാർട്ടിക്ക് ഹെറിറ്റേജ് ട്രസ്റ്റാണ് പോർട്ട് ലോക്ക്‌റോയ് വീണ്ടും തുറക്കുന്നതായി പ്രഖ്യാപിച്ചത്. കൂടാതെ നാല് തൊഴിലവസരങ്ങളും പ്രഖ്യാപിക്കുകയായിരുന്നു. ബേസ് ലീഡർ, പോസ്റ്റ് മാസ്റ്റർ, സ്റ്റോർ മാനേജർ, വൈൽഡ് ലൈഫ് മോനിറ്റർ എന്നിവയാണവയെന്ന് സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഇതിൽ ബാലന്റൈൻ പോസ്റ്റ് മാസ്റ്ററായും ഹിൽട്ടൺ വൈൽഡ് ലൈഫ് മോനിറ്ററായും കോർബറ്റ് സ്റ്റോർ മാനേജരായും ബ്രൂസോൺ ബേസ് ലീഡറുമായി പ്രവർത്തിക്കും. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായാണ് ബേ വീണ്ടും തുറക്കാൻ യു.കെയിൽ നിന്ന് 9,000 മൈൽ യാത്ര ചെയ്ത് ഒരു സംഘം ഗൗഡിയർ ദ്വീപിലെത്തുന്നത്.
അന്റാർട്ടിക്ക പെനിൻസുലയിലെ ഗൗഡിയർ ദ്വീപിൽ, എല്ലാ ഗാർഹിക സൗകര്യങ്ങളും ഉപേക്ഷിച്ച് ടീം അഞ്ച് മാസം പ്രവർത്തിക്കുമെന്ന് ട്രസ്റ്റ് പറഞ്ഞു. നാല് പേരും ജെന്റൂ പെൻഗ്വിനുകളുടെ ഒരു കോളനിക്ക് സമീപമായിരിക്കും താമസിക്കുക. പെൻഗ്വിനുകളെ നിരീക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ട്രസ്റ്റിന്റെ ദൗത്യത്തിന്റെ ഭാഗമായി അവയുടെ സെൻസസ് ആവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
വന്യജീവികളുടെ സ്വാധീനവും ബ്രിട്ടീഷ് അന്റാർട്ടിക് പൈതൃകവും സംരക്ഷിക്കുക എന്നതാണ് ട്രസ്റ്റിന്റെ ഉത്തരവാദിത്തം. ദ്വീപിന്റെ ഘടനകളും ആസ്തികളും ട്രസ്റ്റ് പരിപാലിക്കുന്നു. കപ്പലുകളുടെയും വിനോദസഞ്ചാരികളുടെയും എണ്ണം നിരീക്ഷിക്കുകയും ഏറ്റവും ദൂരെയുള്ള തപാൽ ഓഫീസും ഗിഫ്റ്റ് ഷോപ്പും നിയന്ത്രിക്കുകയും ചെയ്യുന്നു.
നാലു പേരും ഈ മാസം പരിശീലനം ആരംഭിക്കുമെന്ന് യു.കെ അന്റാർട്ടിക്ക് ഹെറിറ്റേജ് ട്രസ്റ്റ് വ്യക്തമാക്കി. ഒരു പെൻഗ്വിനോളജിസ്റ്റിൽ നിന്ന് കാര്യങ്ങൾ പഠിക്കുകയും വിദൂര പ്രഥമശുശ്രൂഷാ നിർദേശത്തിന് വിധേയരാവുകയും ചെയ്യും. സംഘം നവംബർ ആദ്യം തങ്ങളുടെ പര്യവേഷണത്തിന് പുറപ്പെടുകയും 2023 മാർച്ച് വരെ അവിടെ തുടരുകയും ചെയ്യുമെന്ന് ട്രസ്റ്റിനെ ഉദ്ധരിച്ച് സി.ബി.എസ് ന്യൂസ് റിപ്പോർട്ട് വിശദമാക്കുന്നു.
Adjust Story Font
16