Quantcast

‘ബന്ദികളെ മോചിപ്പിക്കണം, നെതന്യാഹുവിനെ പുറത്താക്കണം’; ഇസ്രായേലിനെ ​പ്രകമ്പനം കൊള്ളിച്ച് പ്രതിഷേധ പ്രകടനങ്ങൾ

നെതന്യാഹു രാജിവെച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    18 Feb 2024 6:30 AM GMT

israel protest
X

ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി കരാറിൽ എത്തണമെന്നും ഉടൻ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ഇസ്രായേലിൽ കൂറ്റൻ പ്രകടനങ്ങൾ. തെൽ അവീവിലും അൽ ഖുദ്സിലുമാണ് ആയിരങ്ങൾ സർക്കാറിനെതിരെ ശനിയാഴ്ച രാത്രി തെരുവിലിറങ്ങിയത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജിവെക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ഗസ്സയിൽ തുടരുന്ന ആക്രമണത്തിനിടയിലും ഇത്തരത്തിൽ എല്ലാ ശനിയാഴ്ചയും ഇസ്രായേലിൽ പ്രതിഷേധക്കാർ തെരുവുകൾ കീഴടക്കാറുണ്ട്.

ആയിരക്കണക്കിന് പേർ തെൽ അവീവിലും ഹൈഫയിലും നടന്ന പ്രകടനങ്ങളിൽ പങ്കെടുത്തു. നെതന്യാഹു രാജിവെച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് സമരക്കാർ ഉന്നയിച്ചു. ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് നേതൃത്വവുമായി ചർച്ച വേണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഏകദേശം 3000 പേരാണ് ഹൈഫയിലെ ഹോറേവ് തെരുവിൽ പ്രകടനം നടത്തിയത്. ഉടൻ തെരഞ്ഞെടുപ്പ് വേണം എന്നെഴുതിയ ബാനറുകളുമേന്തിയാണ് സമരക്കാർ മാർച്ച് നടത്തിയത്. ബന്ദികളുടെ ബന്ധുക്കളും സുഹൃത്തുക്കളും അയലോൺ റോഡ് ഉപരോധിക്കുകയും തീയിടുകയും ചെയ്തു. പലയിടത്തും പൊലീസുമായി ഏറ്റുമുട്ടലുണ്ടായി.

പ്രസിഡന്റിന്റെ വസതിക്ക് പുറത്ത് പ്രതിഷേധക്കാരുടെ പ്രസംഗങ്ങളോടെയായിരുന്നു പ്രകടനം ആരംഭിച്ചത്. തുടർന്ന് പാരീസ് സ്‌ക്വയറിലെത്തി. ബന്ദികളുടെ കുടുംബാംഗങ്ങൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഔദ്യോഗിക വസതിക്ക് പുറത്തും പ്രതിഷേധിച്ചു.

ബന്ദി മോചന ചർച്ചകൾ അവഗണിക്കുന്ന നെതന്യാഹുവിന്റെ നടപടിയെ സമരക്കാർ എതിർത്തു. ചർച്ചകൾ നടക്കുന്ന കെയ്‌റോയിലേക്ക് ഇസ്രായേലി പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് തീരുമാനവും പ്രതിഷേധത്തിന് കാരണമായി.

‘സർക്കാർ ഞങ്ങളോട് സംസാരിക്കുന്നു, അവർ ഞങ്ങളെ കണ്ടുമുട്ടുന്നു, ഞങ്ങൾ അവരുടെ പ്രഥമ പരിഗണനയാണെന്ന് അവർ വാഗ്ദാനം ചെയ്യുന്നു. അതിനാൽ ഞാൻ ചോദിക്കുന്നു, ബന്ദികൾ എവിടെയാണ്, എന്തുകൊണ്ടാണ് അവർ ഇപ്പോൾ ഞങ്ങളുടെ കൂടെയില്ലാത്തത്?’ബന്ദിയാക്കപ്പെട്ടവരുടെയും കാണാതായ കുടുംബങ്ങളുടെയും കൂട്ടായ്മയിലെ അംഗം ടോം ബർകായ് ചോദിച്ചു.

‘മിസ്റ്റർ നെതന്യാഹു, പ്രധാനമന്ത്രിയെന്ന നിലയിൽ നിങ്ങളെ ഞങ്ങൾക്കറിയാം, വർഷങ്ങളായി നിങ്ങൾ എന്റെ പ്രധാനമന്ത്രിയാണ്. നിങ്ങൾക്ക് എന്തെങ്കിലും ആവശ്യമുള്ളപ്പോൾ, അത് എങ്ങനെ യാഥാർത്ഥ്യമാക്കണമെന്ന് നിങ്ങൾക്കറിയാം. എന്നാൽ, ഇപ്പോൾ നിങ്ങൾ എവിടെയാണ്?- ടോം ബർകായ് ആവർത്തിച്ചു.

‘ഒരു പ്രതിനിധിയെ കെയ്‌റോയിലേക്ക് അയക്കാതിരിക്കാൻ പ്രധാനമന്ത്രിക്കും യുദ്ധമന്ത്രിക്കും എന്ത് അവകാശമുണ്ട്? ബന്ദികളാക്കിയ 134 പേരിൽ പ്രധാനമന്ത്രിയുടെ മകനോ മുതിർന്ന മന്ത്രിയുടെ മകളോ ഇല്ല എന്നതാണ് പ്രശ്‌നം. ഇസ്രായേൽ ജനത മാത്രമാണ് ബന്ദികളായിരിക്കുന്നത്’ -ഹമാസ് ബന്ദിയാക്കിയ സൈനികൻ ഇറ്റായ് ചെന്നിന്റെ പിതാവ് റൂബി ചെൻ പറഞ്ഞു.

ബന്ദികളെ മോചിപ്പിക്കാൻ നെതന്യാഹുവിന്റെ ഭരണകൂടത്തിന്മേൽ സമ്മർദ്ദം വർധിക്കുകയാണ്. പ്രത്യേകിച്ചും ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ പല ബന്ദികളും കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ.

ഗസ്സസയിലെ തങ്ങളുടെ ബന്ധുക്കൾക്ക് എന്ത് സംഭവിക്കുമെന്നും ഹമാസുമായുള്ള ചർച്ചകളുടെ ഭാവിയെക്കുറിച്ചും അറിയാൻ വെള്ളിയാഴ്ച ബന്ദികളുടെ കുടുംബങ്ങൾ നെതന്യാഹുവുമായും യുദ്ധ കാബിനറ്റുമായും അടിയന്തര ചർച്ച ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതെല്ലാം അവഗണിക്കുകയാണ് സർക്കാർ.

സമ്പൂർണ വിജയമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് നെതന്യാഹു പറയുന്നത്. ഹമാസിനെ സൈനികമായി പരാജയപ്പെടുത്താതെ ഇത് നേടാനാവില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ഇതിന്റെ ഭാഗമായി ഗസ്സയുടെ ​തെക്കേ അറ്റത്തുള്ള റഫയിലേക്കും ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ.



TAGS :

Next Story