അവർ ക്രൂരമായി പീഡിപ്പിച്ചു, വിവാഹമോതിരം അവൾക്ക് നൽകാനാവുമെന്ന പ്രതീക്ഷയിൽ ഞാൻ കാത്തിരുന്നു: ജയിൽ മോചിതനായ ഫലസ്തീൻ തടവുകാരൻ
വെടിനിർത്തൽ കരാറിന്റെ ഭാഗമായി വ്യാഴാഴ്ചയാണ് ഫലസ്തീൻ തടവുകാരനായ അലി സാബിഹ് മോചിതനായത്.

വെസ്റ്റ് ബാങ്ക്: ഇസ്രായേൽ തടവിൽ കഴിഞ്ഞ 30 വർഷവും തന്റെ വിവാഹമോതിരം ഭാര്യയെ വീണ്ടും അണിയിക്കാനായി കാത്തിരിക്കുകയായിരുന്നുവെന്ന് ജയിൽമോചിതനായ ഫലസ്തീൻ തടവുകാരൻ അലി സാബിഹ്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി വ്യാഴാഴ്ചയാണ് സാബിഹ് ജയിൽമോചിതനായത്.
''30 വർഷത്തോളം ഞാൻ അത് (വിവാഹ മോതിരം) ഭദ്രമായി സൂക്ഷിച്ചു. അതിൽ 25 വർഷക്കാലം അവർ എന്റെ മേൽ പിടിമുറുക്കി. എന്നെ ഓടിച്ചു, അടിച്ചു, ഈ മോതിരം എടുത്തുകളയാൻ വേണ്ടി മാത്രം അവർ എന്നെ ധാരാളം പീഡിപ്പിച്ചു. ഞാൻ അത് മുറുകെ പിടിച്ചു. അത് അവൾക്ക് കൊടുക്കണമെന്ന് ഞാൻ നിർബന്ധിച്ചു'' - 'മിഡിൽ ഈസ്റ്റ് ഐ'ക്ക് നൽകിയ അഭിമുഖത്തിൽ സാബിഹ് പറഞ്ഞു.
ഇത്രയും കാലം അവൾ ഒറ്റക്ക് ചുമലിലേറ്റിയ ദാമ്പത്യ ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങൾ പങ്കിടാനും അവളെ സഹായിക്കുന്നതിനുള്ള അവസരമായാണ് ജയിൽമോചനത്തെ കാണുന്നതെന്ന് സാബിഹ് പറഞ്ഞു.
''25 വർഷം ഞാൻ ജയിലിലടക്കപ്പെട്ടു. 25 വർഷം അവൾ പാചകം ചെയ്തു. മാവ് കുഴച്ചു, പാത്രം കഴുകി, എനിക്കായി കാത്തിരുന്നു. അതിനാൽ ഇന്ന് മുതൽ അടുത്ത 25 വർഷത്തേക്ക് ഞാൻ പാത്രം കഴുകും, പാചകം ചെയ്യും, മാവ് കുഴക്കും, ഭക്ഷണം പാകം ചെയ്യും''- സാബിഹ് പറഞ്ഞു.
Adjust Story Font
16