Quantcast

"ഗസ്സയിലെ ജനങ്ങളെ ഫിനിഷ് ചെയ്യൂ..." ഇസ്രായേലിനോട് ഫ്രാൻസിലെ റബ്ബി മുഖ്യൻ; പ്രതിഷേധം

ഹമാസിന്റെ ആക്രമണത്തിൽ ഇസ്രായേല്‍ പൗരന്മാർ കൊല്ലപ്പെട്ടപ്പോഴുണ്ടായ ദുഃഖം, ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന കൂട്ടക്കുരുതിയിൽ തോന്നുന്നില്ലേ എന്ന ചോദ്യത്തിന് "രണ്ടുപേര്‍ക്കും ഒരേ നിയമമല്ല" എന്നായിരുന്നു കോര്‍സിയയുടെ മറുപടി.

MediaOne Logo

Web Desk

  • Published:

    28 Aug 2024 11:55 AM GMT

ഗസ്സയിലെ ജനങ്ങളെ ഫിനിഷ് ചെയ്യൂ...  ഇസ്രായേലിനോട് ഫ്രാൻസിലെ റബ്ബി മുഖ്യൻ; പ്രതിഷേധം
X

പാരിസ്: ഗസ്സയിലെ ജനങ്ങളെ 'തീര്‍ത്തുകളയാന്‍' ഇസ്രയേലിനോട് ആവശ്യപ്പെട്ട് ഫ്രാന്‍സിലെ ഉന്നത ജൂതമത നേതാവ്. ഫ്രാൻസിലെ ചീഫ് റബ്ബി ഹൈം കോര്‍സിയയാണ് ഫ്രഞ്ച് ടെലിവിഷന്‍ ചാനല്‍ ബി.എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടത്. ഗസ്സ അധിനിവേശത്തെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഹൈം കോര്‍സിയ പിന്തുണ അറിയിച്ചു. അതേസമയം, ഇസ്രായേലിന്റെ വംശഹത്യയെ പരസ്യമായി ന്യായീകരിച്ച ഇയാൾക്കെതിരെ ഫ്രഞ്ച് പാർലമെന്റ് അംഗങ്ങൾ അടക്കം രംഗത്തുവന്നു.

ഇസ്രയേലിനെ പോലെ മറ്റൊരു രാജ്യവും ഇതുപോലൊരു പോരാട്ടം നടത്തിയിട്ടില്ലെന്നും, ഇസ്രായേൽ സൈന്യത്തിന്റെ പ്രവൃത്തികളിൽ ജൂതൻ എന്ന നിലയിൽ തനിക്ക് ലജ്ജയോ ഖേദമോ ഇല്ലെന്നും കോര്‍സിയ അഭിമുഖത്തില്‍ പറഞ്ഞു. ഗസ്സയില്‍ നടക്കുന്നത് യുദ്ധമല്ല, ഹമാസില്‍ നിന്നും രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ ഇസ്രായേല്‍ ജനത നടത്തുന്ന പ്രതിരോധമാണെന്നും കോര്‍സിയ അഭിപ്രായപ്പെട്ടു. 2023 ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ആക്രമണത്തിൽ ഇസ്രായേല്‍ പൗരന്മാർ കൊല്ലപ്പെട്ടപ്പോഴുണ്ടായ ദുഃഖം, ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന കൂട്ടക്കുരുതിയിൽ തോന്നുന്നില്ലേ എന്ന ചോദ്യത്തിന് "രണ്ടുപേര്‍ക്കും ഒരേ നിയമമല്ല" എന്നായിരുന്നു കോര്‍സിയയുടെ മറുപടി.

കോര്‍സിയയുടെ അഭിപ്രായങ്ങള്‍ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയ്ക്ക് ന്യായീകരണം ചമക്കുകയാണെന്നും ഇത് രാജ്യത്തെ നിയമപ്രകാരം കുറ്റകരമാണെന്നും ഫ്രഞ്ച് പാര്‍ലമെന്റ് ഡെപ്യൂട്ടിയും 'മാനവ പാരിസ്ഥിതിക വിപ്ലവ പാർട്ടി' നേതാവുമായ അയ്‌മെറിക് കരോണ്‍ പ്രതികരിച്ചു. 'ഗസ്സയിലെ യുദ്ധക്കുറ്റങ്ങളെ പരസ്യമായി ന്യായീകരിച്ച് ഫ്രാൻസിലെ ചീഫ് റബ്ബി നടത്തിയ അഭിപ്രായ പ്രകടനം ക്രിമിനൽ ചട്ടത്തിലെ 40-ാം വകുപ്പ് പ്രകാരം കുറ്റകൃത്യമാണ്. ഇക്കാര്യം പാരീസിലെ ചീഫ് പ്രോസിക്യൂട്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.' കരോൺ ട്വീറ്റ് ചെയ്തു.

ഗസ്സയിലെ വംശഹത്യയെ പിന്തുണക്കുന്നതിലൂടെ കോര്‍സിയേക്ക് ഫലസ്തീന്‍ ജനതയോടുള്ള ശത്രുതയാണ് വ്യക്തമാകുന്നത്. മാനവരാശിക്കെതിരെയുള്ള കുറ്റകൃത്യമാണ് ഗസ്സയില്‍ നടക്കുന്നതെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കരോണ്‍ വ്യക്തമാക്കി. മതവിശ്വാസികള്‍ ധാര്‍മ്മിക മൂല്യങ്ങളും വിശുദ്ധിയും കാത്തുസൂക്ഷിക്കണമെന്ന് ഫ്രഞ്ച് അനലിസ്റ്റ് അര്‍നൗഡ് ബെര്‍ട്രന്‍ഡ് എക്സില്‍ കുറിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ സൈനികരും സിവിലിയന്മാരുമടക്കം 1170 ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്. ഇതിനെ തുടർന്ന് ഹമാസിനെ തുടച്ചുനീക്കാൻ എന്നവകാശപ്പെട്ട് ഇസ്രായേൽ ആരംഭിച്ച ഗസ്സ അധിനിവേശത്തില്‍ നാല്‍പ്പതിനായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഒരു ലക്ഷത്തോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും പതിനായിരത്തിലധികം ആളുകളെ കാണാതാവുകയും ചെയ്തുവെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. കൊല്ലപ്പെട്ടതിൽ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്.

TAGS :

Next Story