Quantcast

'ഞങ്ങൾ പ്രസിദ്ധീകരിക്കാത്തത് ആയുധമാക്കി വ്യാജവാർത്താ പ്രചാരണവും ഗൂഢാലോചനാ സിദ്ധാന്തവും'; ബിജെപിക്കെതിരെ ഫ്രഞ്ച് മാധ്യമം

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന് പേരുകേട്ട 'മീഡിയപാർട്ട്' ആണ് ബിജെപിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്

MediaOne Logo

Web Desk

  • Updated:

    2024-12-10 08:36:45.0

Published:

10 Dec 2024 8:35 AM GMT

French outlet Mediapart accuses BJP of using its report to spread misinformation on OCCRP, George Soros and congress, Carine Fouteau
X

പാരിസ്: തങ്ങളുടെ വാർത്ത ദുരുപയോഗപ്പെടുത്തി ബിജെപി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന് ഫ്രഞ്ച് മാധ്യമം. അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന് പേരുകേട്ട 'മീഡിയപാർട്ട്' ആണു വിമർശനവുമായി രംഗത്തെത്തിയത്. രാജ്യത്തെ ഭരണം അട്ടിമറിക്കാൻ കോൺഗ്രസും അമേരിക്കയും ഹംഗേറിയൻ-അമേരിക്കൻ ശതകോടീശ്വരൻ ജോർജ് സോറോസും ചേർന്നു ഗൂഢനീക്കം നടത്തുന്നതായി 'മീഡിയപാർട്ട്' റിപ്പോർട്ട് ഉദ്ധരിച്ച് നേരത്തെ ബിജെപി ആരോപിച്ചിരുന്നു.

ഈ പ്രചാരണത്തിലാണ് ബിജെപി വാദം തള്ളി ഫ്രഞ്ച് മാധ്യമം വാർത്താകുറിപ്പുമായി രംഗത്തെത്തിയതെന്ന് 'ദി വയർ' റിപ്പോർട്ട് ചെയ്തു. 'ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട്'(ഒസിപിആർ) എന്ന അന്താരാഷ്ട്ര അന്വേഷണാത്മക മാധ്യമശൃംഖലയെ കുറിച്ചുള്ള റിപ്പോർട്ട് ഉയർത്തിയായിരുന്നു ബിജെപി നേതാക്കൾ കോൺഗ്രസിനെ കടന്നാക്രമിച്ചത്. എന്നാൽ, ബിജെപിയുടെ രാഷ്ട്രീയ അജണ്ടകൾക്കും മാധ്യമസ്വാതന്ത്ര്യത്തെ ആക്രമിക്കാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർട്ടി ഒസിപിആറിനെ കുറിച്ചുള്ള തങ്ങളുടെ റിപ്പോർട്ട് ആയുധമാക്കിയതിനെ ശക്തമായി അപലപിക്കുന്നതായി 'മീഡിയപാർട്ട്' പ്രസാധകയും ഡയരക്ടറുമായ കരിൻ ഫൂത്തോ പ്രതികരിച്ചു.

'മീഡിയപാർട്ട്' ലേഖനം ദുരുപയോഗപ്പെടുത്തി തങ്ങൾ ഒരിക്കലും പ്രസിദ്ധീകരിക്കാത്ത വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ് ബിജെപിയെന്ന് അവർ വിമർശിച്ചു. ബിജെപി ഉയർത്തുന്ന ഗൂഢാലോചനാ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്ന ഒരു വസ്തുതയും ആ റിപ്പോർട്ടിലില്ല. ഇന്ത്യയിൽ അന്വേഷണം തുടരുന്ന ധീരരായ ഇന്ത്യൻ-അന്താരാഷ്ട്ര മാധ്യമങ്ങളോട് ഐക്യദാർഢ്യം അറിയിക്കുന്നുവെന്നും വാർത്താകുറിപ്പിൽ കരിൻ ഫൂത്തോ പറഞ്ഞു.

പാർലമെന്റിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അദാനി വിമർശനത്തിനു തിരിച്ചടിയായായിരുന്നു ബിജെപി നേതാക്കൾ ഒസിസിആർപി-സോറോസ് ഗൂഢാലോചന എടുത്തിട്ടത്. അമേരിക്കയ്ക്കു വേണ്ടി ഒസിസിആർപിയുമായും ജോർജ് സോറോസുമായും ചേർന്ന് കോൺഗ്രസ് മോദി സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നുവെന്നായിരുന്നു ആരോപണം. പാർലമെന്റ് അംഗവും ബിജെപി ഐടി സെൽ മേധാവിയുമായ സംബിത് പാത്രയാണ് വാർത്താസമ്മേളനത്തിലൂടെ ആദ്യമായി ആരോപണം ഉയർത്തിയത്. അമേരിക്കൻ ഭരണകൂടത്തിനു കീഴിലുള്ള യുഎസ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡെവലപ്‌മെന്റ്(യുഎസ് എയ്ഡ്) ഒസിസിആർപിക്ക് ഫണ്ട് നൽകുന്നുണ്ടെന്നും അദ്ദേഹം വാദിച്ചു. വാദങ്ങൾക്കു തെളിവായി 'മീഡിയപാർട്ട്' റിപ്പോർട്ട് ആണ് പാത്ര ചൂണ്ടിക്കാട്ടിയത്.

പരാമർശം പിന്നീട് ബിജെപി നേതാക്കളും സംഘ്പരിവാർ സോഷ്യൽ മീഡിയ ഹാൻഡിലുകളും ഏറ്റുപിടിച്ചു. ബിജെപിയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലും ഇതേ കാര്യം പോസ്റ്റ് ചെയ്തു. പിന്നാലെ യുഎസ് എംബസി വിമർശനവുമായി രംഗത്തെത്തി. ഇന്ത്യയിലെ ഭരണകക്ഷി ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നത് നിരാശാജനകമാണെന്നായിരുന്നു എംബസിയുടെ പ്രതികരണം. ഇതിനു പിന്നാലെയാണ് ഇപ്പോൾ 'മീഡിയപാർട്ടും' ബിജെപിക്കെതിരെ രംഗത്തെത്തിയത്.

മോദി സർക്കാരിന്റെ ഏറെ വിവാദമായ റാഫേൽ വിമാന ഇടപാടിൽ നിരവധി അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവിട്ട മാധ്യമമാണ് 'മീഡിയപാർട്ട്'. ഫ്രഞ്ച് കമ്പനി ദസോൾട്ട് ഏവിയേഷനിൽനിന്ന് 36 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ഇടപാടിൽ വൻ അഴിമതി നടന്നെന്നായിരുന്നു വെളിപ്പെടുത്തൽ. ഏറ്റവുമൊടവിൽ 2023 ഡിസംബറിലും ഫ്രഞ്ച് മാധ്യമം വിഷയത്തിൽ മോദി സർക്കാരിനെ വെട്ടിലാക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടു. റാഫേൽ അഴിമതിയുമായി ബന്ധപ്പെട്ട് ഫ്രാൻസിൽ നടക്കുന്ന ജുഡിഷ്യൽ അന്വേഷണം ബിജെപി സർക്കാർ തടസപ്പെടുത്തുന്നുവെന്നായിരുന്നു റിപ്പോർട്ട്. ഇടപാടുമായി ബന്ധപ്പെട്ട എല്ലാ അഴിമതി ആരോപണങ്ങളും കുഴിച്ചുമൂടാനാണ് മോദി സർക്കാരിന്റെ ശ്രമമെന്നും ഇതിൽ ആരോപിച്ചിരുന്നു.

അതേസമയം, ഒസിസിആർപിക്ക് യുഎസ് ഭരണകൂടം നൽകുന്ന ഫണ്ട് അടിസ്ഥാനമാക്കിയായിരുന്നു 'അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിലെ ഭീമനും യുഎസ് ഭരണകൂടവും തമ്മിലുള്ള രഹസ്യബന്ധങ്ങൾ' എന്ന തലക്കെട്ടിൽ കഴിഞ്ഞ ഡിസംബർ രണ്ടിന് 'മീഡിയപാർട്ട്' വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. യുഎസ് ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെ അന്വേഷണത്തിനായാണ് യുഎസ് എയ്ഡ് ഫണ്ട് ലഭിക്കുന്നതെന്നായിരുന്നു റിപ്പോർട്ടിൽ വാദിച്ചത്. റഷ്യ, വെനസ്വല, മാൾട്ട, സൈപ്രസ്, മെക്‌സിക്കോ എന്നിവിടങ്ങളെല്ലാം ഇത്തരത്തിൽ അമേരിക്കയ്ക്കു താൽപര്യമുള്ള സ്ഥലങ്ങളാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ഇന്ത്യയെ കുറിച്ചുള്ള പരാമർശങ്ങളൊന്നും ഇതിൽ ഉണ്ടായിരുന്നില്ല. എന്നാൽ, ഒസിസിആർപിയെ കുറിച്ചുള്ള മാധ്യമത്തിന്റെ റിപ്പോർട്ട് ഉയർത്തിപ്പിടിച്ച് ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന വാദയമുർത്തുകയായിരുന്നു ബിജെപി ചെയ്തത്.

അതേസമയം, 'മീഡിയപാർട്ട്' റിപ്പോർട്ട് ഒസിസിആർപി തള്ളിയിട്ടുണ്ട്. തീർത്തും തെറ്റായ വാദങ്ങളാണു മാധ്യമം ഉയർത്തുന്നതെന്ന് വാർത്താ കുറിപ്പിൽ പ്രതികരിച്ചു. തങ്ങളുടെ മാധ്യമപ്രവർത്തനത്തിന് ഒരു പരിധിയുമില്ലെന്നും സംഭാവന നൽകുന്നവർ തങ്ങളുടെ റിപ്പോർട്ടിങ്ങിനെ സ്വാധീനിക്കുന്നില്ലെന്നും കുറിപ്പിൽ വാദിച്ചിരുന്നു.

Summary: French outlet 'Mediapart' accuses BJP of using its report to spread misinformation on OCCRP, George Soros and congress

TAGS :

Next Story