Quantcast

തലമറച്ച് കളി പറ്റില്ല; കായികരംഗത്ത് ഹിജാബ് നിരോധനത്തിനൊരുങ്ങി ഫ്രാൻസ്

2024ലെ പാരിസ് ഒളിംപിക്‌സിന് പുതിയ നിയമം ബാധകമാകാനിടയുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല

MediaOne Logo

Web Desk

  • Published:

    21 Jan 2022 10:31 AM GMT

തലമറച്ച് കളി പറ്റില്ല; കായികരംഗത്ത് ഹിജാബ് നിരോധനത്തിനൊരുങ്ങി ഫ്രാൻസ്
X

കളിക്കളത്തില്‍ ഹിജാബ് ധരിക്കുന്നത് വിലക്കാനൊരുങ്ങി ഫ്രാൻസ്. കായിക മത്സരങ്ങളിലടക്കം ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ബിൽ ഫ്രഞ്ച് സെനറ്റിൽ പാസായി. നാഷനൽ അസംബ്ലി കൂടി ബില്ലിന് അംഗീകാരം നൽകിയാൽ നിരോധനം ഔദ്യോഗികമായി നടപ്പാകും.

തീവ്ര വലതുപക്ഷ പാർട്ടിയായ ലെസ് റിപബ്ലിക്കൻസ് പ്രതിനിധികളാണ് സെനറ്റിൽ ബിൽ അവതരിപ്പിച്ചത്. കളിക്കളത്തില്‍ നിഷ്പക്ഷത നിര്‍ബന്ധമാണെന്നു പറഞ്ഞാണ് വിലക്കിനു നീക്കം. ഫ്രഞ്ച് ഭരണകൂടം എതിർത്തെങ്കിലും 143നെതിരെ 160 വോട്ടുകൾക്കാണ് ബിൽ സെനറ്റിൽ പാസായത്. സ്‌പോർട്‌സ് ഫെഡറേഷനുകൾ സംഘടിപ്പിക്കുന്ന പരിപാടികളിലും മത്സരങ്ങളിലും സ്പഷ്ടമായ മതചിഹ്നങ്ങൾ ധരിച്ച് പങ്കെടുക്കുന്നതിനാണ് ബില്ലിൽ വിലക്കേർപ്പെടുത്തിയത്.

തലമറച്ച് കായിക മത്സരങ്ങൡ പങ്കെടുക്കുന്നത് അത്‌ലറ്റുകളുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് ബില്ലിൽ ചൂണ്ടിക്കാട്ടുന്നു. നിയമം ഔദ്യോഗികമായി നടപ്പായാൽ ഫ്രാൻസിൽ ഇനിമുതൽ കായിക ഇനങ്ങളിൽ തലമറച്ച് പങ്കെടുക്കാനാകില്ല. 2024ലെ പാരിസ് ഒളിംപിക്‌സിനും ഇതു ബാധകമാകാനിടയുണ്ട്. ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതേക്കുറിച്ച് പ്രതികരിക്കാൻ ഒളിംപിക്‌സ് സംഘാടക സമിതിയും തയാറായിട്ടില്ല. ഔദ്യോഗിക മത്സരങ്ങളിൽ ഹിജാബ് ധരിച്ച് കളിക്കുന്നതിന് നേരത്തെ ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

സെനറ്റ്, നാഷനൽ അസംബ്ലി അംഗങ്ങൾ ചേർന്നുള്ള കമ്മീഷൻ പുതിയ ബില്ല് പരിശോധിക്കുമെന്നാണ് അറിയുന്നത്. ഔദ്യോഗികമായി നിയമമായി പുറത്തിറക്കുംമുൻപ് ബില്ലുമായി ബന്ധപ്പെട്ട് ഒരു സമന്വയമുണ്ടാക്കും. അൽപം ഭേദഗതികളോടെയാണെങ്കിലും നിയമം നടപ്പാകുമെന്നാണ് ഫ്രഞ്ച് രാഷ്ട്രീയവിദഗ്ധർ നൽകുന്ന വിവരം.

Summary: The French Senate has voted in favour of banning the wearing of hijabs in sports competitions, arguing that neutrality is a requirement on the field of play.

TAGS :

Next Story