ജീസസ് മുതൽ ജോർജ് വാഷിംഗ്ഡൺ വരെ; ട്വിറ്ററിൽ ബ്ലൂ ടിക്ക് വ്യാജന്മാർ വിലസുന്നു
ഹൈ പ്രൊഫൈൽ അക്കൗണ്ടുകൾക്ക് നൽകുന്ന ബ്ലൂ ടിക്ക് എട്ട് ഡോളർ അടയ്ക്കുന്ന ആർക്കും ലഭ്യമാക്കുമെന്ന് ട്വിറ്റർ തീരുമാനിച്ചിരുന്നു
വെരിഫൈഡ് അക്കൗണ്ടുകൾക്കുള്ള ട്വിറ്ററിലെ ബ്ലൂ ടിക്ക് (നീല ശരി ചിഹ്നം) ലഭിച്ചത് ജീസസ് ക്രൈസ്റ്റ് മുതൽ ജോർജ് വാഷിംഗ്ഡൺ വരെയുള്ളവർക്ക്. ഹൈ പ്രൊഫൈൽ അക്കൗണ്ടുകൾക്ക് നൽകുന്ന ബ്ലൂ ടിക്ക് എട്ട് ഡോളർ (644.20 രൂപ) അടയ്ക്കുന്ന ആർക്കും ലഭ്യമാക്കുമെന്ന് ട്വിറ്റർ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഒട്ടനവധി അക്കൗണ്ടുകൾ ബ്ലൂ ടിക്കോടെ പ്രത്യക്ഷപ്പെട്ടത്. പ്രമുഖ വ്യക്തികളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ ബ്ലൂ ടിക്കോടെ സൃഷ്ടിക്കപ്പെടാനും ഈ നീക്കം കാരണമായി. ബ്ലൂ ടിക്ക് ചിഹ്നത്തിനായി ഒരു മാസത്തിൽ 719 രൂപയാണ് ഇന്ത്യയിൽ നൽകേണ്ടത്.
'എന്ത് കൊണ്ടാണ് എന്നെ വ്യാജനായി കാണുന്നത്' എന്ന ചോദ്യത്തോടെ ബ്ലൂ ടിക്കുള്ള ജീസസ് ക്രൈസ്റ്റിനെ കുറിച്ചുള്ള സിഎൻഎൻ വാർത്ത സഹിതം വ്യാജ അക്കൗണ്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. ജീസസേ എന്നെ ഫോളോവറായി സ്വീകരിക്കണേയെന്ന് അപേക്ഷയുമായി ചിലർ രംഗത്തെത്തുകയും ചെയ്തു.
ചില പ്രമുഖ കമ്പനികളുടെ പേരിൽ സൃഷ്ടിക്കപ്പെട്ട വ്യാജ അക്കൗണ്ടുകൾ അവർക്ക് വലിയ പണിയാണ് നൽകിയത്. നിന്റേഡോ ഐഎൻസിയുടെ വ്യാജ അക്കൗണ്ട് മധ്യവിരൽ ഉയർത്തിപ്പിച്ച സൂപ്പർ മാരിയോയുടെ ചിത്രം പോസ്റ്റ് ചെയ്തു. ഫാർമ ഭീമനായ എലി ലില്ലിയുടെ അക്കൗണ്ട് ട്വീറ്റ് ചെയ്തത് ഇൻസുലിൻ ഇനി മുതൽ സൗജന്യമെന്നായിരുന്നു. ഇതോടെ കമ്പനി മാപ്പു പറഞ്ഞിരിക്കുകയാണ്. ട്വിറ്ററിനെ ഇലോൺ മസ്‌ക് ഏറ്റെടുത്തതിനെ തുടർന്ന് ബുധനാഴ്ച ഒഫീഷ്യൽ ടാഗ് ഒഴിവാക്കിയിരുന്നു. പിന്നീട് വ്യാജന്മാരെ ചെറുക്കാൻ ഇത് തിരിച്ചുകൊണ്ടുവരികയായിരുന്നു.
ബ്ലൂ ടിക്ക് വ്യാജന്മാർ രംഗത്ത് വന്നതിൽ ട്വിറ്ററിന്റെ പുതിയ ഉടമ ഇലോൺ മസ്‌ക് പ്രതികരിച്ചു. 'പാരഡി ചെയ്യുന്ന അക്കൗണ്ടുകൾ ബയോയിൽ മാത്രമല്ല, പേരിലും പാരഡിയാണെന്ന് കാണിക്കണം' എന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്. കഴിഞ്ഞ മാസം 44 ബില്യൺ ഡോളറിനാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തത്. അതിനിടെ, ട്വിറ്ററിൽ തൊഴിൽ പ്രതിസന്ധി രൂക്ഷമായി തുടരുകയാണെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. എക്സിക്യൂട്ടീവുകളായ - യോയൽ റോത്ത്, റോബിൻ വീലർ എന്നിവർ കമ്പനിയിൽ നിന്ന് രാജിവച്ചിരുന്നു. സബ്‌സ്‌ക്രിപ്ഷൻ വഴി കൂടുതൽ പണം എത്തിയില്ലെങ്കിൽ പ്രശ്‌നം വർധിക്കുമെന്ന് ഇലോൺ മസ്‌ക് മുന്നറിയിപ്പ് നൽകി. പാപ്പർസ്യൂട്ട് ഫയൽ ചെയ്യേണ്ട സാഹചര്യമെന്നും മസ്‌ക് അറിയിച്ചു.
ആഴ്ചയിൽ കുറഞ്ഞത് 40 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്നാണ് പുതിയ നിബന്ധന. ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലായത് ട്വിറ്ററിൻറെ പരസ്യ വരുമാനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. വർക്ക് ഫ്രം ഹോം സംവിധാനം തുടർന്ന് ലാഭമുണ്ടാക്കാനാണ് കമ്പനിയുടെ തീരുമാനം. ട്വിറ്ററിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസർ ലിയ കിസ്നർ രാജിവച്ചിരുന്നു. ചീഫ് പ്രൈവസി ഓഫീസർ ഡാമിയൻ കീറൻ, ചീഫ് കംപ്ലയൻസ് ഓഫീസർ മരിയാനെ ഫോഗാർട്ടി എന്നിവരും രാജി സമർപ്പിച്ചിരുന്നു. കൂട്ടരാജിയെ തുടർന്ന് ട്വിറ്ററിനെ 'അഗാധമായ ആശങ്കയോടെ' വീക്ഷിക്കുകയാണെന്ന് യു.എസ് ഫെഡറൽ ട്രേഡ് കമ്മീഷൻ പറഞ്ഞു. ട്വിറ്ററിലെ എല്ലാ ജീവനക്കാരുമായും നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ, അടുത്ത വർഷം കമ്പനിക്ക് കോടിക്കണക്കിന് ഡോളർ നഷ്ടമാകുമെന്ന് മസ്‌ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇലോൺ മസ്‌ക് ട്വിറ്റർ ഉടമസ്ഥാവകാശം ഏറ്റെടുത്തിനു പിന്നാലെ ട്വിറ്റർ സി.ഇ.ഒ പരാഗ് അഗ്രവാളിനെ പുറത്താക്കിയിരുന്നു. ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗാൾ, പോളിസി ചീഫ് വിജയ ഗദ്ദെ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെയും പുറത്താക്കി. തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചാണ് ഇലോൺ മസ്‌ക് ഉദ്യോഗസ്ഥരെ പുറത്താക്കിയത്. സ്പാം ബോട്ടുകളെ ഒഴിവാക്കാനും ട്വിറ്റർ ഉപയോക്താക്കൾക്ക് ഉള്ളടക്കം എങ്ങനെ ലഭ്യമാക്കണമെന്ന് നിർണയിക്കുന്ന അൽഗോരിതം പൊതുവായി ലഭ്യമാക്കാനും ആഗ്രഹിക്കുന്നുവെന്ന് മസ്‌ക് വ്യക്തമാക്കി. വിദ്വേഷത്തിനും വിഭജനത്തിനുമുള്ള പ്ലാറ്റ്‌ഫോമായി ട്വിറ്ററിനെ മാറ്റുന്നത് തടയുമെന്നും മസ്‌ക് അവകാശപ്പെട്ടു.
ട്വിറ്ററിലെ ഏകദേശം 7500 ജീവനക്കാർ ഭാവിയെ കുറിച്ച് ആശങ്കയിലാണ്. 75 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ മസ്‌ക് പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ കൂടുതൽ പണം സമ്പാദിക്കാനല്ല താൻ ട്വിറ്റർ വാങ്ങിയതെന്നും മനുഷ്യരാശിയെ സഹായിക്കുകയാണ് ലക്ഷ്യമെന്നും ഇലോൺ മസ്‌ക് അവകാശപ്പെടുന്നു. 4400 കോടി ഡോളറാണ് ട്വിറ്ററിന് ഇലോൺ മസ്‌കിട്ട വില. എന്നാൽ ഇടയ്ക്ക് ഇടപാടിൽ നിന്നും പിൻമാറുകയാണെന്ന് മസ്‌ക് വ്യക്തമാക്കുകയുണ്ടായി. കരാറിലെ വ്യവസ്ഥകൾ ട്വിറ്റർ ലംഘിച്ചെന്നും വ്യാജഅക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നുമായിരുന്നു പരാതി. സ്പാം, വ്യാജ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ട്വിറ്റർ തയ്യാറായില്ലെങ്കിൽ, കരാറിൽ നിന്ന് പിന്നോട്ടുപോകുമെന്നാണ് മസ്‌ക് മുന്നറിയിപ്പ് നൽകിയത്. ഇത് സങ്കീർണമായ കോടതി വ്യവഹാരങ്ങളിലേക്ക് നയിച്ചതോടെ ട്വിറ്റർ ഏറ്റെടുക്കുമെന്ന് മസ്‌ക് വ്യക്തമാക്കുകയായിരുന്നു.
From Jesus to George Washington; Blue Tick fakers are rampant on Twitter
Adjust Story Font
16