Quantcast

ടെസ്‌ല ഷോറൂമുകള്‍ക്ക് മുമ്പില്‍ മസ്കിനെതിരെ വീണ്ടും പ്രതിഷേധം; ജര്‍മനിയില്‍ ഏഴ് ടെസ്‌ല കാറുകള്‍ കത്തിനശിച്ചു

ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായി മസ്‌ക് ഭരണം തുടങ്ങിയതില്‍ പിന്നെ 30 ശതമാനമാണ് ടെസ്‌ലയുടെ ഓഹരി ഇടിഞ്ഞത്

MediaOne Logo

Web Desk

  • Updated:

    30 March 2025 6:05 AM

Published:

30 March 2025 5:46 AM

ടെസ്‌ല ഷോറൂമുകള്‍ക്ക് മുമ്പില്‍ മസ്കിനെതിരെ വീണ്ടും പ്രതിഷേധം; ജര്‍മനിയില്‍ ഏഴ് ടെസ്‌ല കാറുകള്‍ കത്തിനശിച്ചു
X

വാഷിങ്ടൺ: ഇലോണ്‍ മസ്‌കിനെതിരെ ടെസ്‌ല ഷോറൂമുകള്‍ക്ക് മുമ്പിലുള്ള പ്രതിഷേധം തുടരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴിലുള്ള ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ (ഡോജ്) നേതൃസ്ഥാനത്ത് നിന്ന് മസ്‌കിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ടെസ്‌ല ഷോറുമുകള്‍ക്ക് മുമ്പില്‍ പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്.

യുഎസ്, ആസ്ട്രേലിയ, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി തുടങ്ങി യൂറോപ്പിലെ നഗരങ്ങളിലും പ്രതിഷേധക്കാര്‍ ഒത്തുകൂടിയിട്ടുണ്ട്. ഇന്നലെ വടക്കുപടിഞ്ഞാറന്‍ ജര്‍മനിയില്‍ ഒരു കൂട്ടം പ്രതിഷേധക്കാർ ഏഴ് ടെസ്‌ല കാറുകൾ കത്തിച്ചു. മാന്‍ഹട്ടനിലെ ന്യൂയോര്‍ക്ക് സ്റ്റോറിന് മുന്നില്‍ 800ല്‍ അധികം ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. മസ്‌ക് ട്രംപ് ഭരണകൂടത്തില്‍ നിന്ന് രാജിവെക്കണമെന്നാണ് ഇവരുടെ ആവശ്യം.

യുഎസ് ഫെഡറല്‍ സര്‍ക്കാരിനെ തകര്‍ക്കാനുള്ള മസ്‌കിന്റെ ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുക എന്നതായിരുന്നു കാലിഫോര്‍ണിയിലെ പ്രതിഷേധത്തിലെ മുദ്രാവാക്യം. ടെസ്‌ല വാങ്ങരുത്, ടെസ്‌ലയുടെ ഓഹരികള്‍ വിറ്റഴിക്കുക, ടെസ്‌ല ടേക്ക്ഡൗൺ ബഹിഷ്‌ക്കരണ പ്രസ്ഥാനത്തില്‍ പങ്കാളിയാവുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് വെക്കുന്നത്.

ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായി മസ്‌ക് ഭരണം തുടങ്ങിയതില്‍ പിന്നെ 30 ശതമാനമാണ് ടെസ്‌ലയുടെ ഓഹരി ഇടിഞ്ഞത്. ഇത്തരം പ്രതിഷേധങ്ങള്‍ നടക്കുന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഇലോണ്‍ മസ്‌ക് തയ്യാറായിട്ടില്ല. അതേസമയം ഡോജ് തലവന്‍ സ്ഥാനത്ത് നിന്ന് പിന്മാറാന്‍ ഇലോൺ മസ്‌ക്‌ പദ്ധതിയിടുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

TAGS :

Next Story