Quantcast

പെട്രോളില്ലാത്തതിനാൽ ആശുപത്രിയിലെത്തിക്കാൻ വൈകി; ശ്രീലങ്കയിൽ രണ്ടുദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

സംഭവത്തിന് ഉത്തരവാദികളായ പ്രസിഡന്റ് അടക്കമുള്ളവർ രാജിവെക്കണമെന്ന് മഹേല ജയവർധന

MediaOne Logo

Web Desk

  • Published:

    24 May 2022 6:52 AM GMT

പെട്രോളില്ലാത്തതിനാൽ ആശുപത്രിയിലെത്തിക്കാൻ വൈകി; ശ്രീലങ്കയിൽ രണ്ടുദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
X

കൊളംബോ: വാഹനത്തിൽ പെട്രോളില്ലാത്തതിനാൽ ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. സെൻട്രൽ ഹൈലാൻഡിലെ ദിയതലാവ ആശുപത്രിയിലെ ജുഡീഷ്യൽ മെഡിക്കൽ ഓഫീസർ സനക റോഷൻ പതിരണയാണ് കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടത്തി ഹൃദയഭേദകമായ കഥ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

കൊളംബോയിൽ നിന്ന് 190 കിലോമീറ്റർ അകലെയുള്ള ഹൽദാമുല്ലയിലെ മാതാപിതാക്കളുടെ കുഞ്ഞിന് മഞ്ഞപ്പിത്തം ബാധിക്കുകയും മുലയൂട്ടാൻ സാധിക്കാതെ വരികയും ചെയ്യുകയായിരുന്നു. തുടർന്ന് ഇവർ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ നോക്കുമ്പോഴാണ് വാഹനത്തിൽ പെട്രോളില്ലെന്ന് മനസിലാകുന്നത്. പെട്രോൾ കിട്ടാൻ വേണ്ടി മണിക്കൂറുകളോളമാണ് പിതാവ് പലയിടത്തും അലഞ്ഞത്. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞിന്റെ നില വഷളാകുകയായിരുന്നു. കുഞ്ഞിനെ ആശുപത്രിയിലെ എമർജൻസി ട്രീറ്റ്‌മെന്റ് യൂണിറ്റിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

കുഞ്ഞിന്റെ അവയവങ്ങൾ വളർച്ചയെത്താത്തതിനാൽ പോസ്റ്റ്മോർട്ടം നടത്തിയത് വേദനയോടെയായിരുന്നെന്ന് ജുഡീഷ്യൽ മെഡിക്കൽ ഓഫീസർ സനക റോഷൻ പതിരണ പറയുന്നു. ഒരു ലിറ്റർ പെട്രോളുണ്ടായിരുന്നെങ്കിൽ അവർക്ക് കുട്ടിയെ രക്ഷിക്കാനാവുമായിരുന്നെന്നും അത് ആ മാതാപിതാക്കളെ എക്കാലവും വേട്ടയാടുമെന്നും അവർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

അതേ സമയം ഈ സംഭവത്തിന് ഉത്തരവാദികളായ പ്രസിഡന്റ് രാജി വെക്കണമെന്ന് ശ്രീലങ്കൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേല ജയവർധന ആവശ്യപ്പെട്ടു.

'ഒരു പിതാവ് എന്ന നിലയിൽ, ഗോതബയ രജപക്‌സെ ഇത് വായിക്കുകയും എന്തെങ്കിലും കുറ്റബോധമുണ്ടെങ്കിൽ, ഈ അവസ്ഥയ്ക്കും ഈ ഭരണത്തിന്റെ ഭാഗമായ മറ്റെല്ലാവർക്കും നേരിട്ട് ഉത്തരവാദിയായതിനാൽ അവർ ഉടൻ രാജിവയ്ക്കണം, അവർ എന്താണ് അനുഭവിക്കുന്നതെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ' എന്നും ജയവർധന ട്വിറ്ററില്‍ കുറിച്ചു.

ശ്രീലങ്കയിൽ ഇന്ധനപ്രതിസന്ധിയുടെ രൂക്ഷത വ്യക്തമാക്കുന്നതാണ് ഈ സംഭവം.

TAGS :

Next Story