ജി7 രാജ്യങ്ങളുടെ യോഗം ഇന്ന്; അഫ്ഗാനിലെ സേനാ പിൻമാറ്റം നീട്ടുന്നത് ചർച്ചയാകും
വിദേശ സേനകളുടെ പിൻമാറ്റം നീണ്ടാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് അമേരിക്കക്ക് താലിബാന്‍റെ മുന്നറിയിപ്പ്
അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ ജി7 രാജ്യങ്ങൾ ഇന്ന് യോഗം ചേരും. സേനാ പിന്മാറ്റം ആഗസ്റ്റ് 31ന് അപ്പുറത്തേക്കു നീട്ടുന്നത് അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. വിദേശ സേനകളുടെ പിൻമാറ്റം നീണ്ടാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് അമേരിക്കക്ക് താലിബാന്‍റെ മുന്നറിയിപ്പ്.
അഫ്ഗാനിസ്ഥാനിൽ നിന്ന് വിദേശ സേന പൂർണമായും പിൻവലിക്കാൻ വെറും ഏഴു ദിവസമാണ് അവശേഷിക്കുന്നത്. ആഗസ്റ്റ് 31ന് ശേഷം വിദേശ സൈന്യം അഫ്ഗാനിൽ തുടർന്നാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് താലിബാൻ അമേരിക്കക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടെയാണ് ജി7 രാജ്യങ്ങൾ ഇന്ന് സുപ്രധാന യോഗം ചേരുന്നത്.
അഫ്ഗാനില്‍നിന്നുള്ള രക്ഷാദൗത്യം സുഗമമാക്കുന്നതിനും താലിബാനോടുള്ള നിലപാട് രൂപീകരിക്കുന്നതിനുമാണ് ജി7 രാജ്യങ്ങൾ ഇന്ന് യോഗം വിളിച്ചത്. വെര്‍ച്വലായാണ് യോഗം നടക്കുക. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് നിലവില്‍ ജി-7 ഗ്രൂപ്പിന്‍റെ അധ്യക്ഷന്‍. അമേരിക്ക, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, കാനഡ എന്നിവരാണ് മറ്റു അംഗരാജ്യങ്ങള്‍. അഫ്ഗാനിൽ നിന്ന് പുറത്തുകടക്കാൻ താത്പര്യമുള്ള എല്ലാവരും രക്ഷപ്പെടുന്നത് വരെ യുഎസ് സൈന്യം അഫ്ഗാനില്‍ തുടരാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി യോഗത്തിൽ ആവശ്യപ്പെടും എന്നാണ് സൂചന.
ജി-7 രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ ദിവസങ്ങള്‍ യുഎസ് സൈന്യം അഫ്ഗാനില്‍ തുടരുന്ന കാര്യം പരിഗണിക്കുമെന്ന് നേരത്തെ യുഎസ് പ്രസഡന്റ് ജോ ബൈഡൻ അറിയിച്ചിരുന്നു. താലിബാന്റെ ഭീഷണി ജി7 രാജ്യങ്ങൾ എങ്ങനെ കാണുന്നു എന്നതിന് ഇന്നത്തെ യോഗത്തിൽ ഉത്തരമുണ്ടാകും.
താലിബാനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്ന കാര്യവും ഇന്നത്തെ യോഗത്തിൽ ആലോചിക്കും. അഫ്ഗാനില്‍നിന്നുള്ള സൈനിക പിന്മാറ്റത്തിന്‍റെ പേരില്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനുമെല്ലാം സ്വന്തം രാജ്യങ്ങളിൽ കടുത്ത പഴി കേൾക്കുന്നുണ്ട്. താലിബാനെതിരെ ഉപരോധം പ്രഖ്യാപിച്ച് ഈ വിമർശനങ്ങളെ മറികടക്കാനും സാധ്യതയുണ്ട്.
Adjust Story Font
16