Quantcast

ഗസ്സയിലെ വെടിനിർത്തൽ: ചർച്ചയിൽ പുരോഗതിയെന്ന് അമേരിക്ക

അറബ് രാജ്യങ്ങൾ വെടിനിർത്തലിനായി വലിയ സമ്മർദം ചെലുത്തുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    15 Feb 2024 1:03 AM GMT

gaza ceasefire
X

ലക്ഷങ്ങൾ അഭയാർഥികളായി കഴിയുന്ന റഫയിൽ കരയാക്രമണം കടുപ്പിക്കാനുള്ള ഇസ്രായേൽ നീക്കത്തിനു പിന്നാലെ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നു. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ കൈറോയിൽ നടക്കുന്ന ചർച്ചയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് യു.എസ് ദേശീയ സുരക്ഷ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.

ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽ-സിസി, ഖത്തർ പ്രധാനമന്ത്രി, സി.ഐ.എ ഡയറക്ടർ വില്യം ബേൺസ് എന്നിവർ ചൊവ്വാഴ്ച കെയ്‌റോയിൽ വെടിനിർത്തൽ ചർച്ച നടത്തിയിരുന്നു. എന്നാൽ, ഒന്നര മാസത്തെ വെടിനിർത്തലെന്ന യു.എസ് നിർദേശം അംഗീകരിക്കുമെങ്കിലും ബന്ദികൾക്കു പകരം കൂടുതൽ തടവുകാരെ വിട്ടയക്കാൻ പറ്റില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്.

അറബ് രാജ്യങ്ങൾ വെടിനിർത്തലിനായി വലിയ സമ്മർദം ചെലുത്തുന്നുണ്ട്. അമേരിക്കയിലെത്തിയ ജോർദാൻ രാജാവും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഈജിപ്തിലെത്തുന്ന മൊസാദ് തലവൻ സി.ഐ.എ ഡയറക്ടറുമായി തുടർ ചർച്ചകൾ നടത്തും.

ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന ഭിന്നതകൾ അവസാനിപ്പിച്ച് ഗസ്സ വിഷയം ചർച്ചചെയ്യാൻ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഈജിപ്തിലെത്തി. ദുബൈയിൽനിന്ന് പ്രഥമ വനിത അമിൻ ഉർദുഗാനൊപ്പം കൈറോ വിമാനത്താവളത്തിലെത്തിയ തുർക്കിയ പ്രസിഡന്റിനെ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി സ്വീകരിച്ചു.

വെടിനിർത്തൽ വ്യവസ്ഥകൾ പുറത്തുവന്നിട്ടില്ലെങ്കിലും ചർച്ച ശരിയായ ദിശയിലാണെന്ന് ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വീട് നഷ്ടപ്പെട്ട് അഭയാർഥികളായ 14 ലക്ഷത്തോളം പേർ തിങ്ങിത്താമസിക്കുന്ന റഫയിൽ ആക്രമണം നടന്നാൽ സമാനതകളില്ലാത്ത ദുരന്തത്തിനായിരിക്കും സാക്ഷ്യംവഹിക്കേണ്ടി വരികയെന്ന് മധ്യസ്ഥർ ഇസ്രായേലിനെ അറിയിച്ചിട്ടുണ്ട്. നിരപരാധികളുടെ കൂട്ടക്കുരുതി അനുവദിക്കില്ലെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ബൈഡൻ ഭരണകൂടം ഇസ്രായേലിന് സൈനിക സഹായം തുടരുകയാണ്.

ഖാൻ യൂനിസിലെ അൽ നാസർ, അൽ അമൽ ആശുപത്രികൾക്ക് സമീപം കനത്ത പോരാട്ടം തുടരുകയാണ് ഇസ്രായേൽ സൈന്യം. അതേസമയം, ഖാൻയൂനുസിലെ നാസർ ആശുപത്രി വളഞ്ഞ ഇസ്രായേൽ സേന രോഗികളോടും ജീവനക്കാരോടും ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. നിരവധി അഭയാർഥികളും ആശുപത്രി പരിസരത്തുണ്ട്. ആശുപത്രിക്കു ചുറ്റും രൂക്ഷ പോരാട്ടമാണ് നടക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആശുപത്രിയുടെ വടക്കേ പ്രവേശന കവാടം തകർത്ത ഇസ്രായേൽ സേന കെട്ടിടാവശിഷ്ടങ്ങളും മണലും ഉപയോഗിച്ച് വഴിയടച്ചു. ഡോക്ടർമാർക്കും നഴ്സുമാർക്കും നേരെ വെടിയുതിർക്കുകയാണ്. ആശുപത്രി മുറ്റത്തും മൃതദേഹങ്ങൾ കുന്നുകൂടിക്കിടക്കുന്നുണ്ട്.

നാസർ ആശുപത്രിയിൽ നിന്ന് രോഗികൾക്കും ജീവനക്കാർക്കും പുറത്തുപോകാൻ സുരക്ഷിത യാത്രക്ക് സാഹചര്യമൊരുക്കണമെന്ന് ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് ആവശ്യപ്പെട്ടു. ഗസ്സയിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യപ്പെട്ട് ചിലിയിൽ ബഹുജന പ്രതിഷേധം നടന്നു. ചിലിയിലെ സാൻറിയാഗോ പ്രവിശ്യയിലാണ് 'ഇസ്രായേലിന്റെ ക്രിമിനൽ എംബസി പൂട്ടുക' എന്ന മുദ്രാവാക്യവുമായി നിരവധി പേർ സംഘടിച്ചത്.

TAGS :

Next Story