Quantcast

വടക്കന്‍ ഗസ്സയില്‍ ആക്രമണം; ഇരുനൂറിലേറെ മരണം, അധിനിവേശം നിർത്താതെ ബന്ദികൈമാറ്റ ചർച്ചക്കില്ലെന്ന്​ ഹമാസ്​

അമേരിക്കയ്ക്ക് പുറമെ ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി,സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും ഗൾഫ് മേഖലയിൽ നിന്ന് ബഹ്റൈനും ബഹുരാഷ്ട്ര സേനയുടെ ഭാഗമാകും

MediaOne Logo

Web Desk

  • Published:

    19 Dec 2023 12:59 AM GMT

Israeli strikes kill 110 in Jabalia
X

തെല്‍ അവിവ്: വടക്കൻ ഗസ്സയിലെ ജബാലിയയിലും മറ്റും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇരുനൂറിലേറെ മരണം. ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 19,453 ആയി. സിവിലിയൻ കുരുതി പരമാവധി നിജപ്പെടുത്തി ഹമാസിനെ തുരത്താനുള്ള യുദ്ധം ഇസ്രായേലിന്​ തുടരാമെന്ന്​ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്​ഡ്​ ഓസ്​റ്റിൻ. അധിനിവേശം നിർത്താതെ ബന്ദികൈമാറ്റ ചർച്ചക്കില്ലെന്ന്​ ഹമാസ്​ നേതാവ്​ ഒസാമ ഹംദാൻ. ചെങ്കടൽ മുഖേനയുള്ള ചരക്കുകടത്തിൽ നിന്ന്​ ഷിപ്പിങ്​ കമ്പനികൾ പിൻമാറിയിരിക്കെ, കപ്പലുകളുടെ സുരക്ഷക്ക് ബഹുരാഷ്ട്ര സേനയെത്തുമെന്ന് യുഎസ് അറിയിച്ചു. അമേരിക്കയ്ക്ക് പുറമെ ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി,സ്പെയിൻ തുടങ്ങിയ രാജ്യങ്ങളും ഗൾഫ് മേഖലയിൽ നിന്ന് ബഹ്റൈനും ബഹുരാഷ്ട്ര സേനയുടെ ഭാഗമാകും.

യൂറോപ്പ്​ ഉൾപ്പെടെ അന്തർദേശീയ സമൂഹം വെടിനിർത്തലിനായി മുറവിളി ശക്​തമാക്കിയിട്ടും അമേരിക്ക നൽകുന്ന പിന്തുണയിൽ ഗസ്സയിൽ ഇസ്രായേലി​ന്‍റെ ​കൊടും ക്രൂരത തുടരുകയാണ്​. ജബാലിയയിൽ മാത്രം 112 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനുസ്​, ശുജാഇയ, റഫ എന്നിവിടങ്ങളിലും ഇസ്രായേൽ ആക്രമണങ്ങളിൽ കുഞുങ്ങൾ ഉൾപ്പെടെ നിരവധി പേർ​ കൊല്ലപ്പെട്ടു. മരണം ഇരുപതിനായിരത്തിലേക്ക്​ അടുക്കുകയും പരിക്കേറ്റവരുടെ എണ്ണം അര ലക്ഷം കടക്കുകയും ചെയ്​തു. എങ്കിലും ആക്രമണത്തി​ന്‍റെ തീവ്രത കുറക്കില്ലെന്ന്​​ ഇസ്രായേൽ പ്രതിരോധ മന്ത്രി ഗാലൻറ്​. യു.എസ്​ പ്രതിരോധ സെക്രട്ടറി ലോയ്​ഡ്​ ഓസ്​റ്റിനൊപ്പം തെൽ അവീവിൽ സംയുക്​ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗാലൻറ്​.

ബന്ദികളുടെ കൈമാറ്റ ചർച്ചയും വഴിമുട്ടി. അധിനിവേശം അവസാനിപ്പിച്ചു മതി ചർച്ചയെന്ന നിലപാടിൽ ഹമാസ്​ ഉറച്ചു നിൽക്കെ, മധ്യസ്​ഥ രാജ്യങ്ങളും കൈമലർത്തുകയാണ്​. ബന്ദികളെ ഉടൻ തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ട്​ ഇന്നലെ രാത്രിയും പ്രതിരോധ മന്ത്രാലയത്തിനു മുമ്പാകെ ആയിരങ്ങൾ പ്രകടനം നടത്തി. പ്രായം ചെന്ന മൂന്ന്​ ബന്ദികളുടെ സഹായാഭ്യഥന ഹമാസ്​ വീഡിയോയിലൂടെ പുറത്തുവിട്ടു.

ഹൂത്തി ആക്രമണം ശക്തമായ സാഹചര്യത്തിൽ ചെങ്കടൽ വഴിയുള്ള കപ്പൽ ഗതാഗതത്തിൽ നിന്ന്​ കൂടുതൽ ഷിപ്പിങ്​ കമ്പനികൾ പിൻവാങ്ങി. കപ്പലുകൾക്കു നേരെയുള്ള നേരെയുള്ള ഹൂത്തി ഭീഷണി അന്താരാഷ്​ട്ര വാണിജ്യത്തിനു നേരയുള്ള കടന്നുകയറ്റമാണെന്ന്​ യു.എസ്​ പ്രതിരോധ സെക്രട്ടറി ലോയ്​ഡ്​ ഓസ്​റ്റിൻ കുറ്റപ്പെടുത്തി.

മേഖലയിലെ സഖ്യരാജ്യങ്ങളുടെ ​ഇന്നുചേരുന്ന വെർച്വൽ യോഗത്തിൽ കൂട്ടായ നടപടി ചർച്ചയാകുമെന്നും ലോയ്​ഡ്​ ഓസ്റ്റിൻ. ​ഇന്നലെയും രണ്ട്​ കപ്പലുകൾ ഹൂത്തികൾ അക്രമിച്ചിരുന്നു. ഇസ്രായേലിലേക്കും ഇസ്രായേൽ ഉടമസ്​ഥതയിലുള്ളതുമായ കപ്പലുകൾക്ക്​ നേരെ മാത്രമായിരിക്കും നടപടിയെന്ന്​ ഹൂത്തികൾ. ലബനാനിൽ ഹിസ്​ബുല്ല കേന്ദ്രങ്ങൾക്കു നേരെയും ഇസ്രായേൽ ആക്രമണം തുടർന്നു. ഗസ്സയിൽ വെടിനിർത്തൽ പ്രമേയം യു.എൻ രക്ഷാസമിതി ഇന്ന്​ ചർച്ചക്കെടുക്കും.

TAGS :

Next Story