Quantcast

പൊട്ടാത്ത ഡസൺ കണക്കിന് ഇസ്രായേലി ബോംബുകൾ നിർവീര്യമാക്കിയെന്ന് ഗസ്സ പൊലീസ്

മൂന്ന് ലക്ഷത്തോളം ഫലസ്തീനികളാണ് വടക്കൻ ഗസ്സയിലേക്ക് മടങ്ങുന്നത്.

MediaOne Logo

Web Desk

  • Published:

    28 Jan 2025 11:04 AM

Gaza police neutralised dozens of unexploded Israeli bombs: Media Office
X

ഗസ്സ: ഇസ്രായേൽ വർഷിച്ച ഡസൺ കണക്കിന് ബോംബുകളും മിസൈലുകളും വെടിക്കോപ്പുകളും നിർവീര്യമാക്കിയെന്ന് ഗസ്സ പൊലീസ്. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം. ചുറ്റുപാടുകൾ കൃത്യമായി നിരീക്ഷിക്കണം. സംശയകരമായ ഉപകരണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികാരികളെ അറിയിക്കണമെന്നും ഗസ്സ സർക്കാരിന്റെ മാധ്യമ വിഭാഗം ടെലഗ്രാം സന്ദേശത്തിൽ വ്യക്തമാക്കി. തെക്കൻ, മധ്യ ഗവർണറേറ്റുകളിൽനിന്ന് വടക്കൻ ഗസ്സയിലേക്ക് മടങ്ങുന്നവരെ സഹായിക്കാൻ 5,500 സർക്കാർ ജീവനക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും മാധ്യമവിഭാഗം അറിയിച്ചു.

അതിനിടെ 'അനധികൃത' വഴികളിലൂടെ വടക്കൻ ഗസ്സയിലേക്ക് മടങ്ങാൻ ശ്രമിക്കരുതെന്ന് ഇസ്രായേൽ സൈന്യം ഫലസ്തീനികൾക്ക് മുന്നറിയിപ്പ് നൽകി. ''നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും സുരക്ഷക്ക് നിർദേശങ്ങൾ പൂർണമായും പാലിക്കണം. അനധികൃത വഴികളിലൂടെ വടക്കൻ ഗസ്സയിലേക്ക് മടങ്ങാൻ ശ്രമിക്കുന്നത് നിങ്ങളെ അപകടത്തിലാക്കും''-ഇസ്രായേൽ സൈന്യത്തിന്റെ അറബിക് വിഭാഗം വക്താവ് എക്‌സിൽ കുറിച്ചു. റോഡ് മാർഗം വടക്കൻ ഗസ്സയിലേക്ക് മടങ്ങുന്നവർ സലാഹുദ്ദീൻ സ്ട്രീറ്റിലൂടെ മാത്രമേ യാത്ര ചെയ്യാവൂ എന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ നിർദേശം.

അതിനിടെ ഗസ്സയിൽനിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കാനുള്ള പദ്ധതിയോട് സഹകരിക്കില്ലെന്ന് ഈജിപ്തും ജോർദാനും വ്യക്തമാക്കിയിട്ടും യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് തന്റെ നിലപാട് ആവർത്തിച്ചു. ഗസ്സ വാസയോഗ്യമായ സ്ഥലമല്ലെന്നും അവിടുത്തെ ജനങ്ങൾ സമാധാനത്തോടെ ജീവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ട്രംപ് പറഞ്ഞു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസ്സിയുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്.

മൂന്ന് ലക്ഷത്തോളം ഫലസ്തീനികളാണ് വടക്കൻ ഗസ്സയിലേക്ക് മടങ്ങുന്നത്. സലാഹുദ്ദീൻ സ്ട്രീറ്റിൽ ആളുകളുടെയും വാഹനങ്ങളുടെയും നീണ്ട നിരയാണ് രൂപപ്പെട്ടിരിക്കുന്നത്. തങ്ങൾ ഉപേക്ഷിച്ചുപോയതിന്റെയെല്ലാം അവശിഷ്ടങ്ങൾ മാത്രമാണ് മടങ്ങിയെത്തിയവർക്ക് കാണാൻ കഴിഞ്ഞതെന്ന് അൽ ജസീറ റിപ്പോർട്ടർ ഹാനി മഹ്മൂദ് പറഞ്ഞു. റഫയിൽനിന്ന് പിൻവാങ്ങിയെങ്കിലും ഈജിപ്ത് അതിർത്തിയിൽ നിലയുറപ്പിച്ച ഇസ്രായേൽ സൈന്യം വടക്കൻ ഗസ്സയിലേക്ക് മടങ്ങുന്ന ഫലസ്തീനികൾക്ക് ഭീഷണിയാണെന്ന് റഫ മേയർ അഹമ്മദ് അൽ സൗഫി പറഞ്ഞു.


TAGS :

Next Story