ഗസ്സ യുദ്ധം വ്യാപിക്കുന്നത് തടയാനുളള നീക്കവുമായി അമേരിക്ക; തുർക്കിയുടെ സഹായം തേടി ആൻറണി ബ്ലിങ്കൻ
ഗസ്സയിൽ നിന്ന് ഫലസ്തീനികളെ പുറന്തള്ളില്ലെന്ന നിലപാടാണ് അമേരിക്കയുടേതെന്ന് ബ്ലിങ്കൻ
ഗസ്സ സിറ്റി: ഇസ്രായേൽ, ലബനാൻ അതിർത്തിയിൽ പ്രക്ഷുബ്ധാവസ്ഥ മാറ്റമില്ലാതെ തുടരുന്നതിനിടെ, യുദ്ധവ്യാപ്തി തടയാനുള്ള നീക്കങ്ങളുമായി അമേരിക്കയും യൂറോപ്യൻ യൂനിയനും. ഹിസ്ബുല്ല പ്രതിനിധി സംഘവും യൂറോപ്യൻ യൂനിയൻ വിദേശ നയകാര്യ മേധാവി ജോസഫ് ബോറലുമായി ബൈറൂത്തിൽ ചർച്ച നടന്നു. പ്രതിസന്ധി പരിഹരിക്കാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ തുർക്കിയുടെ സഹായം തേടി.
തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായും വിദേശകാര്യ മന്ത്രി ഹകൻ ഫിദാനുമായും ആൻറണി ബ്ലിങ്കൻ ചർച്ച നടത്തി. ഗസ്സയിൽ നിന്ന് ഫലസ്തീനികളെ പുറന്തള്ളില്ലെന്ന നിലപാടാണ് അമേരിക്കയുടെതെന്ന് ബ്ലിങ്കൻ പറഞ്ഞു. യുദ്ധവ്യാപ്തി മേഖലയിലെ രാജ്യങ്ങളൊന്നും ആഗ്രഹിക്കുന്നില്ലെന്നും ഫലസ്തീൻ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്നും ബ്ലിങ്കൻ പറഞ്ഞു. ജോർഡൻ, ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, ഇസ്രായേൽ, ഈജിപത്, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലും ബ്ലിൻങ്കൻ സന്ദർശിക്കും. യുദ്ധാനന്തര ഗസ്സയാണ്പ്രധാന ചർച്ചാവിഷയം.
അതിനിടെ, ഹമാസ്നേതാവ് സാലിഹ് അൽ ആറൂറി വധത്തിന് തിരിച്ചടിയായി ലബനാനിൽനിന്ന് ഇസ്രായേലിലേക്ക് 62 റോക്കറ്റുകൾ ഹിസ്ബുല്ല വിക്ഷേപിച്ചു . പിന്നാലെ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഇസ്രായേലി വ്യോമനിരീക്ഷണ കേന്ദ്രമായ മൗണ്ട് മെറോണിനെ ലക്ഷ്യമിട്ടാണ് ഇന്നലെ 62 റോക്കറ്റുകൾ വിക്ഷേപിച്ചത്. നിരീക്ഷണ കേന്ദ്രവും രണ്ട് സൈനിക കേന്ദ്രങ്ങളും തകർത്തതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ആക്രമണം സ്ഥിരീകരിച്ച ഇസ്രായേൽ കാര്യമായ നഷ്ടമൊന്നും സംഭവിച്ചില്ലെന്ന് അറിയിച്ചു.
അയ്തൽ ശഅബ്, യാരോൺ, റാമിയ എന്നിവിടങ്ങളിൽ ഇസ്രായേൽ പോർ വിമാനങ്ങൾ ആക്രമണം നടത്തി. ഖാൻയൂനുസിലും പരിസര പ്രദേശങ്ങളിലും വീടുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമിട്ട് ഇസ്രായേൽ കനത്ത വ്യോമാക്രമണം തുടരുകയാണ്. 24 മണിക്കൂറിനിടെ 122 പേർ കൂടി കൊല്ലപ്പെട്ടതോടെ ആകെ മരണം 22,722 ആയി. 58,166 പേർക്ക് പരിക്കുണ്ട്. വെസ്റ്റ്ബാങ്കിലും ഇസ്രായേലിന്റെ വ്യാപക പരിശോധനയും അറസ്റ്റും തുടരുകയാണ്. അതേസമയം, ഖാൻ യൂനുസിലെ ബനീ സുഹൈലയിൽ എട്ട് ഇസ്രായേലി കരസൈനികരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതായി അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു. ഗസ്സയിലെ അൽ തൂഫ ഖബർസ്ഥാനിലെ 1100 ഖബറുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത് 150 മൃതദേഹങ്ങൾ ഇസ്രായേൽ സൈനികർ കടത്തിയതായി ഗസ്സ സർക്കാർ മീഡിയ ഓഫിസ് അറിയിച്ചു. ചെങ്കടലിൽ കപ്പലിനു നേരെ യെമനിൽ നിന്നയച്ച ഡ്രോൺ തങ്ങളുടെ യുദ്ധക്കപ്പൽ തകർത്തതായി യു.എസ് സെൻട്രൽ കമാൻറ്. ഹൈഫയിൽ നെതന്യാഹുവിന്‍റെ രാജി ആവശ്യപ്പെട്ട് റാലി നടന്നു. സൈനികമേധാവിയെയും സൈന്യത്തെയും പരാജയപ്പെടുത്താൻ മന്ത്രിമാർ പ്രവർത്തിക്കുന്നു എന്നാരോപിച്ച് 169 മുൻ സൈനിക കമാണ്ടർമാർ ഇസ്രായേലിൽ രംഗത്തുവന്നു.
Adjust Story Font
16