ബന്ദിമോചനത്തിൽ ഇസ്രായേൽ വീണ്ടും ചർച്ചക്ക്; ഉപാധികൾക്ക് വിധേയമായല്ലാതെ ചർച്ചിക്കില്ലെന്ന് ഹമാസ്
കമാൽ അദ്വാൻ ആശുപത്രി വളപ്പിൽ 20 ഫലസ്തീനികളെ ബുൾഡോസർ കയറ്റി ഇസ്രായേൽ സേന കൊലപ്പെടുത്തി.
ഗസ്സ: ഗസ്സയിൽ വെടിനിർത്തലിനും ദീർഘകാല സമാധാനം സ്ഥാപിക്കുന്നതിനുമായി ബന്ധപ്പെട്ട് ചർച്ച നടക്കുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയം. ബന്ദിമോചനവുമായി ബന്ധപ്പെട്ട് ഖത്തറും ഈജിപ്തുമായി ആശയവിനിമയം ആരംഭിച്ചതായി ഇസ്രായേലും സ്ഥിരീകരിച്ചു. എന്നാൽ അധിനിവേശം അവസാനിപ്പിച്ച് ഉപാധികൾക്ക് വിധേയമായല്ലാതെയുള്ള ബന്ദിമോചന ചർച്ചക്കില്ലെന്ന് ഹമാസ് വ്യക്തമാക്കി. ബന്ദികളെ ഉടൻ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് തെൽ അവീവിൽ ആയിരങ്ങൾ തെരുവിലിറങ്ങി. യു.എസ് ഹോംലാൻറ് സെക്യൂരിറ്റിയിലെ 130 ജീവനക്കാർ ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് ജോ ബൈഡനെ സമീപിച്ചതായി സി.എൻ.എൻ ചാനൽ റിപ്പോർട്ട് ചെയ്തു.
ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം മേധാവി ഡേവിഡ് ബർനീ ഖത്തർ പ്രധാനമന്ത്രി മുഹമ്മദ്ബിൻ അബ്ദുറഹ്മാൻ അൽതാനിയുമായി നോർവേ തലസ്ഥാനമായ ഓസ്ലോയിൽ കൂടിക്കാഴ്ചനടത്തി. മൂന്ന് ബന്ദികളെ സൈന്യം അബദ്ധത്തിൽ കൊലപ്പെടുത്തിയതും കരയുദ്ധത്തിൽ കനത്ത തിരിച്ചടി നേരിടുന്നതുമായ സാഹചര്യത്തിൽ എങ്ങനെയും ബാക്കി ബന്ദികളെ മോചിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇസ്രായേൽ നടപടി. എന്നാൽ അധിനിവേശം അവസാനിപ്പിച്ചും ഉപാധികൾ അംഗീകരിച്ചും വേണം ബന്ദിമോചന ചർച്ചയെന്ന നിലപാട് ഹമാസ് ആവർത്തിച്ചു. ഇത് സ്വീകാര്യമല്ലെന്ന് നെതന്യാഹു. ഇതോടെ മധ്യസ്ഥ ചർച്ച വഴിമുട്ടാനാണ് സാധ്യത. ഹമാസിനെ തുരത്താതെ യുദ്ധം അവസാനിപ്പിക്കുന്നത് ഇസ്രായേൽ എന്ന രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുമെന്നാണ് നെതന്യാഹു പറഞ്ഞത്. വെളുപ്പിന് ചേർന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗത്തിലും അഭിപ്രായ ഐക്യം ഉണ്ടായില്ലെന്നാണ് റിപ്പോർട്ട്. മന്ത്രിസഭാ യോഗത്തിനു തൊട്ടുമുമ്പാണ് യുദ്ധം തുടരുമെന്ന് നെതന്യാഹുവും പ്രതിരോധ മന്ത്രി ഗാൻറ്സും അറിയിച്ചത്.
ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ കനത്ത പോരാട്ടം തുടരുകയാണ്. കമാൽ അദ്വാൻ ആശുപത്രി വളപ്പിൽ 20 ഫലസ്തീനികളെ ബുൾഡോസർ കയറ്റി ഇസ്രായേൽ സേന കൊലപ്പെടുത്തി. തെക്കൻഗസ്സയിലെ ഖാൻ യൂനുസിൽ വീട് തകർക്കപ്പെട്ടവർ താമസിച്ചിരുന്ന തമ്പുകളും ഇസ്രായേൽ നശിപ്പിച്ചു. ഭക്ഷണവും വെള്ളവും ഇല്ലാതെയും ചികിത്സ ലഭിക്കാതെയും ഗസ്സയിലെ ജനങ്ങൾ ദുരിതാവസ്ഥയിലാണ്. ഇന്ധനക്ഷാമം കാരണം ഗസ്സയിലെ 36 ആശുപത്രികളിൽ 11 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് ലോകാരോഗ്യസംഘടനഅറിയിച്ചു. ലബനാൻ അതിർത്തിയിലും സംഘർഷം രൂക്ഷമാണ്. ബോംബാക്രമണത്തിൽ ഒരു ഇസ്രായേൽ സൈനികൻ കൊല്ലപ്പെടുകയും രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.
ലബനാനു നേരെ തുറന്ന യുദ്ധത്തിന് മടിക്കില്ലെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകി. ഹൂത്തികളുടെ ആക്രമണ ഭീഷണി മുൻനിർത്തി കൂടുതൽ ഷിപ്പിങ് കമ്പനികൾ ചെങ്കടൽ മുഖേനയുള്ള ചരക്കുനീക്കത്തിൽ നിന്ന് പിൻമാറി. ലോകോത്തര ഷിപ്പിങ് കമ്പനികളായ അഞ്ചിൽ നാലും ചെങ്കടൽ മുഖേനയുള്ള സർവീസ് അവസാനിപ്പിച്ചത് ലോക സമ്പദ്ഘടനക്ക് തിരിച്ചടിയാകും. അന്തർദേശീയ സമൂഹം ഇടപെട്ടില്ലെങ്കിൽ സ്വന്തം നിലക്ക് സൈനികനീക്കത്തിന് മടിക്കില്ലെന്ന് ഇസ്രായേൽ അറിയിച്ചു. എന്നാൽ ഇസ്രായേലോ അമേരിക്കയോ മറ്റേതെങ്കിലും പാശ്ചാത്യ ശക്തികളോ യമനെ ആക്രമിച്ചാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ പിന്തുണയുള്ള ഹൂത്തികളും തിരിച്ചടിച്ചു.
Adjust Story Font
16