‘വടക്കൻ ഗസ്സയിൽ വംശീയ ഉന്മൂലനം നടക്കുന്നു’: ഗുരുതര ആരോപണവുമായി മുൻ ഇസ്രായേൽ പ്രതിരോധ മന്ത്രി
‘നെതന്യാഹു രാജ്യത്തെ നാശത്തിലേക്കാണ് നയിക്കുന്നത്’
തെൽ അവീവ്: വടക്കൻ ഗസ്സയിൽ ഇസ്രായേൽ വംശീയ ഉന്മൂലനം നടത്തുകയാണെന്ന ആരോപണവുമായി മുൻ ഇസ്രായേലി പ്രതിരോധ മന്ത്രി മോശെ യാലോൺ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജ്യത്തെ നാശത്തിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇസ്രായേലി ചാനൽ ഡെമോക്രാറ്റിന് നൽകിയ അഭിമുഖത്തിലാണ് യാലോണിെൻറ ആരോപണം. അധിനിവേശ വെസ്റ്റ് ബാങ്കിലും ഗസ്സയിലും നെതന്യാഹുവിെൻറ വലതുപക്ഷ സർക്കാർ സ്വീകരിക്കുന്ന നയങ്ങളെയും അദ്ദേഹം വിമർശിച്ചു. അധിനിവേശത്തിലേക്കും കൂട്ടിച്ചേർക്കുന്നതിലേക്കും വംശീയ ഉൻമൂലനത്തിലേക്കും നാം വലിച്ചിഴക്കപ്പെടുന്നു. ഗസ്സയുടെ വടക്കിലേക്ക് നോക്കൂ, അവിടെ കുടിയിറക്കവും ജൂത കുടിയേറ്റവുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗസ്സയിൽ ഇസ്രായേൽ സൈന്യത്തിെൻറ പ്രവർത്തനങ്ങൾ വംശീയ ഉൻമൂലനത്തിന് തുല്യമാണെന്ന് യാലോൺ പറഞ്ഞതോടെ അഭിമുഖം നടത്തുന്നയോൾ ഇടപെടുകയും അത് ശരിയാണോയെന്നും ചോദിച്ചു. ‘അവിടെ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ, ബെയ്ത് ലഹിയ, ബെയ്ത് ഹനൂൻ എന്നിവ നിലവിലില്ല. ഇപ്പോൾ അവർ ജബലിയയിൽ പ്രവർത്തിക്കുന്നു. ഇസ്രായേൽ സൈന്യം അറബികളുടെ പ്രദേശങ്ങൾ ഉൻമൂലനം ചെയ്തുകൊണ്ടിരിക്കുകയാണ്’ -യാലോൺ കുറ്റപ്പെടുത്തി.
2013 മുതൽ 2016 വരെ ഇസ്രായേൽ പ്രതിരോധ മന്ത്രിയായിരുന്നു യാലോൺ. നെതന്യാഹുവിെൻറ ലിക്കുഡ് പാർട്ടിക്കാരൻ കൂടിയായ യാലോൺ അദ്ദേഹത്തിന് കീഴിലായിരുന്നു പ്രതിരോധ മന്ത്രിയായിരുന്നത്. അതേസമയം, ഇത്തരം വിവാദ പ്രസ്താവനകളിൽനിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്ന് ഇസ്രായേൽ സർക്കാർ പ്രതികരിച്ചു.വംശീയ ഉൻമൂലനം നടത്തുകയാണെന്ന ആരോപണം നിഷേധിക്കുകയും ചെയ്തു.
അതിമാരകമായ ആയുധങ്ങൾ ഉപയോഗിച്ചാണ് ഇസ്രായേൽ ഗസ്സയിൽ ആക്രമണം നടത്തുന്നത്. വടക്കൻ ഗസ്സയിൽ നിരോധിത ആയുധങ്ങളാണ് ഇസ്രായേൽ ഉപയോഗിക്കുന്നതെന്നും ഇക്കാര്യം അന്വേഷിക്കാൻ അന്താരാഷ്ട്ര കമ്മിറ്റി രൂപീകരിക്കണമെന്നും ശനിയാഴ്ച ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്. നിരപരാധികളായ ജനങ്ങളെ ഇസ്രായേൽ കൂട്ടക്കൊല ചെയ്യുകയാണ്. ശരീരം ബാഷ്പീകരിക്കുന്ന തരത്തിലുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയിട്ടുള്ളതെന്ന് ഡോക്ടർമാരടക്കം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇസ്രായേൽ അധിനിവേശ സൈന്യം അന്താരാഷ്ട്ര തലത്തിൽ നിരോധിച്ച ആയുധങ്ങളാണ് ഉപയോഗിക്കുന്നതെന്ന കാര്യമാണ് ഇത് വ്യക്തമാക്കുന്നതെന്നും ഹമാസ് പ്രസ്താവനയിൽ അറിയിച്ചു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന യുദ്ധക്കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
ഇസ്രായേൽ വംശഹത്യാ യുദ്ധം രണ്ടാം വർഷത്തിലേക്ക് കടന്നപ്പോൾ 44,300 പേരാണ് ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. 1,05,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഖാൻ യൂനുസ്, ജബാലിയ ഉൾപ്പെടെ ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ സേന നടത്തിയ വ്യോമാക്രമണങ്ങളിൽ ഇന്നലെ മാത്രം നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഗസ്സയിൽ പട്ടിണി ദുരന്തം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ, ആക്രമണം കൂടുതൽ വ്യാപിപ്പിക്കുകയാണ് ഇസ്രായേൽ.
യുഎൻ ഏജൻസിയായ 'യുനർവ'യുടെ പ്രവർത്തനം വിലക്കിയതിനു പിന്നാലെ സന്നദ്ധ സംഘടനകളെ ലക്ഷ്യമിട്ടുള്ള ആക്രമണവും തുടരുകയാണ്. സന്നദ്ധ സംഘടനയായ വേൾഡ് സെൻട്രൽ കിച്ചണിന്റെ മൂന്ന് ജീവനക്കാർ കൊല്ലപ്പെട്ടു. ഇതോടെ സേവന പ്രവർത്തനങ്ങൾ നിർത്തുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.
ആശുപത്രികൾക്കെതിരായ ആക്രമണവും ഇസ്രായേൽ നടത്തുന്നുണ്ട്. റൗദ ആശുപത്രിക്കു നേരെയാണ് ആക്രമണം നടന്നത്. വടക്കൻ ഗസ്സയിലെ കമാൽ അദ്വാൻ ആശുപത്രിയിലെ ഐ.സി.യു ഡയറക്ടർ ഡോ. അഹ്മദ് അൽ കഹ്ലൂത്തിനെ ഇസ്രായേൽ കഴിഞ്ഞ ദിവസം വധിച്ചിരുന്നു.
അതേസമയം, ഹമാസ് ചെറുത്തുനിൽപ്പിൽ ഒരു ഇസ്രായേൽ സൈനികൻ കൊല്ലപ്പെടുകയും രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ബന്ദികളുടെ മോചനം ഉറപ്പാക്കാൻ ഉടൻ ഹമാസുമായി കരാർ രൂപപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ ആയിരങ്ങൾ ഇന്നലെയും തെരുവിലിറങ്ങി.
Adjust Story Font
16