ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി; പുതിയ ലൈസന്‍സുകള്‍ക്ക് അംഗീകാരം നല്‍കുന്നത് നിര്‍ത്തിവച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് ജര്‍മനി
നിയമപരമായ വെല്ലുവിളികള്‍ മൂലം ഇസ്രായേലിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നത് ജര്‍മനി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് റോയിട്ടേഴ്സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്
ബെര്‍ലിന്‍: ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതിയുമായി ബന്ധപ്പെട്ട് പുതിയ ലൈസന്‍സുകള്‍ക്ക് അംഗീകാരം നല്‍കുന്നത് നിര്‍ത്തിവച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് ജര്‍മനി. ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിരോധിച്ചിട്ടില്ലെന്നും ഭാവിയിലും അതുണ്ടാകില്ലെന്നും സാമ്പത്തിക മന്ത്രാലയത്തിൻ്റെ വക്താവ് വാർത്താ ഏജൻസിയായ ഡിപിഎയോട് വ്യാഴാഴ്ച വ്യക്തമാക്കി.
നിയമപരമായ വെല്ലുവിളികള്‍ മൂലം ഇസ്രായേലിലേക്കുള്ള ആയുധ വ്യാപാരത്തിനുള്ള ലൈസന്‍സുകള്‍ക്ക് അംഗീകാരം നല്‍കുന്നത് ജര്‍മനി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് റോയിട്ടേഴ്സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. സൈനിക ഉപകരണങ്ങളും ആയുധങ്ങളും ഉൾപ്പെടെ 326.5 ദശലക്ഷം യൂറോയുടെ (363.5 ദശലക്ഷം ഡോളർ) ആയുധ കയറ്റുമതിക്കാണ് ജര്‍മനി കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയത്. സാമ്പത്തിക മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം 2022 ൽ നിന്ന് 10 മടങ്ങ് വർധനവ്. എന്നാല്‍ ഈ വര്‍ഷം ആയുധ കയറ്റുമതിക്ക് അംഗീകാരം നല്‍കുന്നത് കുറഞ്ഞു. ജനുവരി മുതൽ ആഗസ്ത് 21 വരെ അനുവദിച്ചത് 14.5 ദശലക്ഷം യൂറോയുടെ പാക്കേജ് മാത്രമാണ്. ജര്‍മനിയില്‍ നിന്നുള്ള ആയുധ കയറ്റുമതികള്‍ മാനുഷിക നിയമം ലംഘിച്ചുവെന്ന കേസുകള്‍ തീര്‍പ്പാക്കുന്നതുവരെ ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തിവച്ചുവെന്നാണ് സാമ്പത്തിക മന്ത്രാലയുമായി ബന്ധപ്പെട്ട ഒരു സ്രോതസ് വ്യക്തമാക്കിയത്.
നിലവില്‍ രണ്ട് കേസുകളാണ് ജര്‍മനിക്കെതിരെയുള്ളത്. ഗസ്സയില്‍ വംശഹത്യ നടത്താന്‍ സഹായിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഈ വര്‍ഷം മാര്‍ച്ചില്‍ നികരാഗ്വ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. 2022-നെ അപേക്ഷിച്ച് 2023-ല്‍ ഇസ്രയേലിന് ജര്‍മനി നല്‍കിയ ആയുധങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി നികരാഗ്വെ ചൂണ്ടിക്കാണിച്ചിരുന്നു. പലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന യുഎന്‍ റിലീഫ് ആന്‍റ് വര്‍ക്ക് ഏജന്‍സി ഫോര്‍ പലസ്തീന്‍ റെഫ്യൂജീസ് (യുഎന്‍ആര്‍ഡബ്ല്യു)ന് ഫണ്ട് നല്‍കുന്നതാണ് ജര്‍മനി നിര്‍ത്തിവച്ചത്. 14 പാശ്ചാത്യ രാജ്യങ്ങളും ഈ സംഘടനയ്ക്ക് ഫണ്ട് നല്‍കുന്നത് നിര്‍ത്തിയിരുന്നു. ഈ സംഘടനയിലെ ചില ജീവനക്കാര്‍ക്ക് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ഈ രാജ്യങ്ങള്‍ സഹായം നല്‍കുന്നത് നിര്‍ത്തിയത്. ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കുന്നതിലെ അപകടത്തെപ്പറ്റി ജര്‍മനിക്ക് പൂര്‍ണബോധ്യമുണ്ടെന്നും അതിനാല്‍ വംശഹത്യക്ക് മനഃപൂര്‍വം കൂട്ടുനില്‍ക്കുകയാണ് എന്നും നിക്വരാഗോ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു.
ഇസ്രായേലിലേക്കുള്ള ജർമന്‍ ആയുധ കയറ്റുമതി നിർത്താനും യുഎന്‍ആര്‍ഡബ്ല്യുവിനുള്ള ധനസഹായം പുനഃസ്ഥാപിക്കാനും കോടതി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജര്‍മനി ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റ്യൂഷണല്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റസ്( ECCHR) ബെര്‍ലിനിലും കേസ് നല്‍കിയിരുന്നു. ഐസിജെ കേസിൽ ഇതുവരെ വിധി വന്നിട്ടില്ല.
സെപ്തംബര്‍ ആദ്യവാരം ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതിക്ക് യുകെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇസ്രായേലിലേക്ക് ആയുധം കയറ്റുമതി ചെയ്യാനുള്ള 350 ലൈസൻസുകളിൽ 30 എണ്ണം റദ്ദാക്കിയത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ ഇസ്രയേൽ ലംഘിക്കുന്നുവെന്ന ആശങ്ക കാരണമാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമ്മി വ്യക്തമാക്കിയിരുന്നു. ബ്രിട്ടണ് പുറമെ ഇറ്റലി, സ്പെയിന്‍, ബെല്‍ജിയം ,നെതര്‍ലാന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളും ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിയന്ത്രിച്ചിരുന്നു.
അതേസമയം ഇസ്രയേലിലേക്ക് ആയുധങ്ങളും സൈനിക ഉപകരണങ്ങളും കയറ്റുമതി ചെയ്യുന്നത് നിർത്താൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രിം കോടതി തള്ളിയിരുന്നു. കോടതിക്ക് രാജ്യത്തിൻ്റെ വിദേശനയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാനാകില്ല. നിശ്ചയിച്ചുറപ്പിച്ച ഉടമ്പടി പ്രകാരം നടക്കുന്ന കയറ്റുമതി നിർത്തിവച്ചാൽ ഇന്ത്യൻ കമ്പനികൾക്കെതിരെ കരാർ ലംഘിച്ചതിന് കേസെടുക്കാം. അതിനാൽ അവ വിതരണം ചെയ്യുന്നത് തടയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് കുമാർ ശർമ്മ ഉൾപ്പടെയുള്ള 11 പേരാണ് ഹർജി നൽകിയത്. ഇസ്രയേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യാൻ വിവിധ കമ്പനികൾക്ക് നൽകിയ ലൈസൻസ് റദ്ദാക്കണം. ഇനി മറ്റു കമ്പനികൾക്ക് ലൈസൻസ് നൽകാൻ അനുവദിക്കരുത് എന്നുമായിരുന്നു ആവശ്യം.
യുദ്ധക്കുറ്റവാളികളായ രാജ്യങ്ങൾക്ക് ആയുധങ്ങൾ വിൽക്കരുതെന്ന അന്താരാഷ്ട്ര നിയമങ്ങളും ഉടമ്പടികളും ഇന്ത്യക്ക് ബാധകമാണ്. ഇത്തരം രാജ്യങ്ങൾക്ക് നൽകുന്ന ആയുധങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ‘ഗുരുതരമായ ലംഘനങ്ങൾക്ക് ഉപയോഗിക്കും. വംശഹത്യക്കെതിരായി ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഒപ്പുവെച്ച ഐക്യരാഷ്ട്ര സംഘടനയുടെ കൺവെൻഷൻ്റെ ലംഘനമാവുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Adjust Story Font
16