Quantcast

മലയാളത്തിന് അഭിമാനം; ഗീതാ ഗോപിനാഥ് ഐഎംഎഫിന്റെ തലപ്പത്തേക്ക്

പുതിയ സ്ഥാനം ഏറ്റെടുക്കുന്നതോടെ ഇന്റർനാഷനൽ മോണിറ്ററി ഫണ്ടിന്റെ ഉയർന്ന പദവിയിലുള്ള രണ്ടാമത്തെയാളാകും ഗീത

MediaOne Logo

Web Desk

  • Updated:

    2021-12-03 16:01:43.0

Published:

3 Dec 2021 3:57 PM GMT

മലയാളത്തിന് അഭിമാനം; ഗീതാ ഗോപിനാഥ് ഐഎംഎഫിന്റെ തലപ്പത്തേക്ക്
X

മലയാളി സാമ്പത്തിക വിദഗ്ധ ഇന്റർനാഷനൽ മോണിറ്ററി ഫണ്ടി(ഐഎംഎഫ്)ന്റെ തലപ്പത്തേക്ക്. ഐഎംഎഫിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയരക്ടറായാണ് ഗീതയ്ക്ക് സ്ഥാനക്കയറ്റം. സ്ഥാനം ഏറ്റെടുക്കുന്നതോടെ ഐഎംഎഫിലെ ഉയർന്ന പദവിയിലുള്ള രണ്ടാമത്തെയാളാകും ഗീത.

നിലവിലെ ഡെപ്യൂട്ടി മാനേജിങ് ഡയരക്ടർ ജോഫ്രി ഒകാമോട്ടോ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ഗീതയ്ക്ക് നിയമനം. ഐഎംഎഫ് മാനേജിങ് ഡയരക്ടർ ക്രിസ്റ്റലിന ജോർജീവയാണ് ഗീതയുടെ പുതിയ സ്ഥാനലബ്ധിയെക്കുറിച്ച് വെളിപ്പെടുത്തിയത്. ഫണ്ടിനുവേണ്ടി ഇതിനകം തന്നെ ഗീത അർപ്പിച്ച സംഭാവനകൾ അപാരമാണെന്ന് അവർ അഭിപ്രായപ്പെട്ടു. നമ്മുടെ കാലത്തെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധി ഘട്ടം മറികടക്കാനായി ഫണ്ടിനെയും ആഗോള സമ്പദ്ഘടനയെയും ബൗദ്ധികമായി നേതൃത്വം നൽകിയയാളാണ് ഗീതയെന്നും ക്രിസ്റ്റലിന ജോർജീവ കൂട്ടിച്ചേർത്തു.

ഐഎംഎഫിന്റെ ചരിത്രത്തിലെ ആദ്യ മുഖ്യ സാമ്പത്തിക വിദഗ്ധയാണ് ഗീത ഗോപിനാഥൻ. ഫണ്ടിന്റെ ഗവേഷക വിഭാഗത്തിന്റെ ചുമതലയായിരുന്നു ഇതുവരെ ഗീതയ്ക്ക്. 2018ലാണ് അവർ ഐഎംഎഫിൽ മുഖ്യ സാമ്പത്തിക വിദഗ്ധയാകുന്നത്.

1971 ഡിസംബർ എട്ടിന് കൊൽക്കത്തയിലാണ് ഗീതയുടെ ജനനം. ഡൽഹി സർവകലാശാലയിൽനിന്നാണ് ബിരുദ, ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കുന്നത്. 1996ൽ വാഷിങ്ടൺ സർവകലാശാലയിലും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കി. 2001ൽ പ്രിൻസ്റ്റൺ സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഗവേഷണം പൂർത്തിയാക്കി. ഷിക്കാഗോ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി സേവനം തുടരുന്നതിനിടെയാണ് ഐഎംഎഫിന്റെ ഭാഗമാകുന്നത്.

കണ്ണൂർ സ്വദേശിയായ ടിവി ഗോപിനാഥിന്‍റെയും വിജയലക്ഷ്​മിയുടെയും മകളായ ഗീത ഇടക്കാലത്ത്​ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാമ്പത്തിക ഉപദേഷ്​ടാവുമായിരുന്നു. കമ്മ്യൂണിസ്റ്റ് ആചാര്യൻ എകെ ഗോപാലന്റെ കുടുംബാംഗമാണ് ഇവർ. 2019ൽ പ്രവാസി ഭാരതീയ സമ്മാൻ പുരസ്​കാരം നൽകി രാജ്യം ഗീതയെ ആദരിച്ചിരുന്നു. ഇഖ്​ബാൽ സിങ്​ ധലിവാലാണ്​ ഭർത്താവ്​. മകൻ രോഹിൽ.

Summary: Malayali economist Gita Gopinath, is being promoted as First Deputy Managing Director of the International Monetary Fund(IMF). She will become the second-ranking official, replacing First Deputy Managing Director Geoffrey Okamoto who plans to leave the Fund next month.

TAGS :

Next Story