'ജനാധിപത്യത്തിന് നല്ല ദിവസം': അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ബൈഡന്‍
ഒരൽപ്പം നിരാശയുണ്ടാക്കുന്ന ഫലമെന്നായിരുന്നു ഡോണൾഡ് ട്രംപിന്‍റെ പ്രതികരണം.
പ്രസിഡന്റ് ജോ ബൈഡനും ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിക്കും ആശ്വാസം പകർന്ന് യുഎസ് കോൺഗ്രസിലേക്ക് നടന്ന ഇടക്കാല തെരഞ്ഞെടുപ്പ് ഫലം. സെനറ്റിൽ ഡെമോക്രാറ്റുകളും റിപബ്ലിക്കനുകളും തുല്യനിലയിലാണ്. ജനപ്രതിനിധി സഭയിൽ റിപബ്ലിക്കൻ പാർട്ടി മുൻതൂക്കം നേടിയെങ്കിലും ഭൂരിപക്ഷമായില്ല. ജനാധിപത്യത്തിന് നല്ല ദിവസമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു.
ഗർഭം അലസിപ്പിക്കലുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി, നാണയപ്പെരുപ്പം, കുടിയേറ്റം, തോക്ക് കൈവശം വെയ്ക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ട നയം തുടങ്ങിയ നിർണായക വിഷയങ്ങൾ ചർച്ചയായ മധ്യകാല തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിക്കും പ്രസിഡന്റ് ജോ ബൈഡനും ആശ്വാസം പകരുന്ന വിധിയെഴുത്താണുണ്ടായത്. യു.എസ് കോൺഗ്രസിന്‍റെ ഉപരിസഭയായ സെനറ്റിൽ ഡെമോക്രാറ്റുകളും റിപബ്ലിക്കനുകളും ഒപ്പത്തിനൊപ്പം എത്തിയപ്പോൾ ജനപ്രതിനിധി സഭയിൽ പ്രതിപക്ഷ കക്ഷിയായ റിപബ്ലിക്കൻ പാർട്ടിക്കാണ് മുൻതൂക്കം. ഡിസംബർ ആറിന് ജോർജിയയിൽ നടക്കുന്ന പുനർവോട്ടെടുപ്പ് ഫലം കൂടി പുറത്ത് വരുമ്പോഴാണ് വ്യക്തമായ ചിത്രം ലഭ്യമാകുകയെങ്കിലും തെരഞ്ഞെടുപ്പിൽ പ്രവചിക്കപ്പെട്ട തരത്തിലുള്ള ശക്തമായ റിപബ്ലിക്കൻ തരംഗം ഉണ്ടായില്ലെന്നത് ശ്രദ്ധേയമായി.
ജനാധിപത്യത്തിന് നല്ല ദിവസം എന്നാണ് തെരഞ്ഞടുപ്പ് ഫലത്തോട് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചത്. ഒരൽപ്പം നിരാശയുണ്ടാക്കുന്ന ഫലമെന്നായിരുന്നു മുൻ പ്രസിഡന്റും റിപബ്ലിക്കനുമായ ഡോണൾഡ് ട്രംപിന്‍റെ പ്രതികരണം. ഫ്ളോറിഡയിൽ റിപബ്ലിക്കൻ ഗവർണർ റോൺ ഡി സാൻറീസിന് ലഭിച്ച വൻ വിജയം റിപബ്ലിക്കൻ പക്ഷത്തിന് ആശ്വാസമായി. അതേസമയം പെൻസിൽവാനിയയിൽ ജോൺ ഫെറ്റർമൻ ട്രംപിന്റെ പിന്തുണയുള്ള മെഹ്മെത് ഓസിനെ പരാജയപ്പെടുത്തിയത് ഡെമോക്രാറ്റുകൾക്ക് മിന്നും വിജയമായി. ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളായ അഞ്ച് ഇന്ത്യൻ അമേരിക്കക്കാർ ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ശ്രദ്ധേയമായി. അമരീഷ് ബേറ, രാജ കൃഷ്മമൂർത്തി, റോ ഖന്ന, പ്രമീള ജയപാൽ, ശ്രീ താനേദാർ എന്നിവരാണ് ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജർ.
Adjust Story Font
16