'തീക്കളിയാകും'; റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങരുതെന്ന് ഇന്ത്യയോട് യു.എസ്
ഫെബ്രുവരി 24 മുതൽ 13 മില്യൺ ബാരൽ എണ്ണയാണ് റഷ്യയിൽനിന്ന് ഇന്ത്യ വാങ്ങിയത്
റഷ്യൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തവേ, റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി യു.എസ്. അങ്ങനെ ചെയ്താൽ വലിയ ബുദ്ധിമുട്ടിലേക്ക് നീങ്ങുമെന്ന ഭീഷണിയും അവർ ഉയർത്തി. എന്നാൽ എന്ത് നടപടിയാണെന്ന് വ്യക്തമാക്കിയിട്ടില്ല. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധമേർപ്പെടുത്താനാണ് യു.എസ് നീക്കമെന്ന് വാർത്തകളുണ്ട്. മുൻവർഷങ്ങളിലേത് പോലെ റഷ്യയിൽ നിന്ന് വിലക്കിഴിവിൽ ഇന്ത്യ എണ്ണ വാങ്ങുന്നതിൽ യുഎസിന് വിരോധമില്ലെന്നും എന്നാൽ അത് വൻതോതിൽ വർധിപ്പിക്കരുതെന്നാണ് അവരുടെ നിലപാടെന്നുമാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.
റഷ്യയെ യുദ്ധത്തിൽ നിന്ന് പിന്മാറ്റാൻ ഇന്ത്യയടക്കമുള്ള പങ്കാളികളോടൊത്ത് സംയുക്തമായി ശ്രമിക്കുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെൻറ് വക്താവ് പറഞ്ഞു. ഉപരോധങ്ങൾക്ക് അനുസൃതമായി ഇടപാടുകൾ നടത്തുന്നതിൽ തങ്ങൾക്ക് ഒരു പ്രശ്‌നവുമില്ലെന്നും എന്നാൽ അമിതമായി പർച്ചേസിംഗ് നടത്തുന്നത് വലിയ പ്രശ്‌നം സൃഷ്ടിക്കുമെന്നും യുഎസ് അധികൃതർ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. രൂപ- റൂബിൾ എന്നിവയുടെ സവിശേഷ പെയ്‌മെൻറ് സംവിധാനം കൊണ്ടുവരുന്നതിനെ കുറിച്ചു പ്രതികരിക്കുകയായിരുന്നു യുഎസ്.
ഇന്ത്യയുടെ 'ക്വാഡ്' പങ്കാളികളായ യുഎസ്സും ആസ്‌ട്രേലിയയും റഷ്യയുമായുള്ള കച്ചവട ബന്ധങ്ങളെ അംഗീകരിക്കുന്നില്ലെന്ന് ബ്ലൂംബെർഗ് റിപ്പോർട്ടുണ്ടായിരുന്നു. 'സ്വാത്വന്ത്ര്യം, ജനാധിപത്യം, പരമാധികാരം എന്നിവക്കായി യുക്രൈൻ ജനതക്കൊപ്പം നിലകൊള്ളുന്ന യുഎസ്സിനും ഡസൻ കണക്കിന് രാജ്യങ്ങൾക്കും ഒപ്പം ചേർന്ന് ചരിത്രത്തിന്റെ യഥാർഥ പക്ഷത്ത് നിൽക്കണം. ഫണ്ട് നൽകിയോ ഇന്ധനം നൽകിയോ റഷ്യൻ പ്രസിഡൻറ് പുടിന്റെ യുദ്ധത്തെ സഹായിക്കരുത്' എന്ന് യുഎസ് കൊമേഴ്‌സ് സെക്രട്ടറി ജിനാ റയ്മാണ്ടോ പറഞ്ഞിരുന്നു.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി, ഉപഭോക്തൃ രാജ്യമായ ഇന്ത്യ ഫെബ്രുവരി 24 മുതൽ 13 മില്യൺ ബാരൽ എണ്ണയാണ് റഷ്യയിൽനിന്ന് വാങ്ങിയത്. 16 മില്യൺ ബാരലായിരുന്നു 2021ൽ ആകെ വാങ്ങിയിരുന്നത്.
അതിനിടെ, രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യൻ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് ഇന്ന് ഇന്ത്യയിലെത്തും. യുക്രൈനിൽ സൈനിക നീക്കം തുടരുന്നതിനിടെയാണ് സന്ദര്‍ശനം. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ലാവ്‍റോവ് നാളെ കൂടിക്കാഴ്ച നടത്തും. യുക്രൈൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് റഷ്യൻ മന്ത്രി ഇന്ത്യയിലെത്തുന്നത്. വിവിധ രാജ്യങ്ങൾ റഷ്യയ്ക്കുമേൽ ഉപരോധം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ത്യയുമായി വ്യാപാരബന്ധം കൂടുതൽ ശക്തമാക്കാനാണ് ലാവ്‌റോവിന്റെ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ വാങ്ങുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് സൂചന. അമേരിക്കയുടെ സമ്മർദത്തിന് വഴങ്ങി ആയുധ കരാറിൽ നിന്ന് പിൻമാറരുതെന്ന് റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടേക്കും.
'Great Risk'; US urges India not to buy more oil from Russia
Adjust Story Font
16