നിറയെ ടണലുകൾ; അത്ര എളുപ്പമാണോ ഗസ്സയിലെ ഇസ്രായേല്‍ കരയുദ്ധം
മിക്ക ടണലുകളും ഇസ്രായേലിന്റെ രഹസ്യ ഇന്റലിജൻസ് നെറ്റ്‌വർക്കിൽ നിന്ന് പുറത്താണ്
ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ സേന ഗസ്സയ്‌ക്കെതിരെ നടത്തുന്ന യുദ്ധം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഒരാഴ്ച നീണ്ട വ്യോമാക്രമണങ്ങൾക്ക് ശേഷം കരയുദ്ധത്തിനാണ് ഇസ്രായേൽ കോപ്പുകൂട്ടുന്നത്. ഇതിന്റെ ഭാഗമായി വടക്കൻ ഗസ്സയിലുള്ള പതിനൊന്നു ലക്ഷം പേരോട് തെക്കൻ ഗസ്സയിലേക്ക് മാറാൻ ഇസ്രായേൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ ഹമാസ് അംഗവും മരിച്ചെന്ന് ഉറപ്പുവരുത്തുന്നതു വരെ യുദ്ധം തുടരുമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിക്കുന്നത്.
ഗസ്സയിൽ മുമ്പ് നടത്തിയ ഏത് ആക്രമണത്തേക്കാളും വലിയ നീക്കമാണ് ഓപറേഷൻ സ്വാഡ്‌സ് ഓഫ് അയൺ എന്നു പേരിട്ട സൈനിക ഓപറേഷനിൽ ഇസ്രായേൽ ഭരണകൂടം ലക്ഷ്യമിടുന്നത്. യുഎസ് അടക്കമുള്ള സൗഹൃദരാഷ്ട്രങ്ങളുടെ തുറന്ന പിന്തുണയും ഓപറേഷനുണ്ട്. വ്യോമാക്രമണം കുട്ടികളുൾപ്പെടെ ആയിരങ്ങളുടെ ജീവനെടുത്തു കഴിഞ്ഞു. നാലു ലക്ഷം പേർ ഭവനരഹിതരായി എന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്.
അതിനിടെ, ഗസ്സയിലെ അജ്ഞാത കേന്ദ്രങ്ങളിൽ ഹമാസ് ബന്ദികളാക്കിയ തങ്ങളുടെ 150 പൗരന്മാർ ഉണ്ട് എന്നാണ് ഇസ്രായേൽ പറയുന്നത്. ഇവരെ കണ്ടെത്താനാണ് കരയാക്രമണം എന്നും സൈന്യം വിശദീകരിക്കുന്നു. എന്നാല്‍ അത്രയെളുപ്പത്തില്‍ സാധ്യമാകുന്നതല്ല ഗസ്സയിലെ കരയാക്രമണം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എങ്ങനെ സാധ്യമാകും?
വ്യോമാക്രമണത്തിന്റെ പല സുരക്ഷിതത്വങ്ങളും കരയാക്രമണത്തിനില്ല. ഒന്നാമതായി ശത്രുവിനോട്/ എതിരാളികളോട് മുഖാമുഖം നിൽക്കുന്നൊരു യുദ്ധമുറയാണത്. ഏതു ഭാഗത്തു നിന്നും ആക്രമണം പ്രതീക്ഷിക്കാവുന്ന, ഏറ്റവും റിസ്‌കുള്ള ഈ യുദ്ധതന്ത്രത്തിന് ഇസ്രായേൽ ഒരുമ്പെട്ടിറങ്ങുമ്പോൾ അതെത്ര മാത്രം വിജയകരമാകും എന്നത് കാത്തിരുന്നു കാണേണ്ടതാണ്.
2014ലാണ് ഇസ്രായേൽ സേന ഇതിന് മുമ്പ് കരസേനയെ ആക്രമണത്തിന് നിയോഗിച്ചത്. അന്ന് ആന്റി ടാങ്ക് മൈനുകൾ, ഒളിയാക്രമണം എന്നിവ മൂലം കനത്ത ആൾനാശമാണ് ഇസ്രായേൽ ഭാഗത്തുണ്ടായിരുന്നത്. ഗസ്സ നഗരത്തിന്റെ വടക്കൻ അയൽപ്രദേശത്തുണ്ടായ ആക്രമണത്തിൽ നൂറു കണക്കിന് സിവിലിയന്മാർ കൊല്ലപ്പെടുകയും ചെയ്തു. ഇപ്പോള്‍ ജനങ്ങളുടെ ഭാഗത്തു നിന്നുള്ള പ്രതിരോധം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് വടക്കൻ ഗസ്സയിലെ 11 ലക്ഷം വരുന്ന ആൾക്കാരോട് ഒഴിഞ്ഞു പോകാൻ ഇസ്രായേൽ ആവശ്യപ്പെട്ടത്.
യുദ്ധം മൂലം നരകസമാനമാണ് ഗസ്സ എന്നാണ് യുഎൻ അഭയാർത്ഥി ഏജൻസി പറയുന്നത്. മരണനിരക്ക് ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുന്നു. വെള്ളവും വൈദ്യുതിയും ഇന്ധനവും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ഇതിന് പിന്നാലെയാണ് ജനസംഖ്യയിലെ പകുതി പേരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ- പ്രത്യേകിച്ചും പടിഞ്ഞാറൻ രാഷ്ട്രങ്ങളുടെ- പിന്തുണ നിർലോഭം ലഭിക്കുന്നു എന്നതാണ് ഈ യുദ്ധത്തിൽ ഇസ്രായേലിന്റെ കരുത്ത്.
സേനാ ബലം നോക്കുമ്പോൾ അതിശക്തമാണ് ഇസ്രായേൽ. 1.69 ലക്ഷം പേർ ഉൾക്കൊള്ളുന്ന സജീവ കാലാള്‍പ്പട അവർക്കുണ്ട്. നാലര ലക്ഷത്തിലേറെ റിസർവ് സേനയുമുണ്ട്. ഖസ്സാം ബ്രിഗേഡാണ് ഹമാസിന്റെ സേന. 15000 മുതൽ 20000 വരെ സൈനികർ ബ്രിഗേഡിനുണ്ട് എന്നാണ് കരുതപ്പെടുന്നത്. ഇവർ എങ്ങനെ സംഘടിക്കും, ആക്രമണത്തിന്റെ സ്വഭാവം എങ്ങനെയായിരിക്കും എന്നതിൽ വലിയ നിശ്ചയങ്ങളില്ല.
ഹമാസിനെതിരെയാണ് പോരാട്ടം എന്ന് ബെഞ്ചമിൻ നെതന്യാഹു പറയുന്നുണ്ട് എങ്കിലും നിലവിലെ ആക്രമണത്തിൽ എത്ര ഹമാസ് പോരാളികൾ കൊല്ലപ്പെട്ടു എന്നതിൽ വ്യക്തതയില്ല. അതിന്റെ കണക്കും ലഭ്യമല്ല. കൊല്ലപ്പെട്ടവരിൽ മിക്കവരും സിവിലിയന്മാരാണ് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും യുഎന്നും റിപ്പോർട്ടു ചെയ്യുന്നു. ഹമാസ് വീടുകള്‍ക്കും സ്കൂളുകള്‍ക്കും താഴെയുള്ള തുരങ്കങ്ങളില്‍ പാര്‍ക്കുന്നു എന്നാണ് ഇസ്രായേല്‍ പറയുന്നത്.
ഹമാസ് ടണൽ; ഗസ്സ മെട്രോ
തുരങ്കങ്ങളുടെ അതിവിപുലമായ ശൃംഖല നിലവിലുള്ള സ്ഥലമാണ് ഗസ്സ. ഹമാസിന്‍റെ ഒളിയിടം. കരയാക്രമണത്തിൽ ഇസ്രായേലിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നതും ഇതു തന്നെ. ഈ ടണലുകളെല്ലാം ഇസ്രായേലിന്റെ രഹസ്യ ഇന്റലിജൻസ് നെറ്റ്‌വർക്കിൽ നിന്ന് പുറത്താണ് എന്നതാണ് ശ്രദ്ധേയം. അതുകൊണ്ടു തന്നെ ഇതേക്കുറിച്ചുള്ള കൃത്യമായ ധാരണ ഇസ്രായേൽ സേനയ്ക്കില്ല.
20 മീറ്റർ താഴ്ചയിലാണ് ടണലുകളുള്ളത്. കോൺക്രീറ്റു കൊണ്ട് നിർമിച്ച ഇവയെല്ലാം വൈദ്യുതീകരിച്ചിട്ടുണ്ട്. ദീർഘകാല വാസത്തിന് അനുയോജ്യവുമാണ്. ഹമാസ് കമാൻഡിങ് പോസ്റ്റുകൾക്കിടയിൽ മികച്ച രീതിയിലുള്ള ആശയവിനിമയവും ഇതുവഴി സാധ്യമാകുന്നുണ്ട്.
2021ൽ നൂറു കിലോമീറ്റർ വരുന്ന ഹമാസിന്റെ ടണൽ നെറ്റ്‌വർക്ക് തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. എന്നാൽ അഞ്ഞൂറു കിലോമീറ്റർ ദൈർഘ്യമുള്ള ടണലുകളിലെ അഞ്ചു ശതമാനം മാത്രമാണ് തകർക്കപ്പെട്ടത് എന്നാണ് ഹമാസ് നേതാവ് യഹ്‌യ സിൻവർ വിശദീകരിച്ചിരുന്നത്. (ഡൽഹി മെട്രോ 392 കിലോമീറ്റർ മാത്രമാണ് ഉള്ളത് എന്നതു കൂടി ഇതോട് ചേർത്തു വായിക്കണം). ഗസ്സയേക്കാൾ നാലു മടങ്ങ് വലിപ്പമുള്ള സ്ഥലമാണ് ഡൽഹി. ഗസ്സയിലെ അണ്ടർ ഗ്രൗണ്ട് നെറ്റ്‌വർക്ക് അത്ര വിപുലമാണ് എന്നർത്ഥം.
2007ൽ അധികാരമേറ്റെടുത്ത ശേഷം ഗസ്സയിലും ഇസ്രായേൽ അതിർത്തിയിലും ഹമാസ് ടണൽ നെറ്റ്‌വർക്ക് ശൃംഖല വിപുലപ്പെടുത്തിയിട്ടുണ്ട്. ഗസ്സയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് പകരം ഇത്തരം നിർമാണങ്ങളിൽ ശ്രദ്ധ കൊടുത്തു എന്നതാണ് ഹമാസിനെതിരെ ഉന്നയിക്കപ്പെടുന്ന പ്രധാന ആരോപണം.
ഒക്ടോബർ ഏഴിന്, അടുത്ത കാലത്ത് ഇസ്രായേൽ നേരിട്ട ഏറ്റവും വലിയ ആക്രമണത്തിലും ടണൽ നെറ്റ്‌വർക്ക് ഹമാസ് ഉപയോഗിച്ചിട്ടുണ്ട്. അതിർത്തി കടക്കാൻ ഹമാസ് ക്രോസ് ബോർഡർ ടണൽ ഉപയോഗിച്ചു എന്നാണ് ഇസ്രായേൽ കരുതുന്നത്.
English Highlight: Hamas' Tunnels: Israel's Tall Challenge In Ground Offensive Plan
Adjust Story Font
16