പള്ളിയിൽക്കയറി ഇമാം അടക്കം 12 പേരെ വെടിവച്ച് കൊന്നു; നിരവധി പേരെ തട്ടിക്കൊണ്ടുപോയി
രാജ്യത്ത് സായുധ സംഘങ്ങൾ വിവിധ സമൂഹങ്ങളിൽപ്പെട്ടവരെ ആക്രമിക്കുകയോ കൊല്ലുകയോ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകുകയോ ചെയ്യുന്നത് പതിവായിരിക്കുകയാണ്.
അബൂജ: പള്ളിയിൽ അതിക്രമിച്ചു കയറി ഇമാം അടക്കം 12 പേരെ വെടിവച്ച് കൊന്ന് തോക്കുധാരികൾ. പ്രാർഥനയ്ക്കെത്തിയ നിരവധി പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. നൈജീരിയയിലെ ഫന്റുവയിൽ ശനിയാഴ്ച രാത്രിയാണ് രാജ്യത്തെ നടുക്കിയ സംഭവം. പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ നാടായ കാറ്റ്‌സിനയിലെ പ്രദേശമാണ് ഫന്റുവ.
പ്രദേശത്തെ മൈഗാംജി മസ്ജിദിൽ അതിക്രമച്ചുകയറി തോക്കുധാരികൾ തലങ്ങുംവിലങ്ങും വെടിവയ്ക്കുകയായിരുന്നു എന്നും ഇതോടെ വിശ്വാസികൾ ചിതറിയോടിയെന്നും ഫന്റുവ സ്വദേശിയായ ലാവൽ ഹാറൂന റോയ്ട്ടേഴ്സിനോടു പറഞ്ഞു. 'രാത്രി നമസ്കാരം നിർവഹിച്ചുകൊണ്ടിരുന്ന 12 പേർ വെടിവയ്പിൽ ദാരുണമായി കൊല്ലപ്പെട്ടു. ഇതിൽ ചീഫ് ഇമാമും ഉൾപ്പെടുന്നു'- ഹാറൂന പറഞ്ഞു.
"വെടിവയ്പിനു ശേഷം അവർ പലരെയും പിടിച്ചുകൊണ്ടുപോയി. കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ നിരപരാധികൾ മോചിതരാവാൻ ഞങ്ങൾ പ്രാർഥിക്കുകയാണ്"- ഫന്റുവയിലെ മറ്റൊരു താമസക്കാരനായ അബ്ദുല്ലാഹി മുഹമ്മദ് പറഞ്ഞു.
പള്ളിയിലെ ആക്രമണം കാറ്റ്‌സിന സ്റ്റേറ്റ് പൊലീസ് വക്താവ് ഗാംബോ ഇസ സ്ഥിരീകരിച്ചു. ചില താമസക്കാരുടെ സഹായത്തോടെ വിശ്വാസികളിൽ ചിലരെ രക്ഷിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് സായുധ സംഘങ്ങൾ വിവിധ സമൂഹങ്ങളിൽപ്പെട്ടവരെ ആക്രമിക്കുകയോ കൊല്ലുകയോ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകുകയോ ചെയ്യുന്നത് പതിവായിരിക്കുകയാണ്.
നേരത്തെ കൊള്ളക്കാരുടെ ക്യാമ്പുകളിൽ നൈജീരിയൻ സൈന്യം ബോംബിട്ടിരുന്നെങ്കിലും ആക്രമണങ്ങൾക്ക് യാതൊരു അയവും ഉണ്ടായിട്ടില്ല. ഫെബ്രുവരിയിൽ ബുഹാരിയുടെ പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കാനിരിക്കെ വോട്ടർമാരുടെ സുരക്ഷയെക്കുറിച്ച് അധികാരികളിൽ ഭയം നിലനിൽക്കുന്നുവെന്നാണ് റിപ്പോർട്ട്.
Adjust Story Font
16