ദോഹ ചർച്ച അട്ടിമറിക്കാൻ ഇസ്രയേലിൻ്റെ ആസൂത്രിത ശ്രമം: ഹമാസ്
അൽശിഫ ആശുപത്രി ആക്രമണത്തിൽ അമ്പതിലേറെ പേർ കൊല്ലപ്പെട്ടു
ദുബൈ: ചർച്ചകൾ അട്ടിമറിക്കാൻ ഇസ്രായേലിന്റെ ആസൂത്രിത നീക്കമെന്ന് ഹമാസിന്റെ കുറ്റപ്പെടുത്തൽ. അൽശിഫ ആക്രമണവും ഗസ്സയിൽ സർക്കാർ പ്രതിനിധികളെ കൊലപ്പെടുത്തുന്നതും ഇതിന്റെ ഭാഗമെന്നും ഹമാസ്. താൽക്കാലിക വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി വെളിപ്പെടുത്തിയതിനു തൊട്ടു പിന്നാലെയാണ് ഇസ്രായേൽ നീക്കത്തെ വിമർശിച്ച് ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ രംഗത്തു വന്നത്. ഗസ്സയിൽ സമ്പൂർണ അരക്ഷിതാവസ്ഥ വ്യാപിപ്പിക്കുകയാണ് ഇസ്രായേൽ കൈക്കൊള്ളുന്ന നടപടികളുടെ ലക്ഷ്യമെന്ന് ഇസ്മാഈൽ ഹനിയ്യ കുറ്റപ്പെടുത്തി.
പ്രഖ്യാപിത നിലപാടുകളിൽ മാറ്റമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ആക്രമണം നിർത്തുക, സൈന്യം പിൻമാറുക, പുറന്തള്ളിയവരെ മടങ്ങാൻ അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് ഹമാസ് മുന്നോട്ടു വെച്ചിരിക്കുന്നത്. ദോഹയിൽ ആദ്യവട്ട ചർച്ച പൂർത്തീകരിച്ച് മൊസാദ് മേധാവി ഡേവിഡ് ബർണിയയുടെ നേതൃത്വത്തിലുള്ള ഇസ്രായേൽ സംഘം മടങ്ങി.
സംഘത്തിന് വളരെ പരിമിതമായ അധികാരം മാത്രമാണ് നെതന്യാഹു നൽകിയതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹമാസ് മുന്നോട്ടു വെച്ച വ്യവസ്ഥകളുടെ പുറത്ത് വെടിനിർത്തലിന് വഴങ്ങേണ്ടതില്ലെന്നാണ് നെനത്യാഹുവിെൻറ തീരുമാനമെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.അതേ സമയം ഗസ്സയിൽ അടിയന്തര വെടിനിർത്തൽ സാധ്യമാക്കാനുള്ള നീക്കം വിവിധ തലങ്ങളിലായി പുരോഗമിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. ബന്ദിമോചനവും ഗസ്സയിലേക്ക് കൂടുതൽ സഹായം എത്തിക്കലും വൈകാതെ നടപ്പാകുമെന്നാണ് പ്രതീക്ഷയെന്നും അമേരിക്ക അറിയിച്ചു.
ഗസ്സയിലെ ഗുരുതര സാഹചര്യം സംബന്ധിച്ച് അമേരിക്കൻ പ്രസിഡൻറ് ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു.പ്രതിരോധ മന്ത്രി യോവ് ഗാലൻറിെൻറ നേതൃത്വത്തിലുള്ള സംഘത്തെ അടുത്ത ആഴ്ച അമേരിക്കയിലേക്ക് അയക്കാനും ധാരണയായി.യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിൻകൻ ഈജിപ്തിലും സൗദി അറേബ്യയിലും ഉടൻ സന്ദർശനം നടത്തും. ഗസ്സയിലെ താൽക്കാലിക യുദ്ധവിരാമം സംബന്ധിച്ച ചർച്ചയാണ് സന്ദർശനലക്ഷ്യം.
ഗസ്സയിലെ ഹമാസ് ഡപ്യൂട്ടി കമാൻഡർ മർവാൻ ഈസ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വൈറ്റ്ഹൗസ് വക്താവ് ജെയ്ക് സള്ളിവൻ പറഞ്ഞു. എന്നാൽ ഹമാസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.അൽ ശിഫ ആശുപത്രിയിൽ നടത്തിയ ആക്രമണത്തിൽ അമ്പതിലറെ പേരെ ഇസ്രായേൽ കൊലപ്പെടുത്തി. 180ഓളം പേരെ സൈന്യം പിടികൂടി. ഹമാസ് പോരാളികൾ താവളമാക്കുന്നുവെന്ന് ആരോപിച്ചാണ് അൽ ശിഫ ആശുപത്രിക്കുനേരെ ഇസ്രായേൽ വീണ്ടും ആക്രമണം നടത്തിയത്. ഹമാസ് ആക്രമണത്തിൽ ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സേന സ്ഥിരീകരിച്ചു. ലബനാനിൽ നിന്നുള്ള ഹിസ്ബുല്ല ആക്രമണത്തിൽ രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.
Adjust Story Font
16