Quantcast

ഗസ്സയിൽ സമാധാനം; വെടിനിർത്തൽ കരാർ ഹമാസും ഇസ്രായേലും അംഗീകരിച്ചു

വെടിനിർത്തൽ മൂന്ന് ഘട്ടമായി, ആനുപാതികമായി 2000 ഫലസ്തീൻ തടവുകാരെ വിട്ടയക്കും

MediaOne Logo

Web Desk

  • Updated:

    2025-01-15 19:09:45.0

Published:

15 Jan 2025 6:52 PM GMT

ഗസ്സയിൽ സമാധാനം; വെടിനിർത്തൽ കരാർ ഹമാസും ഇസ്രായേലും അംഗീകരിച്ചു
X

ദോഹ: ഗസ്സയിൽ വെടിനിർത്തൽ കരാർ ഹമാസും ഇസ്രായേലും അംഗീകരിച്ചെന്ന് ഖത്തർ. മൂന്ന് ഘട്ടമായാണ് വെടിനിർത്തൽ. ‍ജനുവരി 19 മുതൽ കരാർ നിലവിൽ വരും. ഓരോ ഘട്ടത്തിനുമിടയിൽ 42 ദിവസങ്ങളുടെ ഇടവേളയാണ് നിർണയിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ 33 ബന്ദികളെ മോചിപ്പിക്കും. ആനുപാതികമായി 2000 ഫലസ്തീൻ തടവുകാരെ വിട്ടയക്കും, അതിർത്തിയുടെ 700 മീറ്റർ ഉള്ളിലേക്ക് ഇസ്രായേൽ സൈന്യം പിന്മാറും, ഫിലാഡൽഫി, നെറ്റ്സാരിം ഇടനാഴിയിൽ നിന്ന് ഘട്ടം ഘട്ടമായി സൈനിക പിന്മാറ്റം, ആദ്യഘട്ടം ആരംഭിച്ച് ഏഴ് ദിവസത്തിന് ശേഷം റഫ അതിർത്തി തുറക്കും- തുടങ്ങിയവയാണ് കരാർ വ്യവസ്ഥകൾ.

മധ്യസ്ത രാജ്യമായ ഖത്തറാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വെടിനിർത്തൽ കരാറിലെത്തിയതായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപിൻ്റെ പ്രഖ്യാപനം. പതിനഞ്ച് മാസം നീണ്ടു നിന്ന വംശഹത്യക്കാണ് ഇതോടെ അന്ത്യമാകുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി ദോഹയിൽ തിരക്കിട്ട ചർച്ചകൾ നടന്നുവരികയായിരുന്നു. മൊസാദ് തലവൻ, യുഎസ് പ്രതിനിധികൾ, ഹമാസ് നേതാക്കൾ തുടങ്ങിയവർ ചർച്ചയുടെ ഭാഗമായിരുന്നു. ഇസ്രായേലിലെ തീവ്ര വലതുപക്ഷം വെടിനിർത്തലിനെതിരെ രംഗത്തുവന്നിരുന്നു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 62 ആളുകളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. 2023 ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന ആക്രമണത്തിൽ 46,707 പേരാണ് കൊല്ലപ്പെട്ടത്. 110,265 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

TAGS :

Next Story