Quantcast

കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ നീക്കാൻ പാടുപെട്ട് ഇസ്രായേൽ; തുടക്കം മാത്രമെന്ന് ഹമാസ്

റഫയിൽ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ എട്ട് ഇസ്രായേൽ സൈനികരാണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2024-06-16 02:48:16.0

Published:

16 Jun 2024 1:14 AM GMT

israel army
X

റഫയിൽ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ അമ്പരന്ന്​ ഇസ്രായേൽ. ഒറ്റ ആക്രമണത്തിൽ എട്ടു സൈനികർ കൊല്ലപ്പെട്ടു. കൂടുതൽ വലിയ ആക്രമണങ്ങൾ ഇസ്രായേൽ സേനയെ കാത്തിരിക്കുന്നതായി ഹമാസിന്റെ മുന്നറിയിപ്പ്​. ദക്ഷിണ ലബനാനിൽ നിന്നുള്ള​ ഹിസ്​ബുല്ല ആക്രമണത്തെ നേരിടാൻ പ്രത്യാക്രമണവുമായി ഇസ്രായേൽ. ചെങ്കടലിൽ ആക്രമണത്തെ തുടർന്ന്​ ചരക്കുകപ്പൽ കടലിൽ മുങ്ങി തുടങ്ങിയെന്ന്​ ഹൂത്തികൾ

റഫയിലേക്കുള്ള കടന്നുകയറ്റത്തിനിടെ, ഇതാദ്യമായാണ്​ ഇത്രയും വലിയ തിരിച്ചടി ഇസ്രായേൽ സേനക്ക്​ ലഭിക്കുന്നത്​. ദക്ഷിണ റഫ സിറ്റിയിലെ തൽ അസ്​ സുൽത്താൻ ഡിസ്​ട്രിക്​റ്റിലാണ്​ ഇസ്രായേൽ സൈനിക വാഹനങ്ങൾക്കു നേരെ ബോംബാക്രമണം നടത്തി 8 പേരെ ഹമാസ്​ സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്​ വധിച്ചത്​. തികച്ചും അപ്രതീക്ഷിതവും പതിയിരുന്നുള്ളതുമായ ഗറില്ലാ ആക്രമണമാണ്​ നടന്നതെന്ന്​ ഇസ്രായേൽ സൈനിക ഉദ്യോഗസ്​ഥരെ ഉദ്ധരിച്ച്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

ഗ്രനേഡ്​ ഘടിപ്പിച്ച റോക്കറ്റുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. സൈനികരുടെ രക്ഷക്കെത്തിയ വാഹനത്തിനു നേരെയും ആ​ക്രമണം ഉണ്ടായി. ഏറെ പണിപ്പെട്ടാണ്​ സൈനികരുടെ മൃതദേഹങ്ങൾ അവിടെ നിന്ന്​ മാറ്റാനായതെന്നും ഇസ്രായേൽ സ്​ഥിരീകരിച്ചു. സമാനരീതിയിലുള്ള കൂടുതൽ ശക്​തമായ ആക്രമണം ഇനിയും പ്രതീക്ഷിക്കാമെന്ന്​ അൽഖസ്സാം ബ്രിഗേഡ്​സ്​ വക്​താവ്​ അബൂ ഉബൈദ പറഞ്ഞു. എട്ടു സൈനികരുടെ മരണം ഇസ്രായേലിനെ ശരിക്കും നടുക്കി.

ഗസ്സ യുദ്ധത്തിന്​ വലിയ വിലയാണ്​ രാജ്യം നൽകി വരുന്നതെന്ന്​ നെതന്യാഹു പ്രതികരിച്ചു. ബന്ദികൾക്കു പുറമെ സൈനികരെയും കൊലക്കു കൊടുക്കുന്നത്​ അവസാനിപ്പിക്കാൻ വെടിനിർത്തൽ കരാർ നടപ്പാക്കണമെന്നാവശ്യപ്പെട്ട്​ ആയിരങ്ങൾ ഇന്നലെയും തെരുവിലിറങ്ങി. ഹിസ്​ബുല്ല ആക്രമണത്തെ തുടർന്ന്​ വ്യാപക നാശനഷ്​ടങ്ങളുണ്ടായ വടക്കൻ ഇസ്രായേലിലെ ജനങ്ങളും ഇന്നലെ പ്രതിഷേധവുമായി രംഗത്തുവന്നു. മാസങ്ങളായി സർക്കാർ തങ്ങളെ അവഗണിക്കുകയാണെന്നും ആക്രമണം കൊണ്ട്​ തങ്ങൾ പൊറുതിമുട്ടിയെന്നും വ്യക്​തമാക്കിയായിരുന്നു ജനങ്ങളുടെ പ്രതിഷേധം. ഹിസ്​ബുല്ല കേന്ദ്രങ്ങളിൽ രാത്രി വ്യാപക പ്രത്യാക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

ഗസ്സയിൽ ഇസ്രായേലിന്റെ നരമേധം തുടരുകയാണ്​. മധ്യ ഗസ്സയിലെ ദേർ അൽ ബലാഹിൽ ഒരു വീടിനു മുകളിൽ ഇസ്രായേൽ യുദ്ധവിമാനം ബോംബിട്ട്​ നിരവധി പേരെ കൊലപ്പെടുത്തി. വടക്കൻ ഗസ്സയിയെ ഇന്തോനേഷ്യൻ ആശുപത്രി സൈന്യം കത്തിച്ചു. ഗസ്സയിലേത് ബാല്യം നഷ്ടപ്പെട്ട തലമുറയായി മാറാനുള്ള സാധ്യതയുണ്ടെന്ന് യു.എൻ.ആർ.ഡബ്ല്യു.എയുടെ മുന്നറിയിപ്പ്. ഏ​ദ​ൻ ക​ട​ലി​ടു​ക്കി​ൽ തങ്ങളുടെ ആക്രമണത്തെ തുടർന്ന്​ ഒരു ച​ര​ക്ക് ക​പ്പ​ൽ മുങ്ങി തുടങ്ങിയെന്ന്​ ഹൂത്തികൾ.

TAGS :

Next Story