വ്യോമാക്രമണത്തിൽ പരിക്കേറ്റ ഇസ്രായേലി ബന്ദി കൊല്ലപ്പെട്ടന്ന് ഹമാസ്
ഉത്തരവാദി നെതന്യാഹു സർക്കാറെന്ന് ബന്ധുക്കൾ
ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ഒരു ബന്ദി കൂടി കൊല്ലപ്പെട്ടന്ന് ഹമാസ്. ബ്രിട്ടീഷ് പൗരത്വമുള്ള ഇസ്രായേൽ ബന്ദി നദവ് പോപ്പിൾവെൽ ആണ് കൊല്ലപ്പെട്ടതെന്ന് അൽ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ അറിയിച്ചു.
ഒരു മാസം മുമ്പ് ഇയാൾക്ക് ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ പരിക്കേറ്റിരുന്നു. ആവശ്യമായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും അബൂ ഉബൈദ പറഞ്ഞു.
11 സെക്കൻഡ് ദൈർഘ്യമുള്ള ഇയാളുടെ വീഡിയോ സന്ദേശം ശനിയാഴ്ച ഹമാസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മരണവിവരം അറിയിച്ചത്. ‘സമയം തീരുകയാണ്. നിങ്ങളുടെ സർക്കാർ കള്ളം പറയുകയാണ്’ എന്ന് ഇദ്ദേഹം വീഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്.
ഒക്ടോബർ ഏഴിന് നിരിം കിബ്ബട്ട്സിൽ നിന്നാണ് ഇയാളെ ഹമാസ് പിടികൂടിയത്. ഇദ്ദേഹത്തിന്റെ മാതാവിനെയും ബന്ദിയാക്കിയിരുന്നെങ്കിലും പിന്നീട് കരാർ പ്രകാരം വിട്ടയച്ചു. കൂടാതെ ഇയാളുടെ സഹോദരൻ ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഒരു മാസത്തിനുള്ളിൽ മൂന്നാം തവണയാണ് ഹമാസ് ബന്ദികളുടെ ദൃശ്യങ്ങൾ പുറത്തുവിടുന്നത്. ഏപ്രിൽ 27 ന് രണ്ട് ബന്ദികളുടെയും മൂന്ന് ദിവസം മുമ്പ് മറ്റൊരാളുടെയും ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ശേഷിക്കുന്ന തടവുകാരെ മോചിപ്പിക്കാൻ ഇസ്രായേൽ സർക്കാരിന് മേൽ ആഭ്യന്തര സമ്മർദ്ദം വർധിക്കുന്നതിനിടയിലാണ് വീഡിയോകൾ പുറത്തുവരുന്നത്.
ബന്ദികളുടെ മരണത്തിൽ ഉത്തരവാദി നെതന്യാഹു സർക്കാറാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇന്ന് രാത്രി തെൽ അവീവിൽ വ്യാപക പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
Adjust Story Font
16