'ഒന്നിച്ചുനിൽക്കൂ; ഭൂതകാലത്തെ മുറിവുകളിൽനിന്ന് ഉയിർത്തെഴുന്നേൽക്കൂ'-സിറിയൻ ജനതയ്ക്ക് അഭിനന്ദനങ്ങളുമായി ഹമാസ്
2011ലെ ജനകീയ പ്രക്ഷോഭത്തിൽ ഹമാസ് നിഷ്‍പക്ഷ നിലപാടെടുത്തത് അസദ് ഭരണകൂടത്തെ ചൊടിപ്പിച്ചിരുന്നു
2023 ഒക്ടോബറില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി തെരുവിലിറങ്ങിയ സിറിയക്കാര്‍
ഗസ്സ സിറ്റി: ബശ്ശാറുൽ അസദ് ഭരണകൂടത്തെ അട്ടിമറിച്ചു വിമത സംഘങ്ങൾ അധികാരം പിടിച്ചതിനു പിന്നാലെ സിറിയൻ ജനതയെ അഭിനന്ദിച്ച് ഹമാസ്. സ്വാതന്ത്ര്യാഭിലാഷങ്ങൾ കൈവരിക്കാനായതിൽ സിറിയൻ ജനതയ്ക്ക് അഭിനന്ദനം എന്നാണ് ഹമാസ് വാർത്താകുറിപ്പിലൂടെ പ്രതികരിച്ചത്. സിറിയക്കാരുടെ രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെയും ഇഷ്ടങ്ങളെയും മാനിക്കുന്നുവെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കി.
സിറിയയിലെ വിമത നീക്കത്തിൽ ഇതാദ്യമായാണ് ഹമാസ് പ്രതികരിക്കുന്നത്. ഹമാസിന് ഏറെക്കാലം ഉറച്ച പിന്തുണ നൽകിയവരാണ് അസദ് ഭരണകൂടം. 'ഇസ്‌ലാമിക ചെറുത്തുനിൽപ്പ് പ്രസ്ഥാനം മഹത്തായ സിറിയൻ ജനതയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നു. അവരുടെ ഇഷ്ടങ്ങളെയും സ്വാതന്ത്ര്യത്തെയും രാഷ്ട്രീയ തിരഞ്ഞെടുപ്പുകളെയും മാനിക്കുകയും ചെയ്യുന്നു'-ഹമാസ് വ്യക്തമാക്കി.
എല്ലാ സിറിയൻ ജനവിഭാഗങ്ങളും ഒന്നിച്ചുനിന്ന് ദേശീയ ഐക്യം ശക്തിപ്പെടുത്തുകയും ഭൂതകാലത്തെ മുറിവുകളിൽനിന്ന് ഉയിർത്തെഴുന്നേൽക്കുകയും ചെയ്യണമെന്നും വാർത്താ കുറിപ്പിൽ ആഹ്വാനം ചെയ്തു. സിറിയ ചരിത്രപരമായി ഫലസ്തീനും ന്യായമായ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള അവരുടെ ചെറുത്തുനിൽപ്പിനും നൽകിവരുന്ന നിർണായകമായ പിന്തുണ തുടരുമെന്ന പ്രതീക്ഷയും പങ്കുവയ്ക്കുന്നുണ്ട്. അറബ്-ഇസ്‌ലാമിക രാഷ്ട്രങ്ങൾക്കിടയിലും പ്രാദേശിക-അന്താരാഷ്ട്ര തലത്തിലുമുള്ള സിറിയയുടെ നേതൃസ്ഥാനത്തെയും വാർത്താകുറിപ്പിൽ എടുത്തുപറയുന്നുണ്ട്.
മറ്റൊരു ഫലസ്തീൻ സംഘടനയായ ഇസ്‌ലാമിക് ജിഹാദും പ്രതികരിച്ചിട്ടുണ്ട്. ഫലസ്തീൻ ജനതയ്ക്കും അവരുടെ ന്യായമായ വിഷയങ്ങൾക്കും സിറിയ എന്നും നൽകിവരുന്ന പിന്തുണ തുടരുമെന്നാണു പ്രതീക്ഷയെന്ന് ഇസ്‌ലാമിക് ജിഹാദ് പറഞ്ഞു.
2000 മുതൽ ഹമാസ് നേതാക്കളിൽ പലരും കഴിഞ്ഞിരുന്നത് സിറിയയിൽ അസദ് ഭരണകൂടത്തിന്റെ സംരക്ഷണത്തിലായിരുന്നു. എന്നാൽ, 2011ലെ ജനകീയ പ്രക്ഷോഭത്തിൽ നിഷ്പക്ഷ നിലപാടെടുത്തത് സിറിയൻ ഭരണകൂടത്തെ ചൊടിപ്പിച്ചു. അസദ് സർക്കാരിനെ പരസ്യമായി പിന്തുണയ്ക്കണമെന്ന ആവശ്യം ഹമാസ് നേതാക്കൾ നിരസിക്കുകയും രാജ്യം വിടുകയുമായിരുന്നു. പിന്നാലെ ജനകീയ പ്രക്ഷോഭത്തിനു പരസ്യ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
2022ൽ അസദ് ഭരണകൂടവുമായി ഹമാസ് ബന്ധം പുനഃസ്ഥാപിച്ചു. ഹമാസ് നേതാക്കൾ സിറിയൻ തലസ്ഥാനമായ ദമാസ്‌കസിലെത്തി ബശ്ശാറുൽ അസദുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 2023ൽ സിറിയൻ ഭരണകൂടം സംഘടനയ്‌ക്കെതിരെ വഞ്ചനാ ആരോപണങ്ങൾ ഉയർത്തിയതോടെ ബന്ധം വീണ്ടും ഉലയുകയുമായിരുന്നു. സിറിയൻ വിമതസംഘമായ ഹയാത്തുത്തഹ്‌രീറുശ്ശാം(എച്ച്ടിഎസ്) കഴിഞ്ഞ നവംബർ 27ന് ഇദ്‌ലിബിൽനിന്ന് ആരംഭിച്ച സായുധ നീക്കത്തിൽ ഹമാസ് ഇതുവരെയും പ്രതികരിച്ചിരുന്നില്ല. എച്ച്ടിഎസ് തലസ്ഥാനം കീഴടക്കുകയും ബശ്ശാറുൽ അസദ് രാജ്യം വിടുകയും ചെയ്തതിനു പിന്നാലെയാണ് ഇപ്പോൾ പ്രതികരണം വരുന്നത്.
Summary: Hamas congratulates Syrian people on ending Bashar al-Assad's rule
Adjust Story Font
16