Quantcast

വെടിനിർത്തൽ ചർച്ച വഴിമുട്ടിയതിനു കാരണം ഹമാസിന്‍റെ കടുംപിടിത്തം; യുദ്ധത്തിൽ നിന്ന്​ പിന്നോട്ടില്ലെന്ന് നെതന്യാഹു

ഹിറ്റ്ലറുടെ കൊടും ക്രൂരതയുടെ ആവർത്തനമാണ്​ ഇസ്രായേൽ ഗസ്സയിൽ തുടരുന്ന വംശഹത്യയെന്ന്​ ബ്രസീൽ പ്രസിഡന്‍റ്​ ലുല ഡാ സിൽവ വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    19 Feb 2024 3:29 AM GMT

Netanyahu
X

നെതന്യാഹു

ജറുസലെം: വെടിനിർത്തൽ ചർച്ച വഴിമുട്ടിയതിനു കാരണം ഹമാസിന്‍റെ കടുംപിടിത്തമാണെന്നും യുദ്ധത്തിൽ നിന്ന്​ പിറകോട്ടില്ലെന്നും പ്രഖ്യാപിച്ച്​ നെതന്യാഹു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം തങ്ങൾ അംഗീകരിക്കില്ലെന്നും ഇസ്രായേൽ അറിയിച്ചു. ഹിറ്റ്ലറുടെ കൊടും ക്രൂരതയുടെ ആവർത്തനമാണ്​ ഇസ്രായേൽ ഗസ്സയിൽ തുടരുന്ന വംശഹത്യയെന്ന്​ ബ്രസീൽ പ്രസിഡന്‍റ്​ ലുല ഡാ സിൽവ വ്യക്തമാക്കി. ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയത്തിൽ നാളെ യു.എൻ രക്ഷാസമിതിയിൽ വോ​ട്ടെടുപ്പ്​ നടക്കും. അതേസമയം ഗസ്സയിൽ മരണം ​ 29,000ത്തിലേക്ക് കടന്നു.

കെയ്റോ കേന്ദ്രീകരിച്ചു നടന്ന വെടിനിർത്തൽ ചർച്ച വഴിമുട്ടിയതോടെ, അന്താരാഷ്​ട്ര സമ്മർദം മറികടന്നും റഫക്കു നേരെയുള്ള ആക്രമണവുമായി മുന്നോട്ടു നീങ്ങുമെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചു. ഹമാസുമായി വെടിനിർത്തൽ കരാറിലൂടെ ബന്ദിമോചനം ഉറപ്പാക്കണമെന്ന ആവശ്യവും നെതന്യാഹു തള്ളി. യുദ്ധത്തിലൂടെ ഹമാസിനെ സൈനികമായ ദുർബലപ്പെടുത്താനായെന്നും സമ്പൂർണ വിജയം ഉറപ്പാക്കും വരെ യുദ്ധം തുടരുമെന്നും നെതന്യാഹു അറിയിച്ചു. മുസ്​‍ലിം വ്രതമാസത്തിൽ മസ്​ജിദുൽ അഖ്​സയിൽ പ്രാർഥന നടത്താൻ ഫലസ്​തീൻ ജനതക്ക വിലക്ക്​ ഏർപ്പെടുത്തണമെന്ന മന്ത്രി ബെൻഗവിറി​ന്‍റെ നിർദേശം പ്രധാനമന്ത്രി നെതന്യാഹു അംഗീകരിച്ചതായി ഇസ്രായേൽ ചാനൽ 13റിപ്പോർട്ട്​ ചെയ്​തു. സ്വതന്ത്ര ഫലസ്​തീൻ രാഷ്​ട്രം നിലവിൽ വരാൻ ഇസ്രായേലി​ന്‍റെ അനുമതി ആവശ്യ​മില്ലെന്ന്​ ഫലസ്​തീൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. യു.എന്നിലെ പൂർണ അംഗത്വവും രാഷ്​ട്രങ്ങളുടെ പിന്തുണയുമാണ്​ അതിനു വേണ്ടത്​. ഗസ്സയിൽ തുടരുന്ന ഇസ്രായേൽ അതിക്രമം എല്ലാ അന്താരാഷ്​ട്ര ചടങ്ങളുടെയും നഗ്​നമായ ലംഘനമാണെന്ന്​ ആഫ്രിക്കൻ ഉച്ചകോടി വ്യക്​തമാക്കി. ഇസ്രായേലി​ന്‍റെ വംശഹത്യാ നടപടികൾ ഹിറ്റ്​ലറെ പോലും തോൽപിക്കുന്നതാണെന്ന്​ ബ്രസീൽ പ്രസിഡന്‍റ്​ ലുല ഡാ സിൽവ വിമർശിച്ചു.

ബ്രസീൽ വിമർശനം തരംതാണതെന്ന്​ ഇസ്രായേലി​ന്‍റെ കുറ്റപ്പെടുത്തൽ. ഗസ്സയുദ്ധം ഇനിയും നീണ്ടാൽ മേഖലയിൽ വലിയ പ്രത്യാഘാതം സൃഷ്​ടിക്കുമെന്ന്​ സൗദി അറേബ്യ മുന്നറിയിപ്പ്​ നൽകി. പ്രതിസന്​ധി പരിഹരിക്കാൻ ഊർജിതനീക്കം അനിവാര്യമെന്ന്​ യു.എസ്​ സ്​​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിൻകൻ. അൽനാസർ മെഡിക്കൽ സമുച്ചയത്തിൽ ഓക്​സിജൻ ലഭിക്കാതെ നാല്​ രോഗികൾ കൂടി മരിച്ചു. 6 രോഗികൾ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഹോസ്​പിറ്റൽ പ്രവർത്തനം ഏറെക്കുറെ നിലച്ച സ്​​ഥിതിയിലാണെന്ന്​ ലോകാരോഗ്യ സംഘടനയുടെ റീജ്യനൽ ഡയരക്​ടർ. പട്ടിണി പിടിമുറുക്കിയ വടക്കൻ ഗസ്സയിലേക്കുള്ള സഹായവിതരണം ഇസ്രായേൽ സേന തടയുകയാണ്​. പുതതായി 127 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിൽ ആകെ മരണസംഖ്യ 28,985 ആയി. 68,883 പേർക്കാണ്​ പരിക്ക്​. നാളെ രക്ഷാസമിതിയിൽ ഗസ്സ വെടിനിർത്തൽ പ്രമേയത്തിൽ നടക്കുന്ന വോ​ട്ടെടുപ്പ്​ വീറ്റോ ചെയ്യാനാണ്​ അമേരിക്കൻ തീരുമാനം. ചൈനയും റഷ്യയും ഉൾപ്പെടെ രക്ഷാസമിതി അംഗങ്ങൾ ഇതിൽ കടുത്ത അതൃപ്​തി രേഖപ്പെടുത്തി. ഗസ്സയിൽ നിന്ന്​ ഫലസ്​തീനികളെ സിനായിൽ പുനരധിവസിപ്പിക്കാനുള്ള ഒരു പദ്ധതിയും ഇല്ലെന്ന്​ ഈജിപ്​ത്​ പ്രസിഡന്‍റ് അബ്​ദുൽ ഫത്താഹ്​ അൽസീസി പ്രതികരിച്ചു. യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി യു.എസ്​ സെൻട്രൽ കമാന്‍റ് അറിയിച്ചു.

TAGS :

Next Story