ഇസ്രായേൽ പിന്മാറിയ വടക്കന്‍ ഗസ്സയിൽ പൊലീസിനെ വിന്യസിച്ച് ഹമാസ്; സർക്കാർ ഓഫിസുകൾ തുറന്നു
ഹമാസിനെ ഗസ്സയിൽനിന്നു പൂർണമായി തുരത്തുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നെങ്കിലും വിജയം കാണാതെ മിക്കയിടത്തുനിന്നും സൈന്യം മടങ്ങിയിരിക്കുകയാണ്
ഗസ്സ സിറ്റി: ഇസ്രായേൽ സൈന്യം പിന്മാറിയ കേന്ദ്രങ്ങളിൽ പൊലീസിനെ പുനർവിന്യസിച്ച് ഹമാസ്. ഗസ്സ സിറ്റിയിലെ സർക്കാർ ഉദ്യോഗസ്ഥർക്കു ഭാഗികമായി ശമ്പളവും വിതരണം ചെയ്തു തുടങ്ങിയതായി വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ്(എ.പി) റിപ്പോർട്ട് ചെയ്തു. താൽക്കാലിക സർക്കാർ ഓഫിസുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്. ഗസ്സ സിറ്റിയുടെ നിയന്ത്രണം വീണ്ടും ഹമാസ് തിരിച്ചുപിടിക്കുന്നതിന്റെ സൂചനയായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഹമാസിനെ ഗസ്സയിൽനിന്നു പൂർണമായി തുരത്തുമെന്ന് ഇസ്രായേൽ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും വിജയം കാണാതെ മിക്കയിടത്തുനിന്നും സൈന്യം മടങ്ങിയിരിക്കുകയാണ്. ഇവിടങ്ങളിലാണ് യൂനിഫോമിലും അല്ലാതെയും ഹമാസ് പൊലീസ് തിരിച്ചെത്തിയത്. ഗസ്സയിലെ പൊലീസ് ആസ്ഥാനം, സർക്കാർ കാര്യാലയങ്ങൾ, അൽശിഫ ഉൾപ്പെടെയുള്ള ആശുപത്രികൾ എന്നിവയുടെ പരിസരത്തെല്ലാം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ഇവിടെ ഇടവേളയ്ക്കുശേഷം ഇസ്രായേൽ വീണ്ടും ആക്രമണം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.
ഇസ്രായേൽ ആക്രമണത്തിൽ സമ്പൂർണമായി തകർന്ന വടക്കൻ ഗസ്സയിൽ ഉൾപ്പെടെ ക്രമസമാധാനനില പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പൊലീസിനെ പുനർവിന്യസിച്ചതെന്ന് ഒരു ഹമാസ് വൃത്തം എ.പിയോട് പറഞ്ഞു. തെക്കൻ ഗസ്സയിലേക്കു പലായനം ചെയ്ത ഫലസ്തീനകളുടെ വീടുകളിൽ നടക്കുന്ന കൊള്ള തടയുന്നത് ഉൾപ്പെടെയുള്ള ദൗത്യമാണ് ഇപ്പോൾ ഹമാസ് നേതൃത്വം പൊലീസിനെ ഏൽപിച്ചിരിക്കുന്നത്. ഇസ്രായേൽ ആക്രമണം രൂക്ഷമായതോടെ പ്രദേശത്തെ മിക്ക വീടുകളും നിശ്ശേഷം തകരുകയോ ഭാഗികമായി നശിക്കുകയോ ചെയ്തിട്ടുണ്ട്.
പ്രദേശത്ത് തിരിച്ചെത്തിയ ഉദ്യോഗസ്ഥർക്ക് ഭാഗിക ശമ്പളമായി 200 ഡോളർ(ഏകദേശം 16,000 രൂപ) വീതം വിതരണം ചെയ്തിട്ടുണ്ടെന്നാണു പുറത്തുവരുന്ന വിവരം. താൽക്കാലിക ഓഫിസുകളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടന്നതായി ഒരു ഗസ്സ സ്വദേശിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Summary: Hamas deploys police and distributes funds in sign of resurgence in Gaza areas Israeli troops have left
Adjust Story Font
16