യുദ്ധാനന്തരം ഗസ്സയിൽ സംയുക്ത ഭരണം; ഹമാസും ഫത്തഹും തമ്മിൽ ധാരണയായതായി റിപ്പോർട്ട്
'കമ്യൂണൽ സപ്പോർട്ട് കമ്മിറ്റി' എന്ന പേരിലുള്ള സംയുക്ത ഭരണസമിതി, ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഔദ്യോഗിക ഉത്തരവിലൂടെയാകും നിലവിൽ വരിക
ഗസ്സ സിറ്റി: യുദ്ധാനന്തരം ഗസ്സയിൽ സംയുക്ത ഭരണത്തിന് ഹമാസും ഫത്തഹും തമ്മിൽ ധാരണ. ഭരണനിർവഹണത്തിനായി സംയുക്ത സമിതിയെ നിയമിക്കും. ഈജിപ്ത് ആണു നിർദേശം മുന്നോട്ടുവച്ചത്. കെയ്‌റോയിൽ പലവട്ടം നടന്ന ചർച്ചകൾക്കൊടുവിലാണ് ഇന്ന് ഇക്കാര്യത്തിൽ അന്തിമ ധാരണയായത്.
ഹമാസ്-ഫത്തഹ് നേതാക്കളെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമമായ 'ഹാരെറ്റ്‌സ്' ആണ് വാർത്ത പുറത്തുവിട്ടത്. 'കമ്യൂണൽ സപ്പോർട്ട് കമ്മിറ്റി' എന്ന പേരിലാകും സംയുക്ത ഭരണസമിതി അറിയപ്പെടുക. ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഔദ്യോഗിക ഉത്തരവിലൂടെയാകും സമിതി നിലവിൽ വരിക. ഭരണ-സാമ്പത്തിക-നിയമ വിഷയങ്ങളിലെല്ലാം ഫലസ്തീൻ അതോറിറ്റിയുടെ മേല്‍നോട്ടലാകും പ്രവര്‍ത്തനം.
അതേസമയം, ഗസ്സയുടെ പുനർനിർമാണം, പൊതുകാര്യങ്ങൾ, മാനുഷിക സഹായങ്ങളുടെ വിതരണം ഉൾപ്പെടെയുള്ളവയാണ് സപ്പോർട്ട് കമ്മിറ്റി നേരിട്ടു കൈകാര്യം ചെയ്യുക. ഈജിപ്തിനോട് ചേർന്ന റഫാ അതിർത്തിയും സമിതിയുടെ മേൽനോട്ടത്തിലായിരിക്കും.
കൂടിക്കാഴ്ചയിലെ തീരുമാനങ്ങൾ റാമല്ലയിലെത്തി മഹ്മൂദ് അബ്ബാസുമായി ചർച്ച ചെയ്യുമെന്ന് ഒരു ഫത്തഹ് വൃത്തം സൗദി മാധ്യമം 'അശ്ശർഖി'നോട് പറഞ്ഞു. നീക്കത്തിന് അബ്ബാസ് നേരത്തെ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഇദ്ദേഹം സൂചിപ്പിച്ചു. ഗസ്സയിലെ ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കാൻ വഴിയൊരുക്കുമെന്നതുകൊണ്ടാണ് നിർദേശം അംഗീകരിച്ചതെന്നാണ് ഒരു ഹമാസ് വൃത്തം പ്രതികരിച്ചത്.
അതേസമയം, ഹമാസ്-ഫത്തഹ് നീക്കത്തെ ഇസ്രായേൽ ശക്തമായി എതിർക്കുമെന്ന് ഉറപ്പാണ്. യുദ്ധാനന്തരം ഗസ്സയിൽ ഫലസ്തീൻ അതോറിറ്റി ഇടപെടുന്നത് ബെഞ്ചമിൻ നെതന്യാഹു ശക്തമായി എതിർക്കുന്നുണ്ട്.
ഹമാസുമായുള്ള വെടിനിർത്തൽ ചർച്ചയ്ക്കായി ഒരു ഈജിപ്ത് ദൗത്യസംഘം കഴിഞ്ഞ വ്യാഴാഴ്ച ഇസ്രായേലിലെത്തിയിരുന്നു. ഒരു മാസം മുതൽ രണ്ടു മാസം വരെ നീണ്ടുനിൽക്കുന്ന വെടിനിർത്തലാണ് സംഘം മുന്നോട്ടുവച്ചത്. ഇതിനിടയിൽ ബന്ദികളെ ഘട്ടംഘട്ടമായി മോചിപ്പിക്കും. പ്രായമായവർക്കും ആരോഗ്യപരമായി ഗുരുതരാവസ്ഥയിലുള്ളവർക്കുമായിരിക്കും മുൻഗണന നൽകുകയെന്നും ഇവർ അറിയിച്ചിരുന്നു.
ഇതിനിടയിൽ, ഇസ്രായേൽ സൈനിക നടപടികളെ കുറിച്ചും ചർച്ചയുണ്ടാകും. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന്റെ തോത് കുറയ്ക്കുകയാണു ലക്ഷ്യമിടുന്നത്. ലബനാനിലെ ഇസ്രായേൽ വെടിനിർത്തലിനു പിന്നാലെ ഹമാസും ഇത്തരമൊരു നീക്കത്തിനു താൽപര്യമറിയിച്ചതായാണ് 'ഹാരെറ്റ്‌സ്' റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, കെയ്‌റോയിൽ ഫത്തഹുമായുള്ള ചർച്ചയിൽ ഇതേക്കുറിച്ചൊന്നും ഹമാസ് പ്രതികരിച്ചിട്ടില്ല. ഗസ്സയിൽ സംയുക്ത ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കായിരുന്നു യോഗത്തിൽ മുഖ്യശ്രദ്ധ.
2007ലാണ് ഹമാസ് ഗസ്സയുടെ അധികാരം പിടിക്കുന്നത്. 2006ലെ ഫലസ്തീൻ പൊതുതെരഞ്ഞെടുപ്പിൽ ഹമാസ് വൻ വിജയം നേടിയിരുന്നു. ഇസ്മായിൽ ഹനിയ്യയുടെ നേതൃത്വത്തിൽ ഫലസ്തീൻ ദേശീയ ഐക്യസർക്കാർ അധികാരമേൽക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനു പിന്നാലെ അധികാരത്തർക്കവുമായി ഗസ്സ മുനമ്പിൽ ഹമാസ്-ഫത്തഹ് അനുയായികൾ തമ്മിൽ സായുധമായി ഏറ്റുമുട്ടി. ദിവസങ്ങൾ നീണ്ട സംഘർഷത്തിനൊടുവിൽ ഐക്യസർക്കാർ പിരിച്ചുവിട്ടു. ഫത്തഹ് നിയന്ത്രിക്കുന്ന ഫലസ്തീൻ അതോറിറ്റിക്കു കീഴിലുള്ള വെസ്റ്റ് ബാങ്ക്, ഹമാസ് ഭരിക്കുന്ന ഗസ്സ മുനമ്പ് എന്നിങ്ങനെ രണ്ടു ഭാഗങ്ങളിലായി ഫലസ്തീൻ ഭരണം ഇരുസംഘങ്ങൾക്കുമിടയിൽ വിഭജിക്കപ്പെടുകയായിരുന്നു. ഇതിനുശേഷം രണ്ടു സംഘടനകൾക്കുമിടയിൽ പലതവണ അനുരഞ്ജനശ്രമങ്ങളുണ്ടായെങ്കിലും ഒന്നും പൂർണമായി ഫലം കണ്ടിരുന്നില്ല.
Summary: Hamas, Fatah agree on joint committee to run post-war Gaza under Palestinian Authority: Reports
Adjust Story Font
16