Quantcast

നോവ മ്യൂസിക് ഫെസ്റ്റിവൽ ആക്രമിക്കാൻ ഹമാസ് ലക്ഷ്യമിട്ടിരുന്നില്ലെന്ന് ഇസ്രായേൽ റിപ്പോർട്ട്

മ്യൂസിക് ഫെസ്റ്റിവലിൽ മരണസംഖ്യ ഉയർന്നതിൽ ഇസ്രായേലിനും പങ്കുണ്ടെന്നും ഹമാസ് പോരാളികൾക്കെതിരെ നടത്തിയ ആക്രമണത്തിൽ സ്വന്തം പൗരൻമാരും കൊല്ലപ്പെട്ടെന്നും ഇസ്രായേൽ മാധ്യമമായ ഹാരെറ്റ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

MediaOne Logo

Web Desk

  • Updated:

    2023-11-19 07:17:17.0

Published:

19 Nov 2023 6:59 AM GMT

Hamas had not planned to attack music festival, Israeli report
X

ജറുസെലേം: ഒക്ടോബർ ഏഴിലെ സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവൽ ആക്രമിക്കാൻ ഹമാസ് പദ്ധതിയിട്ടിരുന്നില്ലെന്ന് ഇസ്രായേൽ കണ്ടെത്തൽ. ഇസ്രായേലി പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ട് ഉദ്ധരിച്ച് ചാനൽ 12, ഹാരെറ്റ്‌സ് തുടങ്ങിയ മാധ്യമങ്ങളാണ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗസ്സ അതിർത്തിയോട് ചേർന്നുള്ള കുടിയേറ്റ മേഖലകൾ ആക്രമിക്കാനാണ് ഹമാസ് പോരാളികൾ ലക്ഷ്യമിട്ടിരുന്നത്. ഡ്രോണുകൾ വഴിയോ പാരച്യൂട്ടിൽ ഇറങ്ങുമ്പോഴോ ആയിരിക്കാം മ്യൂസിക് ഫെസ്റ്റിവൽ അവരുടെ ശ്രദ്ധയിൽപ്പെട്ടതെന്നും ഇസ്രായേൽ വിലയിരുത്തുന്നു.

4400 പേർ പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നാണ് ഇസ്രായേൽ പറയുന്നത്. ഇവിടെ നടന്ന ആക്രമണത്തിൽ 364 പേരാണ് കൊല്ലപ്പെട്ടത്. പിടികൂടിയ ഹമാസ് പോരാളികളെ ചോദ്യം ചെയ്തപ്പോൾ മ്യൂസിക് ഫെസ്റ്റിവൽ ആക്രമിക്കാൻ പദ്ധതിയില്ലായിരുന്നുവെന്നാണ് മനസിലായതെന്ന് ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹാരെറ്റ്‌സ് റിപ്പോർട്ട് ചെയ്തു.

കൊല്ലപ്പെട്ട ഹമാസ് പോരാളികളുടെ ശരീരത്തിൽനിന്ന് കണ്ടെടുത്ത റൂട്ട് മാപ്പിൽ മ്യൂസിക് ഫെസ്റ്റിവൽ വേദിയുണ്ടായിരുന്നില്ല. അതിർത്തിയിൽനിന്നല്ല സമീപത്തെ ഹൈവേയിൽനിന്നാണ് ഹമാസ് പോരാളികൾ മ്യൂസിക് ഫെസ്റ്റിവലിലേക്ക് എത്തിയതെന്നും ഇസ്രായേൽ വിലയിരുത്തൽ ശരിവെക്കുന്നതാണെന്ന് ഹാരേറ്റ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

വ്യാഴം, വെള്ളി ദിവസങ്ങളിലാണ് പരിപാടി നടത്താൻ തീരുമാനിച്ചിരുന്നത്. ചൊവ്വാഴ്ചയാണ് പരിപാടി ഒരു ദിവസം കൂടി നീട്ടാൻ തീരുമാനിച്ചത്. റോക്കറ്റ് ആക്രമണം നടന്നപ്പോൾ തന്നെ പരിപാടി പിരിച്ചുവിടാൻ തീരുമാനിച്ചതിനാൽ പങ്കെടുത്ത ഭൂരിഭാഗം ആളുകൾക്കും രക്ഷപ്പെടാൻ കഴിഞ്ഞിരുന്നുവെന്നും ഹാരേറ്റ്‌സ് റിപ്പോർട്ട് പറയുന്നു.

നോവ മ്യൂസിക് ഫെസ്റ്റിവലിൽ മരണസംഖ്യ ഉയർന്നതിൽ ഇസ്രായേലിനും പങ്കുണ്ടെന്നും ഹാരെറ്റ്‌സ് റിപ്പോർട്ടിൽ ആരോപണമുണ്ട്. ഹമാസ് പോരാളികളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇസ്രായേൽ പൗരൻമാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഹാരേറ്റ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

TAGS :

Next Story