Quantcast

'ഹമാസിനെ കരുതിയിരിക്കണം, അവർക്ക് നമ്മുടെ തന്ത്രങ്ങളറിയാം'; മുന്നറിയിപ്പുമായി ഇസ്രായേൽ ഇന്റലിജൻസ്

'ഹമാസിന്‍റെ ഇന്റലിജൻസ് സംവിധാനങ്ങൾ ശക്തമാണ്'

MediaOne Logo

Web Desk

  • Updated:

    2023-11-09 13:26:40.0

Published:

9 Nov 2023 1:14 PM GMT

ഹമാസിനെ കരുതിയിരിക്കണം, അവർക്ക് നമ്മുടെ തന്ത്രങ്ങളറിയാം; മുന്നറിയിപ്പുമായി ഇസ്രായേൽ ഇന്റലിജൻസ്
X

തെൽ അവീവ്: ഗസ്സയിൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) കരയാക്രമണം വിവേചനരഹിതമായി തുടരുന്ന വേളയിൽ മുന്നറിയിപ്പുമായി ഇസ്രായേൽ ഇന്റലിജൻസ്. ഹമാസിനെ കരുതിയിരിക്കണമെന്നും സേനയുടെ പ്രവർത്തന ശൈലിയെ കുറിച്ച് കൃത്യമായ ബോധ്യം അവർക്കുണ്ടെന്നും ഇസ്രായേൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഹീബ്രു ദിനപത്രമായ ഹായോമിന് നൽകിയ അഭിമുഖത്തിലാണ് പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍റെ മുന്നറിയിപ്പ്.

'ഹമാസിന് നമ്മെ കുറിച്ച് ധാരാളമറിയാം. നമ്മുടെ തന്ത്രങ്ങളുമറിയാം. കൃത്യവും സുപ്രധാനവുമായ വിവരങ്ങൾ അവരുടെ പക്കലുണ്ട്. അവരുടെ ഇന്റലിജൻസ് സംവിധാനങ്ങൾ നന്നായി പ്രവർത്തിക്കുന്നു. ഗസ്സ മുനമ്പിൽ വലിയ ബോംബുകളാകും നമ്മുടെ ഭീഷണി എന്നാണ് കരുതിയിരുന്നത്. എന്നാൽ ആന്റി ടാങ്ക് റോക്കറ്റുകളാണ് മുഖ്യവെല്ലുവിളി' - അദ്ദേഹം പറഞ്ഞു.



ഇസ്രായേലിന്റെ ശക്തമായ ഇന്റലിജൻസ് സംവിധാനത്തെ നോക്കുകുത്തിയാക്കിയാണ് ഒക്ടോബർ ഏഴിന് ഹമാസ് റോക്കറ്റാക്രമണം നടത്തിയിരുന്നത്. ആഭ്യന്തര ഇന്റലിജൻസ് ഏജൻസിയായ ഷിൻ ബെറ്റും വിദേശ ചാര ഏജൻസി മൊസ്സാദും ആക്രമണം മണത്തറിയുന്നതിൽ പരാജയപ്പെട്ടിരുന്നു. ഇന്റലിജൻസ് സംവിധാനത്തിലെ പോരായ്മ ചോദ്യം ചെയ്ത് മാധ്യമങ്ങളും പൊതുജനങ്ങളും രംഗത്തെത്തിയിരുന്നു.


നെതന്യാഹുവിനെ വിമര്‍ശിച്ച് ഹായോം പ്രസിദ്ധീകരിച്ച ലേഖനം


യുദ്ധവേളയിൽ പ്രസിഡണ്ട് ബെഞ്ചമിൻ നെതന്യാഹു രാഷ്ട്രീയം കളിക്കുകയാണ് എന്ന ആരോപണവുമായി ഹായോം ദിനപത്രം കഴിഞ്ഞ ദിവസം ലേഖനം പ്രസിദ്ധീകരിച്ചു. പൊതുജന രോഷത്തെ കുറിച്ച് പ്രസിഡണ്ടിന് യാതൊരു ധാരണയുമില്ലെന്ന് ലേഖനത്തില്‍ കുറ്റപ്പെടുത്തി. 'കഴിയുന്നത്ര വേഗത്തിൽ (നെതന്യാഹു) താക്കോലുകൾ തിരിച്ചുകൊടുക്കണം' എന്നാണ് എഡിറ്റർ ഒമർ ലാച്മനോവിച്ച് എഴുതിയ ലേഖനത്തില്‍ പറയുന്നത്. പത്രത്തിന്റെ ഓഫീസിന് മുമ്പിൽ ബുധനാഴ്ച നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവും നടന്നിരുന്നു. നെതന്യാഹുവിന്റെയും ലികുഡ് പാർട്ടിയുടെയും 'മുഖപത്രം' എന്നറിയപ്പെട്ടിരുന്ന പത്രമാണ് ഇസ്രായേൽ ഹായോം.

അതിനിടെ, വ്യാഴാഴ്ച ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ചുരുങ്ങിയത് എട്ടു പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. ഗസ്സ നഗരത്തിലേക്ക് അടുക്കുന്ന ഇസ്രായേൽ സേനയുമായുള്ള ചെറുത്തുനിൽപ്പ് തുടരുകയാണ് എന്ന് ഖസ്സാം ബ്രിഗേഡ് അറിയിച്ചു. ഗസ്സ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ശക്തമായ പോരാട്ടം തുടരുകയാണ് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ആക്രമണം തുടരുന്ന സ്ഥലങ്ങളിൽ നിന്ന് പ്രദേശവാസികൾ കൂടത്തോടെ ഒഴിഞ്ഞു പോകുന്നുണ്ട്.


TAGS :

Next Story