നാളെ മോചിപ്പിക്കുന്ന മൂന്ന് ഇസ്രായേലി ബന്ദികളുടെ പേരുകൾ പുറത്തുവിട്ട് ഹമാസ്
യെയർ ഹോൺ, അലക്‌സാണ്ടർ ട്രഫാനോവ്, സാഗുയി ഡെകെൽ-ചെൻ എന്നിവരെയാണ് നാളെ മോചിപ്പിക്കുക.

ഗസ്സ: നാളെ മോചിപ്പിക്കുന്ന മൂന്ന് ഇസ്രായേലി ബന്ദികളുടെ പേരുകൾ ഹമാസ് പുറത്തുവിട്ടു. ബന്ദികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. പട്ടിക തങ്ങൾക്ക് സ്വീകാര്യമാണെന്നും പേരുകൾ പുറത്തുവിടുന്നതിന് ബന്ദികളുടെ കുടുംബം അനുമതി നൽകിയിട്ടുണ്ടെന്നും ഇസ്രായേൽ വ്യക്തമാക്കി. യെയർ ഹോൺ, അലക്‌സാണ്ടർ ട്രഫാനോവ്, സാഗുയി ഡെകെൽ-ചെൻ എന്നിവരെയാണ് നാളെ മോചിപ്പിക്കുക.
യെയർ ഹോൺ: 46 കാരനായ യെയറിനെ 2023 ഒക്ടോബർ ഏഴിന് ഇസ്രായേൽ കയ്യേറിയ നിർ ഓസ് മേഖലയിൽ നിന്ന് ഹമാസ് ബന്ദിയാക്കിയത്. വർഷങ്ങൾക്ക് മുമ്പ് അർജന്റീനയിൽ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയവരാണ് യെയറിന്റെ കുടുംബം. ഇസ്രായേലി മാധ്യമങ്ങൾ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നയാളാണ് യെയർ.
അലക്‌സാണ്ടർ ട്രഫാനോവ്: 29 കാരനായ ട്രഫാനോവ് റഷ്യൻ വംശജനായ ഇസ്രായേൽ പൗരനാണ്. നിർ ഓസിലെ വീട്ടിൽ നിന്ന് പെൺ സുഹൃത്തായ സാപിർ കോഹനൊപ്പമാണ് ട്രഫാനോവിനെ ഹമാസ് ബന്ദിയാക്കിയത്. ഇയാളുടെ പിതാവ് ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ പറയുന്നത്. ട്രഫാനോവിന്റെ മാതാവിനെയും മുത്തശ്ശിയെയും ഹമാസ് ബന്ദികളാക്കിയിരുന്നെങ്കിലും ഇവരെ 2023 നവംബറിൽ വിട്ടയച്ചിരുന്നു.
സാഗുയി ഡെകെൽ-ചെൻ: യുഎസ് വംശജനായ സാഗുയിയെയും നിർ ഓസിൽ നിന്നാണ് ഹമാസ് ബന്ദിയാക്കിയത്. 36കാരനായ സാഗൂയിയുടെ മൂന്നാമത്തെ മകൻ ജനിച്ചത് അദ്ദേഹം ഹമാസിന്റെ കസ്റ്റഡിയിൽ ആയിരിക്കുമ്പോഴാണ്.
മൂന്ന് ബന്ദികൾക്ക് പകരമായി 369 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ വിട്ടയക്കും. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 36 തടവുകാരെയും ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേൽ കസ്റ്റഡിയിലെടുത്ത 333 ഫലസ്തീനികളെയുമാണ് വിട്ടയക്കുക.
Adjust Story Font
16