Quantcast

ഇസ്മാഈൽ ഹനിയ്യയുടെ പിൻഗാമി യഹ്‍യ സിൻവാർ; ഇസ്രായേലി​ന്റെ ഉറക്കംകളഞ്ഞ ഹമാസ് നേതാവ്

അടിച്ചമർത്തലിലും അപമാനത്തിലും മരിക്കുന്നതിനേക്കാൾ രക്തസാക്ഷികളായി മരിക്കുന്നതാണ് ഞങ്ങൾക്ക് നല്ലത്, ഞങ്ങൾ മരിക്കാൻ തയ്യാറാണെന്നാണ് യഹ്‌യ സിൻവാറിന്റെ നിലപാട്

MediaOne Logo

Web Desk

  • Updated:

    2024-08-07 03:01:08.0

Published:

7 Aug 2024 2:59 AM GMT

ഇസ്മാഈൽ ഹനിയ്യയുടെ പിൻഗാമി യഹ്‍യ സിൻവാർ; ഇസ്രായേലി​ന്റെ ഉറക്കംകളഞ്ഞ ഹമാസ്  നേതാവ്
X

ഹമാസിന്റെ സൈനികശക്തി വളർത്തിയെടുത്ത നേതാവ്, ഇസ്രായേലിനെ വിറപ്പിച്ച ഒക്ടോബർ ഏഴിന്റെ സൂത്രധാരൻ, ഇസ്രായേലിന്റെ ഹിറ്റ്ലിസ്റ്റിലെ ഒന്നാമൻ.. ഇറാനിൽ​ കൊല്ലപ്പെട്ട ഇസ്മാഈൽ ഹനിയ്യക്ക് പകരം തലവനായെത്തുന്ന യഹ്‍യ സിൻവാർ ഇസ്രായേലി​ന്റെ ഉറക്കം കളയുന്ന പേരാണ്. മുമ്പ് ഗസയിലെ ഹമാസ് നേതൃസ്ഥാനത്തേക്ക് യഹ്‌യ സിന്‍വാന്‍ തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ ഇസ്രയേല്‍ രാഷ്ട്രീയ രംഗത്തും സുരക്ഷാ രംഗത്തും ഉത്കണ്ഠകൾക്ക് കാരണമായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ആ ആശങ്കകൾക്കിടയിലാണ് ഒക്ടോബർ ഏഴിന് മൊസാദിന്റെതടക്കമുള്ള ഇസ്രായേലിന്റെ മുഴുവൻ സുരക്ഷാസംവിധാനങ്ങളെയും മറികടന്ന് ഹമാസ് മിന്നൽ ആക്രമണം നടത്തുന്നത്. അതിന്റെ സൂത്രധാരനാണ് യഹ്‍യ സിൻവാർ. അന്ന് തുടങ്ങിയ യുദ്ധം പത്തുമാസം പിന്നിടുമ്പോ​ഴാണ് ഹമാസിന്റെ തലവനായി യഹ്‍യ സിൻവാർ എത്തുന്നത്. അയൺ ഡോമുകളൊരുക്കുന്ന സുരക്ഷാ സംവിധാനങ്ങളെയെല്ലാം വെല്ലുവിളിച്ച് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ തുടങ്ങിവെച്ച യുദ്ധത്തിന് അന്ത്യം കാണാൻ പത്തുമാസം പിന്നിട്ടിട്ടും ഇസ്രായേലിന് കഴിഞ്ഞിട്ടില്ല.

ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടു​ക്കുകയോ നിഷധേിക്കുകയോ ചെയ്തിട്ടില്ല. അതിനിടയിലാണ് ഒക്ടോബർ 7 ന്റെ സൂത്രധാരനെ ഹമാസ് തലവനായി പ്രഖ്യാപിക്കുന്നത്. ഇത് ഇസ്രായേലി​നെ കൂടുതൽ പ്രകോപിപ്പിക്കുമെന്ന് വിലയിരുത്തുന്നവരുണ്ട്. അതേസമയം, ഇസ്രായേലി​നുള്ള ഹമാസിന്റെ മുന്നറിയിപ്പ് കൂടിയാണെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്.

യഹ്‍യ സിൻവാർ കൊലയാളിയെന്നായിരുന്നു ഇസ്രായേലിന്റെ ആദ്യപ്രതികരണം.യഹ്‍യ സിൻവാറിനേയും ഹമാസിനെയും ഭൂമുഖത്തു നിന്ന് ഉന്മൂലനം ചെയ്യുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി പറഞ്ഞു.

ഇസ്മാഈൽ ഹനിയ്യയുടെ നേതൃത്വത്തിൽ നടന്ന വെടിനിർത്തൽ ചർച്ചകൾ സിൻസാറിന്റെ ​നേതൃത്വത്തിൽ നടക്കുമെന്ന് ഹമാസ് വക്താവ് ഒസാമ ഹംദാൻ പറഞ്ഞു. ‘ഹമാസ് യുദ്ധഭൂമിയിലും രാഷ്ട്രീയത്തിലും ഉറച്ചുനിൽക്കുന്നു . 305 ദിവസമായി തുടരുന്ന പോരാട്ടത്തിന് നേതൃത്വം നൽകുന്നയാളാണ് സംഘടനയെ നയിക്കുന്നത്’ അദ്ദേഹം പറഞ്ഞു. 2017 മുതൽ ഹമാസിൻ്റെ നേതാവാണെങ്കിലും സിൻവാർ വളരെ അപൂർവമായേ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിലായിരുന്നു സിൻവാർ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്.

യഹ്‌യ സിൻവാർ

ഈജിപ്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഗസ്സയിലെ ഖാന്‍ യൂനിസിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ 1962-ലാണ് യഹ്‌യ സിൻവാറിന്റെ ജനനം. 1948-ലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ അൽ-മജ്ദൽ അസ്ഖലാനിൽ (അഷ്കെലോൺ) നിന്ന് പലായനം ചെയ്‌ത്‌ ഗസ്സയിൽ അഭയം തേടിയതായിരുന്നു സിൻവാറിന്റെ കുടുംബം. അഭയാർത്ഥി ക്യാമ്പിൽ തികച്ചും ദുരിതപൂർണമായ ജീവിതം. ക്യാമ്പുകളിൽ ജനങ്ങൾക്കെതിരെ അധിനിവേശ ഭരണകൂടം നടത്തുന്ന അതിക്രമങ്ങൾ നേരിട്ട് കണ്ടും അനുഭവിച്ചുമായിരുന്നു യഹിയ സിൻവാറിന്റെ ബാല്യം. ഖാൻ യൂനിസ് സെക്കൻഡറി സ്‌കൂൾ ഫോർ ബോയ്‌സിൽ നിന്ന് ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ യഹ്‌യ സിൻവാർ ഗസയിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് അറബിക് പഠനത്തിൽ ബിരുദം നേടി.

പഠനസമയത്ത് തന്നെ ഫലസ്തീനിലെ മുസ്‍ലിം ബ്രദർഹുഡിന്റെ വിദ്യാർത്ഥി വിഭാഗമായിരുന്ന 'ഇസ്‍ലാമിസ്റ്റ് ബ്ലോക്കിന്റെ' തലപ്പത്തെത്തി. യഹ്‌യയുടെ ഫലസ്തീൻ വിമോചന പ്രവർത്തനങ്ങളുടെ തുടക്കം ഇവിടെ നിന്നായിരുന്നു. പിന്നീട് തേടിയെത്തിയ, ഉന്നത പദവികളെല്ലാം യഥോചിതം കൈകാര്യം ചെയ്യാൻ വിദ്യാര്‍ത്ഥി കാലത്തെ ഈ പ്രവര്‍ത്തന പരിചയം യഹ്‌യ സിൻവാറിന് ധാരാളമായിരുന്നു.

1980-കളുടെ അവസാനത്തിൽ നടന്ന ആദ്യത്തെ ഫലസ്തീൻ കലാപത്തിൽ ഹമാസിന്റെ സൈനിക വിഭാഗം രൂപീകരിക്കാൻ പ്രധാന പങ്കുവഹിച്ചു. അട്ടിമറി പ്രവർത്തനങ്ങളുടെ പേരിൽ 1982-ലാണ് സിൻവാർ ആദ്യമായി അറസ്റ്റിലാകുന്നത്. മാസങ്ങളോളം ഫറാ ജയിലിൽ കഴിയുകയും അവിടെ സലാഹ് ഷെഹാദേ ഉൾപ്പടെയുള്ള ഫലസ്തീനിയൻ പ്രവർത്തകരെ കണ്ടുമുട്ടുകയും വിമോചന പ്രവർത്തനങ്ങൾക്കായി സ്വയം സമർപ്പിക്കുകയും ചെയ്തു. 1985-ൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. മോചിതനായ ശേഷം, റാവ്ഹി മുഷ്താഹയുമായി ചേർന്ന് അദ്ദേഹം മുനസ്സമത്ത് അൽ ജിഹാദ് വൽ-ദവ (മജ്ദ്) എന്ന സംഘടന സ്ഥാപിച്ചു.1987-ല്‍ ഹമാസ് രൂപീകരിച്ചപ്പോള്‍ സിന്‍വാറിന്റേയും സലാഹ് ഷെഹാദിന്റേയും സംഘം അതിന്റെ ഭാഗമായി. ഇസ്രയേലുമായി സഹകരിച്ചു പ്രവർത്തിച്ചവരെന്ന് സംശയിക്കുന്നവരെ കൊന്നത് അദ്ദേഹത്തിന് "ഖാൻ യൂനിസിന്റെ കശാപ്പുകാരൻ" എന്ന വിളിപ്പേര് നേടിക്കൊടുത്തു.

1988- ല്‍ വീണ്ടും യഹ്‌യ അറസ്റ്റിൽ. രണ്ട് ഇസ്രയേല്‍ സൈനികരുടേയും നാല് ഫലസ്തീന്‍ പൗരന്മാരുടേയും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ചോദ്യംചെയ്യലിൽ യഹ്‌യ ഈ കുറ്റം സമ്മതിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ നാല് ജീവപര്യന്തം തടവിനാണ് സിന്‍വാറിനെ ശിക്ഷിച്ചത്. പലതവണ ജയിലിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു. 2008-ൽ ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ തലോച്ചോറിലെ ട്യൂമർ നീക്കം ചെയ്യാനായി ഒരു ശസ്ത്രക്രിയയ്ക്കും യഹ്‌യ വിധേയനായി.

ഹമാസിന്റെ തലപ്പത്തേക്ക്

2006-ല്‍ ഹമാസിന്റെ ഇസ്സത് ദീൻ അൽ ഖസം ബ്രിഗേഡ്‌സ് ഇസ്രായേലിൽ ഒരു ആക്രമണം നടത്തി. ചരിത്രത്തിൽ ഇസ്രായേലിനേറ്റ കനത്ത തിരിച്ചടിയായിരുന്നു അത്. തുരങ്കം നിര്‍മിച്ച് ഇസ്രയേല്‍ ഭൂപ്രദേശത്തുകയറി ഹമാസ് സൈനിക പോസ്റ്റ് ആക്രമിക്കുകയായിരുന്നു. രണ്ടു സൈനികരെ ഇസ്രായേലിന് നഷ്ടപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഗിലാദ് ഷാലിത് എന്ന ഇസ്രായേൽ സൈനികനെ ഹമാസ് ബന്ദിയാക്കി. ഇയാളെ അഞ്ചു വര്‍ഷം തടവില്‍വെച്ചു. 2011- വരെ 22 വര്‍ഷമാണ് സിന്‍വാറിന് അന്ന് തുടര്‍ച്ചയായി ജയിലില്‍ കഴിയേണ്ടിവന്നത്.

2011 ഒക്ടോബര്‍ 18 ചൊവ്വാഴ്ച ഹമാസും ഫലസ്തീനികളും ഏറെ അഭിമാനത്തോടെ ഓർക്കുന്ന ദിവസമാണ്. ബന്ദിയാക്കിയ ഇസ്രായേൽ കമാൻഡർ ഗിലാദ് ഷാലിതിന് പകരം ഹമാസ് ആവശ്യപ്പെട്ടത് യഹ്‌യ സിൻവാറിന്റെ മോചനമായിരുന്നു. യഹ്‌യക്കൊപ്പം തടവിലാക്കിയ 1027 ഫലസ്തീനികളെ കൂടി ഇസ്രായേലിന് വിട്ടുകൊടുക്കേണ്ടി വന്നു. ഫലസ്തീനികളെ വിട്ടയച്ചതിനേക്കാൾ യഹ്‍യ ഹസന്‍ സിന്‍വാര്‍ എന്ന പോരാളിയെ വിട്ടയച്ചതിന്റെ പേരിൽ ഇസ്രായേൽ ഇന്നും ഖേദിക്കുന്നുണ്ടാവും എന്ന കാര്യം തീർച്ചയാണ്.

പിന്നീട്, യഹ്‌യ സിൻവാറും ഒപ്പം ഹമാസും എത്രത്തോളം വളർന്നു എന്നതിന് മാത്രമാണ് കാലം സാക്ഷിയാകേണ്ടി വന്നത്. യഹ്‌യ ഹമാസിന്റെ സൈനിക വിഭാഗത്തിലായിരുന്നു സിന്‍വാര്‍ പ്രവര്‍ത്തിച്ചത്. ഹമാസ് നേതൃത്വത്തോട് പൂര്‍ണ്ണവിധേയത്വം അണികളില്‍നിന്ന് ആവശ്യപ്പെടുന്ന നേതാവാണ് യഹ്‌യ. തീപ്പൊരി പ്രസംഗങ്ങളിലൂടെ അണികൾക്കിടയിലും ജനങ്ങൾക്കിടയിലും പ്രസിദ്ധി നേടി. സ്വന്തം അണികള്‍ക്കുനേരേയും കടുത്ത നടപടിയെടുക്കാന്‍ മടിക്കാത്ത നേതാവായിരുന്നുവെന്നും യഹ്‌യയെ പറയപ്പെടുന്നുണ്ട്. 2015-ൽ, ഹമാസ് കമാൻഡർ മഹ്മൂദ് ഇഷ്തിവിയെ വധിച്ചതിൽ മേൽനോട്ടം വഹിച്ചുവെന്ന ആരോപണം യഹ്‌യ നേരിട്ടിരുന്നു. പണാപഹരണ ആരോപണം വന്നത്തിന്റെ പിറ്റേ വർഷം മഹ്മൂദ് ഇഷ്തിവിയെ തൂക്കിക്കൊല്ലുകയായിരുന്നു.

ഹമാസിന്റെ സൈനിക വിഭാഗത്തിലായിരുന്നു യഹ്‌യ സിൻവാറിന്റെ പ്രവർത്തനം. 2015-ല്‍ അമേരിക്ക അന്തര്‍ദേശീയ തീവ്രവാദി നോട്ടപ്പുള്ളികളുടെ പട്ടികയില്‍ യഹ്‌യയെ ഉൾപ്പെടുത്തി.

2017 ഫെബ്രുവരിയിലാണ് യഹ്‌യ സിൻവാർ ഹമാസ് തലവനായി തിരഞ്ഞെടുക്കപ്പെട്ടത്. ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തിന്റെ തലവനായ ഇസ്മായില്‍ ഹനിയയ്ക്കു ശേഷം സായുധസംഘത്തില്‍ രണ്ടാമനായി യഹ്‌യ സിന്‍വാര്‍. അൽ-ഖസ്സാം ബ്രിഗേഡിന്റെ സൈനിക ഉപകരണങ്ങളും യഹ്‌യ സിൻവാറിന്റെ മേൽനോട്ടത്തിൽ തന്നെയാണ്. ഗസ്സയിലെ ഹമാസ് നേതൃസ്ഥാനത്തേക്ക് യഹ്‌യ സിന്‍വാന്‍ തെരെഞ്ഞെടുക്കപ്പെട്ടത് ഇസ്രയേല്‍ രാഷ്ട്രീയ രംഗത്തും സുരക്ഷാ രംഗത്തും ഉത്കണ്ഠകൾക്ക് കാരണമായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഹമാസിന്റെ സൈനികം വിംഗില്‍ നിന്നും ഒരാള്‍ നേതൃസ്ഥാനത്തേക്ക് ആദ്യമായാണ് കടന്നു വരുന്നത് എന്നതായിരിക്കാം അതിന്റെ കാരണം.

അന്ന് മുതൽ ഇസ്രായേലുമായി സായുധ പോരാട്ടമല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന വാദത്തിൽ യഹ്‌യ ഉറച്ചുനിന്നിരുന്നു. ഹമാസിന്റെ തുരങ്കപാതയുടെ സൂത്രധാരനും യഹ്‌യ സിൻവാർ തന്നെയാണെന്നാണ് പറയപ്പെടുന്നത്. 2021 മെയ് 15 ന് യഹ്‌യ സിൻവാറിന്റെ വീടിന് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു. തെക്കൻ ഗസയിലെ ഖാൻ യൂനിസ് മേഖലയിൽ ഇസ്രയേലികളും ഫലസ്തീനിയും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഈ ആക്രമണം. വധഭീഷണി നേരിട്ടുകൊണ്ടിരിക്കവേ നാലുതവണയാണ് യഹ്‌യ സിൻവാർ പരസ്യമായി പ്രത്യക്ഷപ്പെട്ടത്. 2021 മെയ് 27 ന് നടന്ന ഒരു പത്രസമ്മേളനത്തിൽ ഇസ്രായേലിനെ വെല്ലുവിളിച്ചുകൊണ്ട് കാൽനടയായി വീട്ടിലേക്ക് പോയിരുന്ന യഹ്‌യ ഇസ്രായേലിന്റെ കണ്ണിലെ കരടായി മാറിയതിൽ അതിശയിക്കാനൊന്നുമില്ല. 'ഞാൻ നടന്നാണ് പോകുന്നത്, കൊല്ലണമെങ്കിൽ കൊല്ലാം' എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് പോയ യഹ്‌യ സിൻവാർ എന്ന ഹമാസ് പോരാളി ഫലസ്തീനികൾക്ക് സ്വന്തം മണ്ണിൽ ഉറച്ചുനിൽക്കാനുള്ള ആത്മവിശ്വാസമാണ് പകർന്നുനല്കിയത്. അന്ന് ഗസ്സ തെരുവുകളിൽ അലഞ്ഞുതിരിഞ്ഞ് പൊതുജനങ്ങൾക്കൊപ്പം സെൽഫി എടുത്ത ശേഷമാണ് യഹ്‌യ പിരിഞ്ഞത്.

"അടിച്ചമർത്തലിലും അപമാനത്തിലും മരിക്കുന്നതിനേക്കാൾ രക്തസാക്ഷികളായി മരിക്കുന്നതാണ് ഞങ്ങൾക്ക് നല്ലത്", ഞങ്ങൾ മരിക്കാൻ തയ്യാറാണ്, പതിനായിരക്കണക്കിന് ആളുകൾ ഞങ്ങളോടൊപ്പം മരിക്കും": യഹ്‌യ സിൻവാറിന്റെ ഈ വാക്കുകളാണ് ഹമാസിന്റെ ഊർജമായി കണക്കാക്കുന്നത്. ഇത് തന്നെയാണ് ഇസ്രായേലിന്റെ തടസവും. ഹമാസിന്റെ തുരങ്കങ്ങളിലെവിടെയോ യഹ്‌യ സിൻവാർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് ഇസ്രായേലിന്റെ വാദം. തുരങ്കങ്ങൾ ഓരോന്നായി തകർത്തെന്ന് അവകാശപ്പെടുമ്പോഴും ഹമാസിന്റെ കേന്ദ്രം പോലും കണ്ടെത്താൻ ഇസ്രായേലിനായിട്ടില്ലെന്ന് റിപ്പോർട്ടുകളുണ്ട്.

TAGS :

Next Story