പാരീസ് ചർച്ചകളിൽ രൂപം നൽകിയ പുതിയ വെടിനിർത്തൽ നിർദേശം; ഹമാസ് നിലപാട് നിർണായകം
നിർദേശം പഠിച്ചുവരികയാണെന്നും ചർച്ചകൾക്കായി കെയ്റോയിലെത്തുമെന്നും ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ വ്യക്തമാക്കി
പ്രതീകാത്മക ചിത്രം
തെല്‍ അവിവ്: പാരീസ് ചർച്ചകളിൽ രൂപം നൽകിയ പുതിയ വെടിനിർത്തൽ നിർദേശത്തിൽ ഹമാസ് നിലപാട് നിർണായകം. നിർദേശം പഠിച്ചുവരികയാണെന്നും ചർച്ചകൾക്കായി കെയ്റോയിലെ ത്തുമെന്നും ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ വ്യക്തമാക്കി. ഗസ്സയിൽ നിന്ന് പിൻമാറില്ലെന്നും ആയിരക്കണക്കിന് ഫലസ്തീൻ തടവുകാരെ കൈമാറില്ലെന്നും നെതന്യാഹു പറഞ്ഞു. ചർച്ചകളിൽ ആശാവഹമായ പുരോഗതിയെന്ന് ഖത്തറും ഈജിപ്തും അമേരിക്കയും അറിയിച്ചു.അതിനിടയില്‍ ഗസ്സയിൽ യുനർവ ഫണ്ട് തടഞ്ഞ നടപടി പുനഃപരിശോധിച്ചേക്കുമെന്ന സൂചന നൽകി യു.എൻ രക്ഷാസമിതിയിൽ അമേരിക്ക. യു.എസ് സൈനികരുടെ കൊലയിലെ പ്രതികാരം കരുതലോടെ മതിയെന്ന തീരുമാനത്തിലാണ് അമേരിക്കൻ പ്രസിഡന്‍റ് ബൈഡൻ.
ബന്ദികളുടെ മോചനം ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ നിർദേശത്തോട് ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ദീർഘകാല വെടിനിർത്തൽ ഉൾപ്പെടെയുള്ള നിർദേശങ്ങൾ അംഗീകരിക്കുമെങ്കിലും ഗസ്സയിൽ യുദ്ധം അവസാനിപ്പിക്കില്ലെന്നാണ് സൈനിക, രാഷ്ട്രീയ നേതാക്കൾ വ്യക്തമാക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ചയാണ് വെടിനിർത്തൽ നിർദേശം ലഭിച്ചതെന്ന് ഹമാസ് നേതൃത്വം അറിയിച്ചു. ഇസ്രായേൽ സൈനികനീക്കം അവസാനിപ്പിക്കലും ഗസ്സയിൽനിന്ന് അവരുടെ സമ്പൂർണ പിന്മാറ്റവുമാണ് ഹമാസിന്‍റെ ആദ്യ പരിഗണനയെന്നും ഇസ്മാഈൽ ഹനിയ്യ പറഞ്ഞു. ഗസ്സയിൽ നിന്നുള്ള സൈനിക പിൻമാറ്റത്തിൽ ഉറച്ചു നിൽക്കുന്നതായി ഇസ്‍ലാമിക് ജിഹാദ് നേതാക്കൾ അറിയിച്ചു.
പാരിസിൽ നടന്ന ചർച്ചകളിലാണ് വെടിനിർത്തൽ നിർദേശങ്ങൾക്ക് രൂപം നൽകിയത്. 45 ദിവസത്തേക്കുള്ള വെടിനിർത്തലാണ് പ്രധാന നിർദേശം. 35 ബന്ദികളെ ഒന്നാം ഘട്ടത്തിൽ വിട്ടയക്കുമ്പോൾ പകരം 4000ത്തോളം ഫലസ്തീനികളെയും വിട്ടയക്കാമെന്ന് ഇസ്രായേൽ സമ്മതിച്ചതായാണ് വിവരം. വെടിനിർത്തൽ അവസാനിക്കുന്നതോടെ ഹമാസിനെതിരെ സൈനികനീക്കം തുടരുമെന്ന് ഇസ്രായേൽ പറയുമ്പോള്‍ അത് അംഗീകരിക്കില്ലെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്. നെതന്യാഹുവിന്റെ കടുത്ത നിലപാടും വെടിനിർത്തൽ ചർച്ചകൾക്ക് തിരിച്ചടിയാണ്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ അടുത്ത ദിവസം ഇസ്രായേലിൽ എത്തി നെതന്യാഹുവുമായും സൈനിക മേധാവികളുമായും ചർച്ച നടത്തും. അമേരിക്കൻ നേതാക്കളമായുള്ള ചർച്ചക്കായി സ്ട്രാറ്റജിക് കാര്യങ്ങൾക്കുള്ള ഇസ്രായേൽ മന്ത്രി വാഷിങ്ടണിലേക്ക് തിരിച്ചു. ഗസ്സയിൽ മാത്രമല്ല വെസ്റ്റ് ബാങ്കിലും ഇസ്രായേൽ സൈന്യം ഫലസ്തീൻ കുരുതി തുടരുകയാണ്. ജെനിനിലെ ആശുപത്രിയിൽ ഡോക്ടർമാരുടെയും സ്ത്രീകളുടെയും വേഷമണിഞ്ഞ് ഇരച്ചുകയറിയ ഇസ്രായേൽ സൈന്യം കാലുകൾ തളർന്ന് ചികിത്സയിലായിരുന്ന യുവാവിനെയും സഹോദരനെയും സുഹൃത്തിനെയുമാണ് ഇന്നലെ വധിച്ചത്. ഗസ്സയിൽ 24 മണിക്കൂറിനിടെ 114 പേരെ ഇസ്രായേൽ സൈന്യം വധിച്ചു. 249 പേർക്ക് പരിക്കേറ്റു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 26,751 ആയി.
ഗസ്സയിൽ യു.എൻ അഭയാർഥി ഏജൻസിക്കെതിരായ ആരോപണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് അമേരിക്കആവശ്യപ്പെട്ടു. അതേ സമയം ഗസ്സയിലേക്കുള്ള മാനുഷിക സഹായം തടസപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് നിലപാടെന്നും യു.എൻ രക്ഷാസമിതിക്കു മുമ്പാകെ അമേരിക്കൻ സംഘം വ്യക്തമാക്കി. അമേരിക്കക്കൊപ്പം വിവിധ രാജ്യങ്ങൾ യുനർവക്കുള്ള ഫണ്ട് തടഞത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജോർദാൻ,സിറിയ അതിർത്തിയൽ 3 യു.എസ് സൈനികരുടെ വധത്തിനിടയാക്കിയ ഡ്രോൺ ആക്രമണത്തിനുള്ള തിരിച്ചടി കരുതലോടെ മാത്രമെന്ന് സൂചന നൽകി യു.എസ് നേതൃത്വം. മേഖലായുദ്ധം ആഗ്രഹിക്കുന്നില്ലെന്നും തിരിച്ചടി ഘട്ടം ഘട്ടമെന്നും വൈറ്റ്ഹൗസ് പ്രതികരിച്ചു.
Adjust Story Font
16