‘ഗസ്സയിൽ വെടിനിർത്തലിനായി ട്രംപ് ഇടപെടണം’; ബന്ദിയുടെ വിഡിയോ പുറത്തുവിട്ട് ഹമാസ്
തന്നെ തിരികെ എത്തിക്കാൻ ഇസ്രായേൽ സർക്കാർ നടപടിയെടുക്കണമെന്ന് വിഡിയോയിൽ ഏദൻ ആവശ്യപ്പെടുന്നുണ്ട്
ഗസ്സ സിറ്റി: തങ്ങളുടെ കൈവശമുള്ള ബന്ദിയുടെ പുതിയ വിഡിയോ പുറത്തുവിട്ട് ഹമാസ്. 20കാരനായ ഏദൻ അലക്സാണ്ടറിെൻറ വിഡിയോയാണ് പുറത്തുവിട്ടത്. അമേരിക്കൻ-ഇസ്രായേൽ പൗരത്വമുള്ള ഇയാൾ ഗസ്സ അതിർത്തിയിൽ സൈനിക സേവനത്തിലിരിക്കെയാണ് ഒക്ടോബർ ഏഴിന് ബന്ദിയാക്കപ്പെടുന്നത്.
മൂന്നര മിനിറ്റ് നീണ്ടുനിൽക്കുന്ന വിഡിയോയിൽ തന്നെ തിരികെ എത്തിക്കാൻ ഇസ്രായേൽ സർക്കാർ നടപടിയെടുക്കണമെന്ന് ഏദൻ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ തങ്ങളെ മോചിപ്പിക്കുന്നതിനായി നടപടിയെടുക്കാൻ നിയുക്ത അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
തടവിൽ കഴിയുന്ന ബന്ദികളെ അവഗണിച്ചതിൽ നിരാശയുണ്ടെന്ന് ഏദൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് പറഞ്ഞു. ഭയവും ഒറ്റപ്പെടലും ഞങ്ങളെ കൊല്ലുകയാണ്. ഞങ്ങളെ മറക്കരുത്. സർക്കാർ ചെയ്ത തെറ്റിന് ഞങ്ങൾ വിലകൊടുക്കുന്നത് യുക്തിക്ക് നിരക്കാത്തതാണ്. എല്ലാ ദിവസവും ജനം തെരുവിലിറങ്ങി സർക്കാരിനെ സമ്മർദ്ദത്തിലാക്കണമെന്നും അലക്സാണ്ടർ പറഞ്ഞു.
ഞങ്ങളുടെ സ്വാതന്ത്ര്യത്തിനായി ചർച്ച നടത്താൻ നിങ്ങളുടെ സ്വാധീനവും അമേരിക്കയുടെ മുഴുവൻ ശക്തിയും ഉപയോഗിക്കണമെന്നും ട്രംപിനോട് വിഡിയോയിൽ അഭ്യർഥിക്കുന്നുണ്ട്. യുഎസ് പ്രസിഡൻറ് ജോ ബൈഡൻ ചെയ്ത തെറ്റുകൾ താങ്കൾ ആവർത്തിക്കരുത്. അദ്ദേഹം അയച്ച ആയുധങ്ങൾ ഇപ്പോൾ ഞങ്ങളെ കൊല്ലുകയാണ്. നിയമവിരുദ്ധമായ ഉപരോധം ഞങ്ങളെ പട്ടിണിക്കിടുന്നു. എെൻറ സഹ യുഎസ് പൗരനായ ഗോൾഡ്ബെർ പോളിനെപ്പോലെ മരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അലക്സാണ്ടർ പറയുന്നു.
വിഡിയോ പുറത്തുവന്നതോടെ പ്രതികരണവുമായി അലക്സാണ്ടറുടെ മാതാവ് യീൽ അലക്സാണ്ടർ രംഗത്തുവന്നു. ബന്ദികളെ വീട്ടിലെത്തിക്കാനുള്ള സാഹചര്യങ്ങൾ ഒരുങ്ങിയിട്ടുണ്ടെന്ന് നെതന്യാഹു തന്നെ ഫോണിൽ വിളിച്ച് അറിയിച്ചതായി അവർ പറഞ്ഞു. തെൽ അവീവിൽ നടന്ന പ്രതിഷേധ പരിപാടിയിലായിരുന്നു യീലിെൻറ പ്രസ്താവന.
ഇതൊരു ഹോളിവുഡ് സിനിമയല്ല. 421 ദിവസമായി ഞങ്ങൾ മോശം സ്വപ്നത്തിലൂടെയാണ് കടന്നുപോകുന്നത്. പുതിയ വിഡിയോ എന്നെയും കുടുംബത്തെയും ഞെട്ടിപ്പിച്ചിട്ടുണ്ട്. ഇത് പ്രതീക്ഷ നൽകുന്നതാണെങ്കിലും ഏദെൻറയും മറ്റുള്ളവരുടെയും അവസ്ഥ എത്ര മോശമാണെന്ന് കാണിച്ചുതരുന്നുണ്ടെന്നും അവർ പറഞ്ഞു.
ബന്ദികളെ എത്രയും പെട്ടെന്ന് തിരികെയെത്തിക്കണമെന്ന് യീൽ അലക്സാണ്ടർ നെതന്യാഹുവിനോട് അപേക്ഷിക്കുകയും ചെയ്തു. ബൈഡനും ട്രംപും ചേർന്ന് ബന്ദി മോചനത്തിനായി കരാറിലെത്താൻ പരിശ്രമിക്കണമെന്ന് ഏദെൻറ മാതാപിതാക്കളായ യീലും ആദിയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലും ആവശ്യപ്പെട്ടു.
Adjust Story Font
16