‘ഞങ്ങളെ മോചിപ്പിക്കാൻ സാധിക്കുന്നില്ലെങ്കിൽ രാജിവെച്ച് വീട്ടിൽ ഇരിക്കണം’; ഇസ്രായേലി ബന്ദിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്
നെതന്യാഹുവിൻ്റെ ഔദ്യോഗിക വസതിക്ക് പുറത്ത് നൂറുകണക്കിന് ഇസ്രായേലികൾ പ്രതിഷേധവുമായി തടിച്ചുകൂടി
ജെറുസലേം: ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വീഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്. ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം പുറത്തുവരുന്നത്. വിഡിയോ പുറത്തുവന്നതോടെ ജെറുസലേമിൽ വീണ്ടും പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. ഹമാസിന്റെ കൈവശമുള്ള തടവുകാരെ മോചിപ്പിക്കാൻ സർക്കാർ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഹമാസ് ബന്ദികളാക്കിയവരെ ഇസ്രായേൽ സർക്കാർ കൈവിട്ടുവെന്ന് ഗോൾഡ്ബെർഗ് പോളിൻ വിഡിയോയിൽ ആരോപിച്ചു. ഇസ്രായേലിൻ്റെ ബോംബാക്രമണത്തിൽ 70 തടവുകാർ കൊല്ലപ്പെട്ടതായും അദ്ദേഹം പറയുന്നുണ്ട്. നിങ്ങൾ കുടുംബത്തോടൊപ്പം വിരുന്ന് നടത്തുമ്പോൾ, വെള്ളമോ ഭക്ഷണമോ വെളിച്ചമോ ഇല്ലാതെ ഭൂഗർഭ നരകത്തിൽ ബന്ദികളാക്കിയ ഞങ്ങളെക്കുറിച്ച് ചിന്തിക്കണം. 200 ദിവസമായി ഞങ്ങളെ ഉപേക്ഷിച്ചതിന് നിങ്ങൾ സ്വയം ലജ്ജിക്കണം. ഇസ്രായേലിന് ഈ ദൗത്യം പൂർത്തീകരിക്കാൻ കഴിയുന്നില്ലെങ്കിൽ നേതൃത്വം രാജിവെച്ച് വീടുകളിൽ ഇരിക്കണമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്.
എപ്പോഴാണ് വിഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. അതേസമയം, തിങ്കളാഴ്ച ആരംഭിച്ച പെസഹാ അവധിക്കാലം സംബന്ധിച്ച് പരാമർശിക്കുന്നുണ്ട്. കൂടാതെ ഇയാളുടെ ഇടത് കയ്യിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതായും വിഡിയോയിൽ കാണാം.
23കാരനായ ഗോൾഡ്‌ബെർഗ് പോളിൻ ട്രൈബ് ഓഫ് നോവ സംഗീതോത്സവത്തിൽ പങ്കെടുക്കുമ്പോഴാണ് ഹമാസിന്റെ ആക്രമണം ഉണ്ടാകുന്നത്. ഗ്രനേഡ് ആക്രമണത്തിലാണ് ഇയാളുടെ കയ്യിന്റെ ഭാഗം നഷ്ടമായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഹമാസിന്റെ കൈവശമുള്ള ബന്ദികളിൽ ഏറെ പ്രശസ്തനായ വ്യക്തിത്വമാണ് പോളിൻ. ഇസ്രായേലിലുടനീളം അദ്ദേഹത്തിൻ്റെ ചിത്രമുള്ള പോസ്റ്ററുകൾ പ്രതിഷേധക്കാർ പതിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മാതാവ് റേച്ചൽ ഗോൾഡ്‌ബെർഗ് ലോക നേതാക്കളെ കാണുകയും ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്യുകയും ചെയ്തിട്ടുണ്ട്.
മകനെ ജീവനോടെ കണ്ടതിൽ തങ്ങൾ ആശ്വസിക്കുന്നുവെന്നും എന്നാൽ അദ്ദേഹത്തിൻ്റെ ആരോഗ്യത്തെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും മറ്റു ബന്ദികളെക്കുറിച്ചും ആശങ്കയുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു. ഞങ്ങളെ എല്ലാവരെയും നമ്മുടെ പ്രിയപ്പെട്ടവരുമായി വീണ്ടും ഒന്നിപ്പിക്കാനും ഈ ദുരിതം അവസാനിപ്പിക്കാനും വെടിനിർത്തൽ കരാറുണ്ടാക്കണമെന്ന് പിതാവ് ജോൺ പോളിൻ പറഞ്ഞു. അമേരിക്കയിൽ ജനിച്ച ഗോൾഡ്‌ബെർഗ് പോളിൻ കുടുംബത്തോടൊപ്പം ഇസ്രായേലിലേക്ക് താമസം മാറ്റുകയായിരുന്നു.
ഹമാസിൻ്റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ ബുധനാഴ്ച സെൻട്രൽ ജറുസലേമിലെ നെതന്യാഹുവിൻ്റെ ഔദ്യോഗിക വസതിക്ക് പുറത്ത് നൂറുകണക്കിന് ഇസ്രായേലികൾ പ്രതിഷേധവുമായി തടിച്ചുകൂടി. തങ്ങളുടെ ബന്ധുക്കളെ മോചിപ്പിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സർക്കാർ വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്ന് ബന്ദികളുടെ കുടുംബങ്ങൾ ആരോപിച്ചു. ബന്ദികളെ തിരിച്ചുകൊണ്ടുവരാനുള്ള കരാർ ഉണ്ടാക്കാൻ സർക്കാറിനോട് ഇവർ ആവശ്യപ്പെട്ടു. പലരുടെയും കൈവശം ഗോൾഡ്‌ബെർഗ്-പോളിൻ്റെ ചിത്രമടങ്ങിയ പോസ്റ്ററുകളുണ്ടായിരുന്നു. കൂടാതെ പ്രതിഷേധക്കാരിൽ ചിലർ കാർഡ്ബോർഡ് പെട്ടികൾ കത്തിക്കുകയും ചെയ്തു.
‘അവന്റെ ജീവനിൽ ഞങ്ങൾക്ക് ഭയമുണ്ട്. അതിനാലാണ് ഞങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തത്. അവനെയും മറ്റെല്ലാവരെയും എത്രയും വേഗം തിരികെ കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യാൻ സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു’- മാർച്ചിൽ പങ്കെടുത്ത നിമ്രോദ് മാഡ്രർ പറഞ്ഞു. എല്ലാവരെയും വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരൂ എന്ന മുദ്രാവാക്യവും പ്രതിഷേധ മാർച്ചിൽ മുഴങ്ങി. കൂടാതെ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗെവിറിനെതിരെയും പ്രതിഷേധക്കാർ രംഗത്തുവന്നു. അദ്ദേഹത്തിന്റെ കാറിന് നേരെയുണ്ടായ ആക്രമണ ശ്രമം പൊലീസ് തടഞ്ഞു.
ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തിന് പിന്നാലെ 250ഓളം പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. നിലവിൽ നൂറിലധികം തടവുകാർ ഹമാസിന്റെ കൈവശമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൂടാതെ 30ഓളം പേർ മരിച്ചതായും കണക്കാക്കുന്നു. ബാക്കിയുള്ളവരെ നവംബറിലെ കരാർ പ്രകാരം മോചിപ്പിച്ചു.
Adjust Story Font
16