സൈന്യം ഗസ്സ വിടാതെ വെടിനിർത്തൽ സാധ്യമാകിലെന്ന് ഹമാസ്; തീരുമാനം കൈക്കൊള്ളാതെ ചർച്ച
സൈന്യത്തെ പൂർണമായും പിൻവലിച്ചു കൊണ്ടുള്ള വെടിനിർത്തലിനെ ബെന്യാമിൻ നെതന്യാഹു എതിർക്കുന്നതാണ് ഇക്കുറിയും വെടിനിർത്തൽ ചർച്ചക്ക് തിരിച്ചടിയായത്
തെൽ അവീവ്: ഗസ്സയിൽ താൽക്കാലിക വെടിനിർത്തലുമായി ബന്ധപ്പെട്ട പുതിയ നിർദേശത്തിലുള്ള പ്രതികരണം മധ്യസ്ഥ രാജ്യങ്ങളെ അറിയിക്കുമെന്ന് ഹമാസ്. ഗസ്സയിൽ നിന്ന് സൈന്യം പൂർണമായും പിൻമാറാതെ ചർച്ചക്കില്ലെന്ന പ്രഖ്യാപിത നിലപാടിൽ മാറ്റമില്ലെന്നും ഹമാസ് സീനിയർ നേതാവ് സമി അബൂ സുഹ്രി പറഞ്ഞു. വടക്കൻ ഗസ്സയിൽ ഇസ്രായേലിൻറെ ഉപരോധവും ആക്രമണവും ഉടൻ അവസാനിപ്പിക്കാൻ അന്തർദേശീയ സമൂഹം ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
പിന്നിട്ട രണ്ടു ദിവസങ്ങളിലായി ദോഹയിൽ നടന്ന വെടിനിർത്തൽ ചർച്ച തീരുമാനം കൈക്കൊള്ളാതെ പിരിഞ്ഞു. ദോഹയിൽ ചർച്ചക്കെത്തിയ ഇസ്രായേൽ പക്ഷത്തെ മുതിർന്ന അംഗം ബ്രിഗേഡിയർ ജനറൽ ഒറെൻ സെറ്റർ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ചർച്ചകളിൽ പുരോഗതിയില്ലാത്തതാണ് രാജിക്ക് കാരണമെന്നാണ് റിപ്പോർട്ട്. ഒരു വർഷം പിന്നിട്ടിട്ടും ബന്ദികളെ മോചിപ്പിക്കുന്നതുൾപ്പെടെ യുദ്ധലക്ഷ്യം നേടുന്നതിൽ പരാജയപ്പെട്ട ഇസ്രയേൽ വടക്കൻ ഗസ്സയിലും മറ്റും സിവിലിയൻ കേന്ദ്രങ്ങൾക്കു നേരെ കൊടും ക്രൂരത തുടരുകയാണ്. ഇന്നലെ മാത്രം 143 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഇതിൽ 110 മരണവും വടക്കൻ ഗസ്സയിലെ ബൈത് ലഹിയയിൽ ആണ്. ഇവിടെ അഭയാർഥികൾ തിങ്ങിതാമസിക്കുന്ന കെട്ടിടങ്ങളിൽ ഇസ്രായേൽ ബോംബാക്രമണം നടത്തുകയായിരുന്നു. മൂന്നാഴ്ചയിലേറെയായി പ്രദേശത്ത് ഉപരോധവും ആക്രമണവും തുടരുകയാണ് ഇസ്രായേൽ.
അതേ സമയം പ്രദേശത്ത് ഹമാസ് നടത്തിയ ചെറുത്തുനിൽപ്പിൽ നാല് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. അതിനിടെ, ഹസൻ നസ്‌റുല്ലയുടെ പിൻഗാമിയായി ഹിസ്ബുല്ല തെരഞ്ഞെടുത്ത പുതിയ മേധാവി നഈം ഖാസിമിനെയും വധിക്കുമെന്ന് ഇസ്രാെേയൽ മുന്നറിയിപ്പ് നൽകി. നഈം കാസിമിൻറേത് താൽക്കാലിക നിയമനം മാത്രമാണെന്നും അധികകാലം പദവിയിൽ തുടരില്ലെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറ് പറഞ്ഞു. അതിനിടെ, ഫലസ്തീൻ ജനതക്ക് അന്നമൂട്ടുന്ന യു.എൻ അഭയാർഥി ഏജൻസിയെ ഭീകരമുദ്ര ചാർത്തി നിരോധിച്ച ഇസ്രായേൽ നടപടി തിരുത്തണമെന്ന് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ആവശ്യപ്പെട്ടു. അറബ്, മുസ്‌ലിം രാജ്യങ്ങളും ഫലസ്തീൻ കൂട്ടായ്മകളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഗസ്സയിൽ മാത്രം 13,000 ജീവനക്കാരുമായി പ്രവർത്തിക്കുന്ന സംഘടനക്ക് വിലക്ക് പ്രാബല്യത്തിൽ വരുന്നതോടെ ഓഫിസ് പ്രവർത്തിപ്പിക്കാനോ അഭയാർഥികൾക്ക് സേവനം നൽകാനോ അനുമതിയുണ്ടാകില്ല.
Adjust Story Font
16