Quantcast

ഹനിയ്യയെ വധിച്ചത് ഹ്രസ്വദൂര പ്രൊജക്ടൈൽ ഉപയോ​ഗിച്ചെന്ന് ഇറാൻ; ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥരടക്കം 12 പേർ അറസ്റ്റിൽ

യു.എസ് സർക്കാരിൻ്റെ പിന്തുണയോടെയാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്നും ഐ.ആർ.ജി.സി ആരോപിച്ചു

MediaOne Logo

Web Desk

  • Updated:

    2024-08-03 16:18:52.0

Published:

3 Aug 2024 3:26 PM GMT

Haniyeh killed by ‘short-range projectile’ fired from outside home Says IRGC
X

തെഹ്റാൻ: ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ ഇസ്മാഈൽ ഹനിയ്യയെ വധിച്ചത് ഹ്രസ്വദൂര പ്രൊജക്ടൈൽ ഉപയോ​ഗിച്ചെന്ന് ഇറാൻ. തെഹ്‌റാനിൽ അദ്ദേഹം താമസിച്ച ഗസ്റ്റ് ഹൗസിനു പുറത്തുനിന്ന് ഏഴ് കിലോഗ്രാം സ്ഫോടകവസ്തുക്കളടങ്ങിയ ഷോർട്ട് റേഞ്ച് പ്രൊജക്‌ടൈൽ ഉപയോഗിച്ചാണ് ഹനിയ്യയെ കൊലപ്പെടുത്തിയതെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐ.ആർ.ജി.സി) അറിയിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

യു.എസ് സർക്കാരിൻ്റെ പിന്തുണയോടെയാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്നും ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഐ.ആർ.ജി.സി ആരോപിച്ചു. 'ഹനിയ്യക്കെതിരായ ആക്രമണം അദ്ദേഹം താമസിച്ച ഗസ്റ്റ് ഹൗസിന്റെ പുറത്തുനിന്ന് ഏകദേശം 15.4 പൗണ്ട് (ഏഴ് കിലോ) തൂക്കം വരുന്ന സ്‌ഫോടക വസ്തുക്കളടങ്ങിയ ഒരു ഹ്രസ്വദൂര പ്രൊജക്ടൈൽ വിക്ഷേപിച്ചാണെന്ന് ഇതുവരെ നടത്തിയ അന്വേഷണങ്ങളിൽ വ്യക്തമായി'- ഐ.ആർ.ജി.സി പറഞ്ഞു.

ഹനിയ്യയുടെ കൊലപാതകത്തിന് ഇസ്രായേലിന് യഥാസമയത്തും കൃത്യസ്ഥലത്തുവച്ചും കഠിനമായ ശിക്ഷ ലഭിക്കുമെന്നും റെവല്യൂഷണറി ഗാർഡ് കൂട്ടിച്ചേർത്തു. നേരത്തെ, ഹനിയ്യ കൊല്ലപ്പെട്ടത് മുൻപ് സ്ഥാപിച്ച ബോംബുകള്‍ പൊട്ടിത്തെറിച്ചാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ദൃക്‌സാക്ഷികള്‍ രം​ഗത്തെത്തിയിരുന്നു. ഹനിയ്യ താമസിച്ച മുറി ലക്ഷ്യമാക്കി പുറത്തുനിന്ന് എത്തിയ മിസൈല്‍ പതിച്ചാണ് മരണം സംഭവിച്ചതെന്നാണ് അവർ പറഞ്ഞത്. തെഹ്‌റാനിലെ ഗസ്റ്റ് ഹൗസില്‍ ഹനിയ്യയുടെ അടുത്ത മുറികളില്‍ താമസിച്ചവരാണ് അന്താരാഷ്ട്ര മാധ്യമമായ 'മിഡിലീസ്റ്റ് ഐ'യോട് സംഭവത്തെ കുറിച്ചുവിവരിച്ചത്.

വന്‍ സ്‌ഫോടനത്തില്‍ കെട്ടിടം കിടുങ്ങുകയായിരുന്നുവെന്ന് ഹനിയ്യയുടെ മുറിക്കു തൊട്ടരികില്‍ താമസിച്ച ഒരാള്‍ പറഞ്ഞു. ഇതിനുമുന്‍പ് തന്നെ ഉഗ്രശബ്ദം കേട്ടതായി അദ്ദേഹം വെളിപ്പെടുത്തി. മിസൈല്‍ ശബ്ദം പോലെയായിരുന്നു അത്. ബോംബ് പൊട്ടിത്തെറിച്ചതല്ല, മിസൈല്‍ തന്നെയാണെന്നു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തിനു പിന്നാലെ ഹനിയ്യയുടെ മുറിയുടെ മേല്‍ക്കൂരയും പുറത്തുനിന്നുള്ള ചുമരും തകര്‍ന്നിരുന്നതായി ഇതേ കെട്ടിടത്തില്‍ മറ്റു നിലകളില്‍ താമസിക്കുന്ന രണ്ടുപേര്‍ ചൂണ്ടിക്കാട്ടി.

ഹനിയ്യയെ നേരിട്ടു ലക്ഷ്യമിട്ട് എത്തിയ മിസൈല്‍ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് സംഭവത്തിനു പിന്നാലെ മുതിര്‍ന്ന ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യ തെഹ്‌റാനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ദൃക്‌സാക്ഷികളുടെ മൊഴികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. മേഖലയെ ഒരു യുദ്ധത്തിലേക്കു കൊണ്ടുപോകാന്‍ ഹമാസും ഇറാനും ലക്ഷ്യമിടുന്നില്ലെങ്കിലും ഹനിയ്യയുടെ കൊലയ്ക്കു പകരംവീട്ടുമെന്നും ഹയ്യ മുന്നറിയിപ്പ് നല്‍കി.

ബോംബ് സ്‌ഫോടനത്തിലാണ് ഹമാസ് നേതാവ് കൊല്ലപ്പെട്ടതെന്നാണ് കഴിഞ്ഞദിവസം ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. അത്യന്താധുനികമായ ബോംബ് ആണ് പൊട്ടിത്തെറിച്ചത്. രണ്ടു മാസം മുന്‍പ് തന്നെ തെഹ്‌റാനിലേക്ക് അതീവരഹസ്യമായി കടത്തിയ ബോംബ് ഹനിയ്യ താമസിച്ച മുറിക്കു താഴെ സ്ഥാപിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടിരുന്നു. ഇറാന്‍- യു.എസ് വൃത്തങ്ങളെ ഉദ്ധരിച്ചായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാൽ ഇതെല്ലാം തള്ളുന്നതാണ് ഐ.ആർ.ജി.സിയുടെ കണ്ടെത്തൽ.

അതേസമയം, കൊലപാതകത്തിന് ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് ഇറാനിയൻ ഏജൻ്റുമാരുടെ സേവനം ഉപയോഗിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഹനിയ്യയെ കൊലപ്പെടുത്താൻ ഇറാൻ റവല്യൂഷണറി ഗാർഡുകളെ മൊസാദ് വിലയ്‌ക്കെടുത്തെന്നാണ് കഴിഞ്ഞദിവസം ബ്രിട്ടീഷ് പത്രമായ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തത്. ഹനിയ്യയെ വധിക്കാൻ ഇറാനിയൻ സൈന്യത്തിലെ എലൈറ്റ് അൻസാർ അൽ-മഹ്ദി യൂണിറ്റിലെ അംഗങ്ങളെയും ഐ.ആർ.ജി.സി അം​ഗങ്ങളെയും മൊസാദ് നിയമിച്ചു എന്നാണ് ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇതിനിടെ, ഹനിയ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 12 പേരെ ഇറാൻ അറസ്റ്റ് ചെയ്തു. തെഹ്റാനിൽ ഹനിയ്യ താമസിച്ച സൈനിക നിയന്ത്രണത്തിലുള്ള ഗസ്റ്റ്ഹൗസിലെ ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും സ്റ്റാഫും ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. തലസ്ഥാനമായ തെഹ്‌റാനിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ജൂലൈ 31 ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനാണ് ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലെ ഗസ്റ്റ് ഹൗസിനുനേരെ നടന്ന ആക്രമണത്തില്‍ ഇസ്മാഈല്‍ ഹനിയ്യയും അംഗരക്ഷകനും കൊല്ലപ്പെടുന്നത്. പുതിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി തെഹ്‌റാനിലെത്തിയതായിരുന്നു അദ്ദേഹം. ഗസ്സയില്‍ വെടിനിര്‍ത്തലിനായി ഖത്തറിന്റെയും ഈജിപ്തിന്റേയും മധ്യസ്ഥതയില്‍ ഹമാസിനും ഇസ്രായേലിനും ഇടയില്‍ സുപ്രധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ലോകത്തെ ഞെട്ടിപ്പിച്ച സംഭവം.

പത്തു മാസത്തോളമായി ഗസ്സയില്‍ തുടരുന്ന ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാനായുള്ള സമാധാന ചര്‍ച്ചകളില്‍ മുഖ്യപങ്ക് വഹിച്ചയാള്‍ കൂടിയായിരുന്നു ഹനിയ്യ. തെഹ്റാനിൽനിന്ന് വ്യാഴാഴ്ച വൈകിട്ടോടെ ഖത്തറിലെത്തിച്ച മൃതദേഹം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ഖത്തറിലെ ലുസൈലില്‍ മയ്യിത്ത് ഖബറടക്കി. ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തില്‍ ഇസ്രായേൽ ഇതുവരെ പരസ്യമായി ഉത്തരവാദിത്തമൊഴിഞ്ഞിട്ടില്ല.

Read Alsoഹനിയ്യയുടെ മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്ത് ഖത്തര്‍ അമീറും പിതാവും; സാക്ഷിയാകാന്‍ വിദേശ പ്രമുഖരും



TAGS :

Next Story