Quantcast

‘നിർബന്ധിത സൈനിക സേവനം സാധ്യമല്ല’; ഇസ്രായേലിന് തലവേദനയായി ഹരേദി ജൂതൻമാർ

പ്രതിഷേധക്കാർ സൈനിക ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിച്ചു, പൊലീസുമായി ഏറ്റുമുട്ടൽ

MediaOne Logo

Web Desk

  • Updated:

    2024-07-17 05:08:15.0

Published:

17 July 2024 4:49 AM GMT

haredi jews
X

തെൽ അവീവ്: ഇസ്രായേലിൽ സർക്കാറിന് തലവേദന സൃഷ്ടിച്ച് ഹരേദി ജൂതൻമാരുടെ പ്രതിഷേധം. നിർബന്ധിത സൈനിക സേവനം നടപ്പാക്കുന്നതിനെതിരെയാണ് ഇസ്രായേലിലെ തീവ്ര ഓർത്തഡോക്സ് ജൂതൻമാരുടെ പ്രതിഷേധം ശക്തമായത്. മധ്യ ഇസ്രായേലിലെ ഹൈവേ തടഞ്ഞ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ചൊവ്വാഴ്ച വൈകീട്ട് ഏറ്റുമുട്ടലുണ്ടായി. ബ്നെയ് ബ്രേക്ക് നഗരത്തിന് സമീപത്തെ ഹൈവേ നാലാണ് ഹരേദി ജൂത വിഭാഗക്കാർ ഉപരോധിച്ചത്. തീവ്ര ഓർത്തഡോക്സ് ജൂതൻമാർ കൂടുതൽ താമസിക്കുന്ന പ്രദേശമാണിത്.

വലിയ പ്രതിഷേധങ്ങൾക്കിടയിലാണ് ഹരേദി ജൂത വിഭാഗക്കരെയും നിർബന്ധിത സൈനിക സേവനത്തിന് തെ​രഞ്ഞെടുക്കാൻ സർക്കാർ തീരുമാനിച്ചത്. വരുന്ന ഞായറാഴ്ച മുതൽ ഇവരെ സൈന്യത്തിൽ ഉൾപ്പെടുത്തുമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടയിലാണ് പ്രതിഷേധം വ്യാപകമായത്.

കഴിഞ്ഞ ദിവസം ഹരേദി യുവാക്കൾ രണ്ട് ഇസ്രായേലി സൈനിക ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ ആക്രമിച്ചിരുന്നു. നിങ്ങൾ കൊലപാതകികളാണെന്ന് ആ​ക്രോശിക്കുകയും കുപ്പികൾ കാറിന് നേരെ വലിച്ചെറിയുകയും ചെയ്തു. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

ഒക്ടോബർ ഏഴിന് ശേഷം ആരംഭിച്ച യുദ്ധത്തിൽ വലിയ ആൾക്ഷാമമാണ് ഇസ്രായേൽ സൈന്യം അനുഭവിക്കുന്നത്. ഗസ്സക്ക് പുറമെ വടക്കൻ ഇസ്രായേലിൽ ഹിസ്ബുല്ലയുടെ ഭാഗത്തുനിന്നും വലിയ ആക്രമണം ഇസ്രായേൽ നേരിടുന്നുണ്ട്. ഗസ്സയിൽ നിരവധി ​ഇസ്രായേലി സൈനികരാണ് യുദ്ധത്തിനിടെ കൊല്ലപ്പെട്ടത്. പതിനായിരത്തിന് മുകളിൽ സൈനികർക്ക് മാനസികവും ശാരീരികവുമായ പരിക്കേൽക്കുകയും ചെയ്തു. കൂടാതെ പലരും സൈന്യത്തോടൊപ്പം ചേരാനും യുദ്ധഭൂമിയിലേക്ക് പോകാനും മടിക്കുകയാണ്.

ഇതിന്റെ പശ്ചാത്തലത്തിലാണ് ഇസ്രായേലിലെ സുപ്രിംകോടതി ഹരേദി ജൂതൻമാരെയും നിർബന്ധിത സൈനിക സേവനത്തിൽ ഉൾപ്പെടുത്തണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ ഇത്തരക്കാർ പഠിക്കുന്ന മതസ്ഥാപനങ്ങൾക്കുള്ള സാമ്പത്തിക സഹായം നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

ഇസ്രായേൽ ജനസംഖ്യയുടെ 13 ശതമാനം വരും ഹരേദി ജൂതൻമാർ. ഇവരിൽപെട്ട ഏകദേശം 99 ലക്ഷം പേർ നിലവിൽ സൈനിക സേവനം അനുഷ്ഠിക്കുന്നില്ല. പകരം ഇവരുടെ ജീവിതം മതഗ്രന്ഥമായ തോറ പഠിക്കാനായി സമർപ്പിച്ചിരിക്കുകയാണ്.

18 വയസ്സിന് മുകളിലുള്ള എല്ലാവരും സൈന്യത്തിൽ സേവനമനുഷ്ഠിക്കണമെന്നാണ് ഇസ്രായേൽ നിയമം. പുരുഷൻമാർക്ക് 32 മാസവും സ്ത്രീകൾക്ക് 24 മാസവുമാണ് നിർബന്ധിത സൈനിക സേവനം.

എന്നാൽ, ഇതിൽനിന്ന് ഹരേദികളെ ഒഴിവാക്കിയത് പതിറ്റാണ്ടുകളായി തുടരുന്ന തർക്കവിഷയമാണ്. ഇതാണ് ഗസ്സ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രൂക്ഷമായിരിക്കുന്നത്. 21 ശതമാനം വരുന്ന അറബ് ന്യൂനപക്ഷവും സൈനിക സേവനത്തിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

പഠനം ഉപേക്ഷിച്ചവരെയടക്കം സൈന്യത്തിൽ ചേർക്കാനായി അധികൃതർ ജൂത സെമിനാരി തലവൻമാരുമായി ചർച്ചകൾ നടത്തിവരികയാണ്. സൈന്യത്തിൽ ഹരേദികൾക്ക് മാത്രമായി യൂനിറ്റ് ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. എന്നാൽ, സൈന്യത്തിലേക്കുള്ള റിക്രൂട്ട് അവഗണിക്കണമെന്ന് പല പുരോഹിതൻമാരും വിദ്യാർഥികളോട് നിർദേശിച്ചിട്ടുണ്ട്.

ഹരേദി വിഭാഗക്കാരെ ഇതിൽനിന്ന് ഒഴിവാക്കണമെന്ന് മതപുരോഹിതനായ മുൻ സെഫേർദി ചീഫ് റബ്ബി യിത്സാക് യോസഫ് അധികൃതരോട് ആവശ്യപ്പെട്ടു. തോറയുടെ പുത്രൻമാരായ പണ്ഡിതൻമാരെ സൈനിക സേവനത്തിൽനിന്ന് ഒഴിവാക്കണം. നിലവിൽ പഠനം നിർത്തിയവരെയും സൈന്യത്തിലേക്ക് അയക്കരുത്. അവിടെ പല മോശം കാര്യങ്ങളും നടക്കുന്നുണ്ട്. അതിനാൽ അങ്ങോട്ട് പോകാൻ പാടില്ലെന്നും യിത്സാക് യോസഫ് പറഞ്ഞു.

നിർബന്ധിത സൈനിക സേവനം നടപ്പാക്കിയാൽ ഇസ്രായേലിൽനിന്ന് കൂട്ടത്തോടെ രാജ്യംവിടുമെന്ന് ഇദ്ദേഹം നേരത്തേ സർക്കാറിന് മുന്നറിയിപ്പ് നൽകിയിരുന്നു. നിങ്ങൾ ജനങ്ങളെ സൈന്യത്തിൽ ചേരാൻ നിർബന്ധിച്ചാൽ എല്ലാവരും വിദേശത്തേക്ക് പോകുമെന്ന് യോസഫ് വ്യക്തമാക്കി. ‘ഞങ്ങൾ സ്വന്തമായി ടിക്കറ്റ് എടുക്കും. ഞങ്ങളെ സൈന്യത്തിലേക്ക് നിർബന്ധിക്കാനാകില്ല. സർക്കാറും ഇതിന് കൂട്ടുനിൽക്കുകയാണ്. മതപഠന സ്ഥാപനങ്ങൾ ഇല്ലെങ്കിൽ സൈന്യത്തിന് വിജയിക്കാനാകില്ലെന്ന് ഈ മതേതര ആളുകൾ മനസ്സിലാക്കണം’ -റബ്ബി യോസഫ് വ്യക്തമാക്കി.

2013ൽ യോസഫിന്റെ പിതാവും മുൻ ചീഫ് റബ്ബിയുമായ ഒവാഡിയ യോസഫും സമാന പ്രസ്താവന നടത്തിയിരുന്നു. സൈനിക സേവനത്തിന് നിർബന്ധിക്കുകയാണെങ്കിൽ ദൗർഭാഗ്യശാൽ നമുക്ക് ഇസ്രായേലിൽനിന്ന് പോകേണ്ടി വന്നേക്കാം എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

TAGS :

Next Story